ഉദയനിധി ഉപമുഖ്യമന്ത്രി ആകുന്നതിനെ കുറിച്ച് ചോദ്യം; ക്ഷുഭിതനായി രജനികാന്ത് -വിഡിയോ

മിഴ് സിനിമകളിൽ ത്രസിപ്പിക്കുന്ന ആക്ഷൻ സീനുകളിൽ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും പൊതുവേദികളിൽ ശാന്തനായി കാണുന്ന സൂപ്പർ താരമാണ് രജനികാന്ത്. എന്നാൽ ചെന്നൈ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് ക്ഷുഭിതനായി പ്രതികരിക്കുന്ന രജനികാന്തിന്‍റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നടനും ഡി.എം.കെ മന്ത്രിസഭയിൽ അംഗവുമായ ഉദയനിധി സ്റ്റാലിനെ തമിഴ്നാടിന്‍റെ ഉപമുഖ്യമന്ത്രിയാക്കുമെന്ന റിപ്പോർട്ടുകളെ കുറിച്ചുള്ള ചോദ്യത്തോടാണ് അദ്ദേഹം ക്ഷുഭിതനായി പ്രതികരിച്ചത്.

വേട്ടൈയൻ സിനിമയുടെ ഓഡിയോ ലോഞ്ചിനായാണ് രജനി ചെന്നൈയിലെത്തിയത്. വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങിയതിനു പിന്നാലെ മാധ്യമപ്രവർത്തകർ അദ്ദേഹത്തെ വളയുകയായിരുന്നു. പരിപാടിയിലെത്തുന്ന അതിഥികളെ കുറിച്ചുള്ള ചോദ്യമായിരുന്നു ആദ്യം. എല്ലായ്പ്പോഴും മറുപടി നൽകുന്നതു പോലെ തനിക്കറിയില്ല എന്നു മത്രമാണ് താരം പ്രതികരിച്ചത്. ഇതിനിടെ മറ്റൊരു റിപ്പോർട്ടർ രാഷ്ട്രീയ ചോദ്യവുമായി രംഗത്തുവരികയായിരുന്നു,

‘ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകുമെന്ന് കേൾക്കുന്നു, ഇതിനേക്കുറിച്ച് എന്ത് തോന്നുന്നു’ എന്നായിരുന്നു റിപ്പോർട്ടറുടെ ചോദ്യം. എന്നാൽ ഈ ചോദ്യം കേട്ടതോടെ രജനിയുടെ മുഖത്തെ ചിരി മായുകയും തന്നോട് രാഷ്ട്രീയ ചോദ്യങ്ങൾ ചോദിക്കരുതെന്നും, ഇക്കാര്യം മുമ്പും പറഞ്ഞിട്ടുള്ളതാണെന്നും ദേഷ്യത്തോടെ പറയുകയാണ് ചെയ്തത്. പിന്നീടുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാതെ അദ്ദേഹം നടന്നു നീങ്ങുന്നതും വിഡിയോയിൽ കാണാം.

വിശാഖപട്ടണത്ത് ‘കൂലി’ എന്ന പുതിയ ചിത്രത്തിന്‍റെ ചിത്രീകരണത്തിലാണ് രജനികാന്ത്. ഇതിനിടെയാണ് താരം വേട്ടൈയന്‍റെ ഓഡിയോ ലോഞ്ചിനായി ചെന്നൈയിലെത്തിയത്. നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിലേക്ക് പ്രമുഖ താരങ്ങളെത്തുമെന്നാണ് വിവരം. ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടൈയനിൽ അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബാട്ടി, റിതിക സിങ്, മഞ്ജു വാര്യർ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നുണ്ട്. 160 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം അടുത്ത മാസം പത്തിന് റിലീസ് ചെയ്യും.

Tags:    
News Summary - Rajinikanth Gets Angry As Reporters Ask Him Political Question On Udhayanidhi Stalin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.