ചെന്നൈ: തിരുപ്പതി ലഡു വിവാദത്തിനിടെ തമാശ രൂപത്തിൽ അഭിപ്രായം പറഞ്ഞ നടൻ കാർത്തിയെ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും തെലുങ്ക് നടനുമായ പവൻ കല്യാൺ ശാസിച്ചതും കാർത്തി മാപ്പ് പറഞ്ഞും ഏറെ ചർച്ചയായ വിഷയമാണ്, കാർത്തി മാപ്പ് പറഞ്ഞതിന് പിന്നാലെ അതിനെ പ്രശംസിച്ച് പവൻ കല്യാൺ രംഗത്തെത്തിയിരുന്നു. എക്സിലാണ് പവൻ കല്യാൺ കാർത്തിയെ പ്രശംസിച്ചത്.
'കാർത്തി നിങ്ങൾ കാണിച്ച ബഹുമാനത്തെ ഞാൻ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു, തിരുപ്പതിയും അവിടെത്തെ ലഡുവും ദശലക്ഷക്കണക്കിന് ആളുകളുടെ വൈകാരികത വഹിക്കുന്ന ഒന്നാണ് അത്തരം വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത് നമുക്കെല്ലാവരുടെയും ആവശ്യമാണ്. ഇത് നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് ഞാൻ ആഗ്രഹിച്ചത് ഇതിന് പിന്നിൽ മറ്റ് ഒരു ഉദ്ദേശവുമില്ല. നിങ്ങൾ മനപൂർവമല്ല ഇത് ചെയ്തതെന്ന് ഞാൻ മനസിലാക്കുന്നു. അർപ്പണബോധവും കഴിവും ഉള്ള ശ്രദ്ധേയനായ നടൻ എന്ന നിലയിൽ നിങ്ങളോടുള്ള എന്റെ ആദരവ് ഞാൻ അറിയിക്കുന്നു', പവൻ കല്യാൺ കുറിച്ചു.
അദ്ദേഹത്തിന്‍റെ എക്സ് പോസ്റ്റിന് കമന്‍റുമായി കാർത്തിയും ചേട്ടൻ സൂര്യയും രംഗത്തെത്തിയിരുന്നു. 'നിങ്ങളുടെ ആശംസക്ക് നന്ദിയുണ്ട് സാർ' എന്നായിരുന്നു സൂര്യയുടെ കമന്‍റ്. സി. പ്രേംകുമാറിന്‍റെ സംവിധാനത്തിൽ കാർത്തിയും അരവിന്ദ് സ്വാമിയും പ്രധാനവേഷത്തിലെത്തുന്ന 'മെയ്യഴകൻ' സിനിമയുടെ തെലുങ്ക് പ്രി-റിലീസ് ചടങ്ങിനിടെയാണ് സംഭവം നടക്കുന്നത്. അവതാരക അപ്രതീക്ഷിതമായി ലഡുവിനെക്കുറിച്ച് കാർത്തിയോട് ചോദിക്കുന്നു. അതിനു മറുപടിയായി കാർത്തിയുടെ തമാശ രൂപേണയുള്ള വാക്കുകളാണ് പവൻ കല്യാണിനെ ചൊടിപ്പിച്ചത് 'നമുക്ക് ഇപ്പോൾ ലഡുവിനെക്കുറിച്ച് പറയേണ്ട, ലഡു ഒരു സെൻസിറ്റീവ് വിഷയമാണ്,' - എന്നായിരുന്നു കാർത്തിയുടെ മറുപടി.
പിന്നാലെ പവൻ കല്യാണിന്‍റെ ആരാധകരും വിഷയം ഏറ്റെടുക്കുകയായിരുന്നു. കാർത്തിക്കെതിരെ ട്രോളുകൾ നിറയുകയും ചെയ്തതോടെ കാർത്തി പവൻ കല്യാണിനോട് ക്ഷമാപണം നടത്തി. മറ്റൊന്നും ഉദ്ദേശിച്ചല്ല താൻ അത് പറഞ്ഞതെന്നും എന്തെങ്കിലും തെറ്റിധാരണയുണ്ടെങ്കിൽ ക്ഷമിക്കണം എന്നുമായിരുന്നു കാർത്തി എക്സിൽ കുറിച്ചത്. എന്നാൽ ഇത് തമിഴ്നാട്ടിലുള്ള കാർത്തിയുടെയും സൂര്യയുടെയും ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.