രാമായണം മുഴുവൻ മനസിലായെന്ന് പറയുന്നവർ വിഡ്ഢികൾ, അവർ കള്ളം പറയുകയാണ്! വിമർശനങ്ങൾക്ക് മറുപടിയായി ആദിപുരുഷ് സംവിധായകൻ

രാമായണത്തെ ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രമാണ് ആദിപുരുഷ്. ജൂൺ 16 ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. പ്രേക്ഷരെ പൂർണമായും തൃപ്തിപ്പെടുത്താൻ ചിത്രത്തിനായിട്ടില്ലെന്നാണ് ലഭിക്കുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

വാൽമീകി രാമായണത്തിൽ നിന്ന് വ്യത്യസ്തമായിട്ടാണ് ഓം ഔട്ട് ആദിപുരുഷ് ഒരുക്കിയിരിക്കുന്നതെന്നാണ് ചിത്രത്തിനെ കുറിച്ച് ഉയരുന്ന ഒരു പ്രധാനവിമർശനം. കൂടാതെ രാവണനെ മോശമായി ചിത്രീകരിച്ചെന്നും പരാതികൾ ഉയരുന്നുണ്ട്. ചിത്രത്തിലെ ഹനുമാന്റെ ഡയലോഗിനെതിരെയുംപ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു.

ആദിപുരുഷിനെതിരെ വിമർശനം കനക്കുമ്പോൾ മറുപടിയുമായി സംവിധായകൻ ഓം റൗട്ട് രംഗത്ത് എത്തിയിരിക്കുകയാണ്. രാമായണം പൂർണമായും ആർക്കും മനസിലാക്കാൻ സാധിക്കില്ല, അങ്ങനെ അറിയാമെന്ന് പറയുന്നത് വിഡ്ഢികളാണെന്നാണ് സംവിധായകൻ പറയുന്നത്. രാമായണത്തിലെ യുദ്ധകാണ്ഡം എന്ന ഒരു ഭാഗം മാത്രമാണ് ആദിപുരുഷിൽ പറഞ്ഞതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

രാമായണം ആർക്കും പൂർണമായി മനസിലാക്കാൻ സാധിക്കില്ല. ഇനി ആരെങ്കിലും തനിക്ക് രാമായണം പൂർണമായും അറിയാമെന്ന് പറഞ്ഞാൽ അത് വലിയ തെറ്റാണ്. കാരണം അത്രയും കഴിവുള്ള ആരും തന്നെയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എനിക്കും നിങ്ങൾക്കും അറിയാവുന്ന രാമായണം ഒരു അണ്ണാന്റെ  സംഭാവന പോലെയാണ് -ഓം റൗട്ട് പറഞ്ഞു.

രാമായണത്തെക്കുറിച്ച്  മനസിലാക്കിയ ചെറിയ കാര്യങ്ങളാണ് സിനിമയിലൂടെ പറയാൻ ശ്രമിച്ചത്. ഞാൻ ടെലിവിഷനിൽ കണ്ടത് രാമായണത്തിന്റെ വലിയൊരു പതിപ്പാണ്. ആദിപുരുഷിൽ രാമായണത്തിന്റെ ഒരു പ്രത്യേകഭാഗം മാത്രമാണ് പറഞ്ഞത്. അതായത് യുദ്ധകാണ്ഡം. രാമായണം ആർക്കും പൂർണമായി മനസിലാക്കാൻ കഴിയാത്തത്ര വലുതാണ്. ഇനി രാമായണം മനസിലായി എന്ന് പറഞ്ഞാൽ അവർ വിഡ്ഢികളാണ്, അല്ലെങ്കിൽ അവർ കള്ളം പറയുകയാണ്.- സംവിധായകൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Only Fools claim to fully understand the Ramayana Says Adipurush director Om Raut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.