നടി പ്രിയങ്ക ചോപ്രക്കും നടനും ഗായകനുമായ നിക് ജോനാസിനും 2022ൽ ആണ് മകൾ മാൽതി ജനിച്ചത്. സറോഗസിയിലൂടെയായിരുന്നു കുഞ്ഞിന്റെ ജനനം. മകളുടെ ജനനവുമായി ബന്ധപ്പെട്ട് പ്രിയങ്കക്ക് നേരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.
ഇപ്പോഴിതാ വാടക ഗർഭധാരണം തിരഞ്ഞെടുക്കാനുള്ള കാരണം വെളിപ്പെടുത്തുകയാണ് പ്രിയങ്ക . ആരോഗ്യപ്രശ്നത്തെ തുടർന്നാണ് കുഞ്ഞിനെ ഗർഭം ധരിക്കാൻ സാധിക്കാതിരുന്നതെന്നും മകൾ ജനിച്ചതിന് ശേഷമുളള ആളുകളുടെ വിമർശനങ്ങൾ വേദനിപ്പിച്ചുവെന്നും പ്രിയങ്ക ബ്രിട്ടീഷ് വോഗിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ആരോഗ്യപ്രശ്നത്തെ തുടർന്ന് എനിക്ക് ഗർഭം ധരിക്കാൻ കഴിഞ്ഞില്ല. അങ്ങനെയാണ് വാടക ഗർഭധാരണത്തിലേക്ക് എത്തിയത്. അങ്ങനെയൊരു വഴി ഉണ്ടായിരുന്നതിനാൽ ഞാൻ ഭാഗ്യവതിയാണ്. ഞങ്ങൾക്ക് വേണ്ടി വാടക ഗർഭധാരണത്തിന് തയാറായത് വളരെ നല്ലൊരു സ്ത്രീയായിരുന്നു. ഞങ്ങളുടെ കുഞ്ഞിനെ അവർ നല്ലത് പോലെ സംരക്ഷിച്ചു - പ്രിയങ്ക ചോപ്ര പറഞ്ഞു.
മാസം തികയുന്നതിന് മുൻപായിരുന്നു മകൾ ജനിച്ചത്. ഏകദേശം 100 ദിവസത്തോളം എൻ.ഐ.സി.യുവിൽ കിടന്നു. സറോഗസിയുടെ പേരിലൽ ഒരുപാട് വിമർശനങ്ങളും പരിഹാസവും കേൾക്കേണ്ടി വന്നു. റെഡിമെയ്ഡ് ആയി കിട്ടിയ കുഞ്ഞല്ലേ എന്നിങ്ങനെയുള്ള ആളുകളുടെ കമന്റുകൾ വളരെയധികം വേദനിപ്പിച്ചു. അതിനാൽ ഇതിൽ നിന്ന് മകളെ മാറ്റി നിർത്തുകയാണ്- പ്രിയങ്ക കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.