സ്‍പെയിനിൽ നികുതി വെട്ടിപ്പ് കേസിൽ പെട്ടിരിക്കുകയാണ് ലോകപ്രശസ്ത പോപ് ഗായിക ഷക്കീറ. രാജ്യത്തെ ടാക്സ് ഏജൻസിയാണ് താരത്തിനെതിരെ ആരോപണവുമായി എത്തിയത്. കുറ്റം തെളിഞ്ഞാൽ, താരത്തിന് എട്ട് വർഷത്തിലേറെ തടവ് ശിക്ഷ ലഭിച്ചേക്കാം.
നികുതി വെട്ടിപ്പ് ആരോപിച്ച് അവർക്കെതിരെ ഹരജി ലഭിച്ചതിന് പിന്നാലെ, സംസാരിച്ച് പ്രശ്നം ഒത്തുതീർക്കാൻ കോടതി അവസരം നൽകിയിരുന്നു. എന്നാൽ, ഷക്കീറ അതിന് വിസമ്മതിക്കുകയും വിചാരണ നേരിടാൻ തയ്യാറാവുകയുമായിരുന്നു. 2012– 14 കാലയളവിൽ ഷക്കീറ സമ്പാദിച്ച 14.7 ദശലക്ഷം ഡോളറിൽ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് സ്പാനിഷ് ടാക്സ് ഓഫീസിന്റെ ആരോപണം.
അവർക്ക് എട്ട് വർഷത്തിലേറെ തടവുശിക്ഷ വിധിക്കാൻ കോടതിയോട് ആവശ്യപ്പെടുമെന്ന ഭീഷണിയുമായി എത്തിയിരിക്കുകയാണ് സ്പാനിഷ് പ്രോസിക്യൂട്ടർമാർ. 45കാരിയായ പോപ് ഗായികയിൽ നിന്ന് 24 ദശലക്ഷം ഡോളർ പിഴയീടാക്കാനും കോടതിയോട് ആവശ്യപ്പെട്ടേക്കും. എന്തായാലും കേസിൽ വിചാരണ നടത്താനൊരുങ്ങുകയാണ് സ്പെയിനിലെ കോടതി.
'അവർ സ്വന്തം നിരപരാധിത്വം തെളിയിക്കാൻ ആഗ്രഹിക്കുന്നതായും, അതുകൊണ്ട്, വിഷയം നിയമത്തിനു വിടുകയാണെന്നു'മാണ് ഷക്കീറയുടെ പിആർ സ്ഥാപനം ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. സ്പാനിഷ് ടാക്സ് ഏജൻസി ആവശ്യപ്പെട്ട നികുതിപ്പണം ഷക്കീറ അടച്ചിട്ടുണ്ടെന്നും അതിൽ ഇനി കടമൊന്നുമില്ലെന്നും അവർ വ്യക്തമാക്കി.
കഴിഞ്ഞ ജൂണിലായിരുന്നു ഷക്കീറ എഫ്‌സി ബാഴ്‌സലോണ പ്രതിരോധതാരം ജെറാർഡ് പിക്വെയുമായുള്ള വേർപിരിയിൽ പ്രഖ്യാപിച്ചത്. ഇരുവർക്കുമായി രണ്ട് കുട്ടികളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.