ഇന്ത്യൻ സിനിമരംഗത്തെ മിന്നും താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിൽ മാത്രമല്ല, ഹോളിവുഡിലും പ്രിയങ്ക കഴിവു തെളിയിച്ചിട്ടുണ്ട്. ഈ വർഷത്തെ ബി.ബി.സിയുടെ 100 സ്ത്രീകളുടെ പട്ടികയിൽ ഇടംപിടിച്ച ഏക ഇന്ത്യൻ വനിതയാണ് പ്രിയങ്ക.സിനിമയിൽ പ്രതിഫലത്തിന്റെ കാര്യത്തിൽ പുരുഷൻ താരങ്ങൾക്കും സ്ത്രീ താരങ്ങൾക്കും ഇടയിൽ വൻ വിവേചനം നിലനിൽക്കുന്നുണ്ടെന്ന് തുറന്നുപറയുകയാണ് താരം.
ആദ്യകാലങ്ങളിൽ നായകന് ലഭിക്കുന്നതിന്റെ 10 ശതമാനം പ്രതിഫലം മാത്രമേ തനിക്ക് ലഭിച്ചിരുന്നുള്ളൂവെന്ന് പ്രിയങ്ക വെളിപ്പെടുത്തി. അക്ഷയ് കുമാർ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ എന്നിവർക്കൊപ്പം അഭിനയിച്ചിട്ടുണ്ട് പ്രിയങ്ക. പുരുഷ താരങ്ങൾക്ക് സിനിമ സെറ്റുകളിൽ നല്ല പരിഗണനയാണ് ലഭിക്കുന്നത്.
''ബോളിവുഡിൽ നിന്ന് ഒരിക്കലും തുല്യ വേതനം ലഭിച്ചിരുന്നില്ല. സഹ പുരുഷ താരത്തിനു ലഭിക്കുന്നതിന്റെ 10 ശതമാനം പ്രതിഫലം മാത്രമേ ആദ്യകാലത്ത് ലഭിച്ചിരുന്നുള്ളൂ. അവർക്ക് ഭീമമായ പ്രതിഫലമാണ് ലഭിക്കാറുള്ളത്. ഇപ്പോഴും അതിനു മാറ്റം വന്നിട്ടില്ല. സ്ത്രീ-പുരുഷ താരങ്ങൾക്കിടയിൽ വേതനത്തിന്റെ കാര്യത്തിൽ വലിയ അന്തരമുണ്ട്. ഇപ്പോൾ എന്റെ തലമുറയിൽ പെട്ട സ്ത്രീ താരങ്ങൾ തുല്യ വേതനം ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. എന്നാൽ ഞങ്ങൾക്ക് അതൊരിക്കലും കിട്ടിയിട്ടില്ല''-പ്രിയങ്ക മനസു തുറന്നു.
പ്രതിഫല കാര്യത്തിനു പുറകെ സെറ്റുകളിൽ നിലനിൽക്കുന്ന വിവേചനത്തെ കുറിച്ചും അവർ തുറന്നുപറഞ്ഞു. സെറ്റിൽ ചിലപ്പോൾ മണിക്കൂറുകളോളം വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വരും. എന്നാൽ സെറ്റിൽ എപ്പോൾ വരണമെന്നു പോലും തീരുമാനിക്കാൻ പുരുഷതാരങ്ങൾക്ക് അധികാരമുണ്ട്. എന്നാൽ ഹോളിവുഡിൽ കാര്യങ്ങൾ കുറച്ചുകൂടി വ്യത്യസ്തമാണെന്നും പ്രിയങ്ക ചോപ്ര പറഞ്ഞു. പ്രിയങ്ക പ്രധാന വേഷത്തിലെത്തുന്ന സിറ്റാഡല്‍ പ്രൈം വീഡിയോയില്‍ അടുത്തു തന്നെ റിലീസ് ചെയ്യാനിരിക്കുകയാണ്. സയന്‍സ് ഫിക്ഷന്‍ ഡ്രാമ വിഭാഗത്തിലുള്ള സിറ്റാഡലിലെ നടിയുടെ കഥാപാത്രം ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.
ബോളിവുഡിൽ ജീ ലീ സാറയാണ് പ്രിയങ്ക ചോപ്രയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ആലിയ ഭട്ട്, കത്രീന കൈഫ് തുടങ്ങി വൻതാരനിര അണിനിരക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ഫർഹാൻ അഖ്തർ ആണ്. ചിത്രം അടുത്ത വർഷം ആദ്യം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.