അക്ഷയ് കുമാറിനെ കേന്ദ്രകഥാപാത്രമാക്കി സുധ കൊങ്ങര സംവിധാനം ചെയ്ത ചിത്രമാണ് സർഫിര. സൂര്യയുടെ സൂപ്പർ ഹിറ്റ് ചിത്രമായ സൂരറൈ പോട്രിന്റെ ഹിന്ദി പതിപ്പാണിത്. ജൂലൈ 12 ന് തിയറ്ററുകളിലെത്തിയ സർഫിര ബോക്സോഫീസിൽ രക്ഷപ്പെട്ടില്ല. ബിഗ് ബജറ്റിലൊരുങ്ങിയ ചിത്രത്തിന് 11 ദിവസം കൊണ്ട് ഇന്ത്യയിൽ നിന്ന് നേടാനായത് 21.45 കോടി മാത്രമാണ്. രാധിക മദൻ ആയിരുന്നു ചിത്രത്തിലെ നായിക.
ഇപ്പോഴിത സൂര്യക്കൊപ്പം സർഫിര കണ്ട അനുഭവം പങ്കുവെക്കുകയാണ് രാധിക .സൂരറൈ പോട്രിൽ അപർണ്ണ ബാലമുരളിയുടെ ബൊമ്മി എന്ന കഥാപാത്രത്തെയാണ് സർഫിരയിൽ രാധിക അവതരിപ്പിച്ചത്. ചിത്രം കാണുന്നതിനിടെ സൂര്യ നോക്കാൻ പേടിയായിരുന്നുവെന്നാണ് നടി പറയുന്നത്. സൂര്യ വളരെ നല്ല മനുഷ്യനാണെന്നും സിനിമ കഴിഞ്ഞതിന് ശേഷം അദ്ദേഹം നല്ല അഭിപ്രായം പറഞ്ഞെന്നും രാധിക പറഞ്ഞു.
'സൂര്യ സാർ വളരെ നല്ല മനുഷ്യനാണ്. വളരെ കുറച്ചുമാത്രമേ അദ്ദേഹം സംസാരിക്കുകയുള്ളൂ. വളരെ നന്നായി ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. സിനിമ വളരെ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. വളരെ ശാന്തനായ ആളാണ്. സുധ കൊങ്ങരക്കൊപ്പം അദ്ദേഹം ഇതിന് മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. ഞങ്ങളുടെ സിനിമയെക്കുറിച്ച് അദ്ദേഹം നല്ല അഭിപ്രായം പറഞ്ഞെങ്കിൽ,അതിന്റെ അർഥം സിനിമ മികച്ചതാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ഞങ്ങളോടൊപ്പം സിനിമ കാണാൻ സൂര്യ സാറും ഉണ്ടായിരുന്നു. സിനിമയുടെ സ്‌ക്രീനിങ്ങിനിടെ അദ്ദേഹത്തെ നോക്കാൻ എനിക്ക് ധൈര്യമില്ലായിരുന്നു. കാരണം എനിക്ക് നല്ല ഭയം തോന്നി. ഇഷ്ടപ്പെട്ടാൽ എന്നോട് പറയുമെന്നും ഇല്ലെങ്കിൽ മൗനം പാലിക്കുമെന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രതികരണത്തിൽ വളരെ സന്തോഷം തോന്നി'- രാധിക മദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.