‘ജിഹാദിയാണ്, നിങ്ങളുടെ കുഞ്ഞുങ്ങൾ ഭീകരന്മാരാകും’ -മുസ്തഫ രാജുമായുള്ള വിവാഹ വാർത്തയോട് ആളുകൾ പ്രതികരിച്ച വിധം വെളിപ്പെടുത്തി പ്രിയാമണി

ഭിനയവും സൗന്ദര്യവും ഒത്തിണങ്ങിയ തെന്നിന്ത്യൻ താരറാണി പ്രിയാമണി വിവാഹ ശേഷം സാമൂഹിക മാധ്യമത്തിൽ തനിക്കുനേരെയുണ്ടായ വിദ്വേഷ കമന്റുകളെ കുറിച്ച് സംസാരിച്ചു രംഗത്തു വന്നിരിക്കയാണ്.

തങ്ങളുടെ വ്യക്തി ജീവിതത്തിന്നിടയിലേക്ക് മറ്റുള്ളവർ മതം കലർത്തുന്നതിനെ പറ്റിയും ​പേഴ്സനൽ സ്​പേസിൽ പോലും വിദ്വേഷം കുത്തിവെക്കുന്നവരെക്കുറിച്ചുമുള്ള തുറന്നുപറച്ചിലാണ് പ്രിയാമണി നടത്തിയിരിക്കുന്നത്.

ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സു തുറന്നത്. തങ്ങൾക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളെ പോലും വെറുതെ വിടാത്ത മാനസിക രോഗ ബാധിതരായ ഒരു സമൂഹമാണ് നമുക്ക് ചുറ്റുമെന്ന് അവർ പറയുന്നു. എല്ലാവരുമില്ലെങ്കിലും മിക്കവരും ഈ കാലത്തും മറ്റുള്ളവരുടെ കാര്യത്തിൽ അതീവ തൽപരരാണ്. തന്റെ ദീർഘകാല പ്രണയത്തിനൊടുവിൽ 2016ലാണ് ദീർഘകാല കാമുകൻ മുസ്തഫ രാജുമായുള്ള വിവാഹനിശ്ചയം നടി പ്രഖ്യാപിച്ചത്.

എന്നാൽ വ്യത്യസ്ത മതവിശ്വാസങ്ങൾ കാരണം അവരുടെ പ്രണയം പെട്ടെന്ന് വിവാദത്തിലായി. ചിലർ അവരുടെ ജനിക്കാനിരിക്കുന്ന കുട്ടികൾ ‘തീവ്രവാദികൾ’ ആകുമെന്ന് വരെ പറഞ്ഞു.

2017ലെ അവരുടെ വിവാഹ ശേഷവും ഈ നിഷേധാത്മകത നിലനിന്നിരുന്നുവെന്ന് പ്രിയാമണി പറയുന്നു. ഫേസ്ബുക്കിൽ വിവാഹനിശ്ചയം അറിയിച്ചുകൊണ്ട് കുടുംബത്തിന്റെ സമ്മതത്തോടെ ഒരു സന്ദേശം പോസ്റ്റ് ചെയ്തതോടെ വിദ്വേഷ കമൻറുകളുടെ പ്രവാഹമായിരുന്നു. ‘ജിഹാദ്, മുസ്‍ലിം, നിങ്ങളുടെ കുട്ടികൾ തീവ്രവാദികളാകാൻ പോകുന്നു എന്നിങ്ങനെ എന്ന് ആളുകൾ നിരന്തരമായി തനിക്ക് സന്ദേശമയക്കുകയായിരുന്നുവെന്ന് അവർ അനുസ്മരിച്ചു.

‘ഇത് നിരാശാജനകമാണ്. എന്തിനാണ് മിശ്രവിവാഹ ദമ്പതികളെ ലക്ഷ്യമിടുന്നത്? ജാതിക്കും മതത്തിനും പുറത്ത് വിവാഹം കഴിച്ച നിരവധി മുൻനിര താരങ്ങളുണ്ട്. അവർ മതം നോക്കാതെ ഒരാളുമായി പ്രണയത്തിലായി. എന്തുകൊണ്ടാണ് ഇതിന് ചുറ്റും ഇത്രയധികം വിദ്വേഷം ഉള്ളതെന്ന് എനിക്ക് മനസ്സിലാകുന്നില്ല’.

അടുത്തിടെ നടന്ന ഒരു സംഭവവും പ്രിയാമണി പങ്കുവെച്ചു. ഈദിനെ കുറിച്ച് പോസ്റ്റ് ഇട്ടതിന് ശേഷം ആരോ താൻ ഇസ്‍ലാം സ്വീകരിച്ചെന്ന് ആരോപിച്ചു. ‘ഞാൻ മതം മാറിയോ എന്ന് നിനക്ക് എങ്ങനെ അറിയാം? അതെന്റെ തീരുമാനമാണ്’ അവർ മറുപടി പറഞ്ഞു.

‘ഞാൻ എന്തുകൊണ്ടാണ് നവരാത്രിക്ക് പോസ്റ്റ് ഇടാത്തതെന്ന് ആളുകൾ ചോദിക്കുന്നു. എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ല, പക്ഷേ ഇനി എന്നെ അത് ബാധിക്കില്ല. അത്തരം നിഷേധാത്മകതയിൽ ശ്രദ്ധ ചെലുത്തേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു. നമ്മൾ എന്തു പോസ്റ്റ് ചെയ്യണമെന്നു പോലും മറ്റുള്ളവർക്കാണ് ആശങ്ക’. തന്റെ ഈദ് പോസ്റ്റിനോടുള്ള വിദ്വേഷ കമന്റുകളെ സൂചിപ്പിച്ചുകൊണ്ട് പ്രിയാമണി പറഞ്ഞു.

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2017ലാണ് പ്രിയാമണിയും മുസ്തഫ രാജും വിവാഹിതരായത്. പ്രിയാമണി ബ്രാൻഡ് അംബാസഡറായും മുസ്തഫ ഇവന്റ് മാനേജരായും പ്രവർത്തിച്ച ഐ.പി.എൽ ടൂർണമെന്റിലാണ് അവരുടെ പ്രണയം മൊട്ടിട്ടത്. 2017ൽ ഇരുവരും ബംഗളൂരുവിൽ വിവാഹം രജിസ്റ്റർ ചെയ്തു.

Tags:    
News Summary - Priyamani reveals how people reacted to the news of her marriage with Mustafa Raj: 'You are a jihadi, your children will be terrorists'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.