പുതിയ ചിത്രത്തിന്‍റെ പ്രചാരണത്തിനിടെ തന്‍റെ രാഷ്ട്രീയ നിലപാട് തുറന്നുപറഞ്ഞ് ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ. താൻ വിശാലമായ കാഴ്ചപ്പാടുള്ള ഇടതുപക്ഷക്കാരനാണെന്നാണ് സെയ്ഫ് പറഞ്ഞത്.
സെയ്ഫ് അലി ഖാനൊപ്പം ഋത്വിക് റോഷനും അണിനിരക്കുന്ന വിക്രം വേദയുടെ റിലീസുമായി ബന്ധപ്പെട്ട അഭിമുഖത്തിനെത്തിയതായിരുന്നു അദ്ദേഹം. എൻകൗണ്ടർ സ്പെഷലിസ്റ്റായ വിക്രം എന്ന ഉദ്യോഗസ്ഥനായാണ് സെയ്ഫ് ചിത്രത്തിലെത്തുന്നത്.
ഈ കഥാപാത്രത്തിന്റെ പ്രവൃത്തികളോട് ഒരിക്കലും യോജിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സിനിമയിലായാൽപ്പോലും ഏറ്റുമുട്ടലുകൾ കാണുമ്പോൾ അസ്വസ്ഥനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഞാൻ ഇടതുപക്ഷക്കാരനാണ്. ഇക്കാലത്ത് ഇതൊന്നും പറയാനാവാത്ത അവസ്ഥയാണ് -അദ്ദേഹം പറഞ്ഞു.
വിധി നടപ്പാക്കുന്നതിന് മുമ്പായി എല്ലാവർക്കും ന്യായമായ വിചാരണയ്ക്ക് അർഹതയുണ്ടെന്ന് ഞാൻ കരുതുന്നു. സിനിമയിലെ കഥാപാത്രം ചെയ്യുന്ന പോലെ സംശയിക്കപ്പെടുന്ന കുറ്റവാളികളെ വധിക്കുന്നതിനോട് യോജിക്കാനാവില്ല -സെയ്ഫ് കൂട്ടിച്ചേർത്തു.
തമിഴ് ചിത്രമായ വിക്രം വേദയുടെ ഹിന്ദി പതിപ്പായ ചിത്രം നാളെ റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.