ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ലാൽ സലാം. 2024 ഫെബ്രുവരി ഒമ്പതിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്. സമ്മിശ്രപ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മെയ്തീൻ ഭായ് എന്ന കഥാപാത്രത്തെയാണ് രജനി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നടൻ വിക്രാന്തിന്റെ ഷംസുദ്ദീൻ എന്ന കഥാപാത്രത്തിന്റെ അച്ഛനാണ് രജനിയുടെ മെയ്തീൻ ഭായ്. ക്രിക്കറ്റ് പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം തമിഴ് കൂടാതെ തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് തിയറ്ററുകളിലെത്തിയത്. എന്നാൽ എല്ലാ പ്രേക്ഷകരെയും തൃപ്തിപ്പെടുത്താൻ ചിത്രത്തിനായിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.
ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ആദ്യദിനം 3.55 കോടിയാണ് ലാൽ സലാം സമാഹരിച്ചിരിക്കുന്നത്. രണ്ടാം ദിവസം 3 കോടി മാത്രമാണ് ചിത്രം നേടിയത്. ആകെ 6.55 കോടി രൂപയാണ് ലാൽ സലാമിന്റെ രണ്ട് ദിവസത്തെ കളക്ഷൻ.
രജനികാന്തിന്റെ മുൻ റിലീസുകളെ അപേക്ഷിച്ച് ലാൽ സലാമിന്റെ കളക്ഷൻ വളരെ കുറവാണ്. ലാൽ സലാമിന് തൊട്ട് മുമ്പ് പുറത്തിറങ്ങിയ ജയിലറിന്റെ ഒപ്പണിങ് കളക്ഷൻ 56.6 കോടിയായിരുന്നു. രണ്ടാം ദിനം 30.3 കോടി രൂപയാണ് ജയിലർ സമാഹരിച്ചത്.
ഏഴ് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഐശ്വര്യ സിനിമ ചെയ്യുന്നത്. '3', 'വൈ രാജ വൈ' , 'സിനിമാ വീരൻ' എന്ന ഡോക്യുമെന്ററിയാണ് ഐശ്വര്യ ഇതിന് മുമ്പ് സംവിധാനം ചെയ്തത്. വിഷ്ണു വിശാൽ, വിക്രാന്ത്, സെന്തിൽ, ജീവിത, തമ്പി രാമയ്യ, അനന്തിക സനിൽകുമാർ, വിവേക് പ്രസന്ന, തങ്കദുരൈ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയൻ, ലോകേഷ് കനകരാജ് ചിത്രം തലൈവർ 171 എന്നീവയാണ് റിലീസിനൊരുങ്ങുന്ന രജനിയുടെ ചിത്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.