​''വിവാഹ ശേഷം വരൻ വലതുകാൽ വെച്ച് വധുവിന്റെ വീട്ടിലേക്ക്''-ബാങ്ക് പരസ്യത്തിൽ അഭിനയിച്ച ആമിർ ഖാനെതിരെ മധ്യപ്രദേശ് മന്ത്രി

പരമ്പരാഗത ഇന്ത്യൻ ആചാരങ്ങൾക്ക് നൽകുന്ന സന്ദേശം അടങ്ങിയ ബാങ്ക് പരസ്യത്തിൽ അഭിനയിച്ച ബോളിവുഡ് നടൻ ആമിർ ഖാനെതിരെ വിമർശനവുമായി മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര. 50 സെക്കൻഡ് ദൈർഘ്യമുള്ള എ.യു സ്മാൾ ഫിനാൻസ് ബാങ്കിന്റെ പരസ്യത്തിലാണ് ബോളിവുഡ് നടൻ ആമിർഖാനും കിയാര അദ്വാനിയും അഭിനയിച്ചത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. പരമ്പരാഗത ഇന്ത്യൻ സംസ്കാരവും ആചാരങ്ങളും കണക്കിലെടുത്ത് ഖാൻ ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കാൻ പാടില്ലായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

വിവാഹ ചടങ്ങ് കഴിഞ്ഞ് ആമിറും കിയാരയും വീട്ടിലേക്ക് കാറിൽ വരുന്ന ദൃശ്യങ്ങളാണ് പരസ്യത്തിലുള്ളത്. പരമ്പരാഗത വിവാഹ ചടങ്ങുകളിൽ വധു വരന്റെ വീട്ടിലേക്ക് വലതു കാൽ വെച്ചു കയറുന്ന രംഗങ്ങളാണ് ഉണ്ടാവാറുള്ളത്. അതിനു വിരുദ്ധമായി ഈ പരസ്യത്തിൽ വരനായി വേഷമിട്ട ആമിർ ഖാൻ വധുവിന്റെ വീട്ടിലേക്ക് വലതുകാൽ വെച്ച് കയറുകയാണ്. ഇത്തരം ചെറിയ ചുവടുവെയ്പിലൂടെ വലിയ മാറ്റങ്ങളുണ്ടാക്കാം എന്ന് ആമിർ ഖാൻ വിശദീകരിക്കുന്നുമുണ്ട്.

പരാതി ലഭിച്ചതിനെ തുടർന്നാണ് ആമിർ ഖാൻ അഭിനയിച്ച പരസ്യം കണ്ടതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയുടെ പരമ്പരാഗത ആചാരങ്ങളെയും സംസ്കാരത്തെയും അപമാനിക്കുന്ന ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കരുത് എന്നും മന്ത്രി ആമിർ ഖാനോട് ആവശ്യപ്പെട്ടു.അനുചിതമായ ഇത്തരം പ്രവൃത്തികളിലൂടെ ചില പ്രത്യേക മതവിഭാഗങ്ങളിലുള്ളവരുടെ വികാരം ​ഹനിക്കപ്പെടുന്നുണ്ടെന്നും മിശ്ര ചൂണ്ടിക്കാട്ടി. ആരുടെയും മതവികാരം വ്രണപ്പെടുത്താൻ ആമിർ ഖാന് അവകാശമില്ലെന്നും മന്ത്രി ഓർമപ്പെടുത്തുകയും ചെയ്തു.

വിവാദത്തെ തുടർന്ന് നിരവധി ട്വിറ്റർ യൂസർമാരാണ് ബാങ്കിലെ അക്കൗണ്ടുകൾ മരവിപ്പിക്കുമെന്ന് അറിയിച്ചത്. BoycottAUSmallFinanceBank and BoycottAamirKhan എന്നീ ഹാഷ്ടാഗുകളിൽ ട്വിറ്ററിൽ ബാങ്കിനെയും ആമിർഖാനെയും ബഹിഷ്കരിക്കാൻ പ്രചാരണം നടക്കുകയും ചെയ്തു. പരസ്യത്തെ വിമർശിച്ച് നേരത്തേ സംവിധായകനായ വിവേക് അഗ്നിഹോത്രിയും രംഗത്തുവന്നിരുന്നു.

Tags:    
News Summary - Request Aamir Khan not to hurt religious sentiments: MP minister on ad for bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.