നടൻ കമൽ ഹാസന്റേയും സരിഗയുടേയും മകളാണ് നടിയും ഗായികയുമായ ശ്രുതി ഹാസൻ. 1988-ൽ വിവാഹിതരായ കമലും സരിഗയും 2002 ആണ് വേർപിരിഞ്ഞത്. 2004 ൽ നിയമപരമായി വിവാഹമോചനം നേടി.
ഇപ്പോഴിതാ മാതാപിതാക്കളുടെ വിവാഹമോചനത്തെക്കറിച്ച് പറയുകയാണ് ശ്രുതി. ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട പാഠമാണ് ആ വേർപിരിയലിലൂടെ പഠിച്ചതെന്നാണ് താരം പറയുന്നത്. പ്രമുഖ ചാനലിന്റെ പോഡ്കാസ്റ്റ് ഷോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.വിവാഹ ജീവിതത്തിൽ നിന്ന് അമ്മ പുറത്തു കടന്നപ്പോഴാണ് ഒരു സ്ത്രീ സ്വയംപര്യാപ്തയായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് താൻ മനസിലാക്കിയതെന്നും ബന്ധം മുന്നോട്ട് കൊണ്ടു പോകാൻ അവർ പരിശ്രമിച്ചെന്നും ശ്രുതി കൂട്ടിച്ചേർത്തു.
' വളരെ നല്ലൊരു കുടുംബത്തിലാണ് ഞാൻ ജനിച്ചത്. കലാമൂല്യമുള്ള മികച്ച മാതാപിതാക്കൾ, ഈശ്വരാനുഗ്രഹത്താൽ ഒരുപാട് ഒരുപാട് സുഖസൗകര്യങ്ങൾ ലഭിച്ചു. എന്നാൽ അതിന്റെ മറുവശവും ഞാൻ കണ്ടു.
എന്റെ മാതാപിതാക്കൾ വേർപിരിഞ്ഞപ്പോൾ, എല്ലാം മാറി.സാമ്പത്തികമായും ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെ വിലയെന്താണെന്നും ഞാൻ അന്നാണ് മനസിലാക്കിയത്. വിവാഹ ജീവിതത്തിൽ നിന്ന് അമ്മ പുറത്തു കടന്നപ്പോഴാണ് ഒരു സ്ത്രീ സ്വയംപര്യാപ്തയായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച്,പ്രത്യേകിച്ച് ഒരു മകളെന്ന നിലയിൽ മനസിലായത്. നമുക്ക് വേണ്ടി കൈയടിക്കാൻ ആരുമല്ല, നമുക്ക് വേണ്ടത് നാം സ്വയം ചെയ്യണം.
മാതാപിതാക്കൾ വേർപിരിഞ്ഞെങ്കിലും മക്കളുടെ സന്തോഷങ്ങളിൽ അവർ ഒന്നിച്ചുണ്ടായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം, അവർ ഒരുമിച്ച് സന്തുഷ്ടരായിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവർ വളരെ നല്ല ദമ്പതികളായിരുന്നു. കാരണം അവർ ഒരുമിച്ച് ജോലി ചെയ്യാറുണ്ടായിരുന്നു, ഒരുമിച്ച് സെറ്റുകളിൽ പോകും, അമ്മ കോസ്റ്റ്യൂം ചെയ്യുമായിരുന്നു.ഞാനും കോസ്റ്റ്യൂം ഡിപ്പാർട്ട്‌മെൻ്റിലായിരുന്നു. സഹോദരി അക്ഷര അസിസ്റ്റൻ്റ് ഡയറക്ടർ ആയി ജോലി ചെയ്തിട്ടുണ്ട്. അങ്ങനെ ഞങ്ങളുടെ കുടുംബം മുഴുവൻ സിനിമയിൽ ആയിരുന്നു. ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ മാതാപിതാക്കള്‍ പരിശ്രമിച്ചിരുന്നു. എന്നാൽ വേര്‍പിരിഞ്ഞ് ജീവിക്കുന്നത് അവര്‍ക്ക് സന്തോഷം നൽകുന്നുണ്ടെങ്കിൽ അത് എനിക്കും സഹോദരിക്കും നല്ലതാണ്'- ശ്രുതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.