മുംബൈ: വ്യവസായി രത്തൻ ടാറ്റയുടെ മരണത്തിൽ ആദരമർപ്പിച്ച് ആരാധകരുമായുള്ള മുഖാമുഖം മാറ്റിവെച്ച് ബോളിവുഡ് സൂപ്പർതാരം അജയ് ദേവ്ഗൺ. വെള്ളിയാഴ്ച നടക്കാനിരുന്ന മുഖാമുഖമാണ് മാറ്റിവെച്ചത്.
ആരാധകരുമായുള്ള തന്റെ ‘ആസ്ക് അജയ്’ പരിപാടി മാറ്റിവെച്ചതായി താരം അറിയിക്കുകയായിരുന്നു. ‘അന്തരിച്ച രത്തൻ ടാറ്റ സാറിന്റെ ബഹുമാനാർഥം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നാളത്തെ ‘ആസ്ക് അജയ്’ മാറ്റിവെക്കുന്നു’ എന്ന് അദ്ദേഹം എക്സിൽ സന്ദേശം പങ്കുവെക്കുകയായിരുന്നു. പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രങ്ങളിലൊന്നായ സിങ്കം എഗെയ്‌നിന്റെ പ്രമോഷൻ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ആരാധകരുമായുള്ള മുഖാമുഖം ഷെഡ്യൂൾ ചെയ്തിരുന്നത്.
‘ഒരു ദർശകന്റെ വിയോഗത്തിൽ ലോകം ദുഃഖിക്കുന്നു. രത്തൻ ടാറ്റയുടെ പാരമ്പര്യം തലമുറകൾക്ക് എന്നും പ്രചോദനം നൽകും. ഇന്ത്യയ്ക്കും അതിനപ്പുറവുമുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ അളവറ്റതാണ്. ഞങ്ങൾ അഗാധമായി നന്ദിയുള്ളവരാണ്. സമാധാനത്തിൽ വിശ്രമിക്കൂ സർ’ രത്തൻ ടാറ്റയുടെ നിര്യാണത്തിൽ ആദരമർപ്പിച്ചു കൊണ്ട് അജയ് ദേവ്ഗൺ എക്സിൽ എഴുതി.
സൽമാൻ ഖാൻ, അനുഷ്‌ക ശർമ്മ, നയൻതാര, കമൽഹാസൻ, ശ്രദ്ധ കപൂർ, വിവേക് ഒബ്‌റോയ് തുടങ്ങി ബോളിവുഡ് താരങ്ങളും രത്തൻ ടാറ്റയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ബിസിനസിന് പുറമേ ടാറ്റ ട്രസ്റ്റുകളിലൂടെ ഇന്ത്യയിലെ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഗ്രാമവികസന സംരംഭങ്ങൾ എന്നിവയ്ക്ക് അദ്ദേഹം മികച്ച പിന്തുണ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.