കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി യുവനടി സംയുക്ത മേനോനും. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടിക്ക് പിന്തുണയുമായി സംയുക്ത രംഗത്തെത്തിയത്.
'നീതിക്ക് വേണ്ടിയുള്ള, ഓരോ പെൺകുട്ടികൾക്കും വേണ്ടിയുള്ള, പോരാട്ടത്തിന്‍റെ വഴിയിൽ ധൈര്യമായി ഉറച്ചുനിന്നവൾക്കൊപ്പം തന്നെയാണ് ഞാനും. അതുപോലെ അവൾക്ക് ഒപ്പം നിന്ന ഒരുപിടി ആളുകളുണ്ട്. പൊതുബോധം എതിരായിരിക്കും എന്നറിഞ്ഞിട്ടും, സ്വന്തം കരിയറിനെ ബാധിക്കും എന്നറിഞ്ഞിട്ടും നീതിക്ക് വേണ്ടി നിന്നവർ. ഇനി വരാൻ പോകുന്നവർക്ക് തെറ്റിനെ ചോദ്യം ചെയ്യാനുള്ള ഊർജ്ജമായി, പ്രതികരിക്കുന്നവർക്ക് ഞാനൊറ്റക്കല്ല എന്ന തോന്നലിന്‍റെ കരുത്തായി അവൾക്കൊപ്പം നിന്ന അവർക്കൊപ്പവും കൂടിയാണ് ഞാൻ. അവളോടൊപ്പവും അവരോടൊപ്പവും' -സംയുക്ത ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
സംയുക്തയുടെ പോസ്റ്റിന് കീഴിൽ സിനിമ മേഖലയിലെ പ്രമുഖരായ പാർവതി തിരുവോത്ത്, ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ, അഞ്ജലി മേനോൻ തുടങ്ങിയവർ കമന്‍റുമായെത്തി.
ആക്രമണത്തിന് ശേഷം അഞ്ചുവർഷം നീണ്ട തന്‍റെ പോരാട്ടത്തെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് നടി ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. തുടർന്ന് നിരവധി താരങ്ങൾ നടിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. പിന്നീട് മോഹൻലാലും മമ്മൂട്ടിയും നടിക്ക് ഐക്യദാർഢ്യം അറിയിച്ച് രംഗത്തെത്തി. നിന്നോടൊപ്പം എന്ന വാചകത്തിൽ മമ്മൂട്ടി പിന്തുണ അറിയിച്ചപ്പോൾ ബഹുമാനം എന്നെഴുതിയാണ് മോഹൻലാൽ പിന്തുണ അറിയിച്ചത്. പൃഥ്വിരാജ്, ഐശ്വര്യലക്ഷ്മി, ടൊവിനോ തോമസ്, പാർവതി തിരുവോത്ത്, സുപ്രിയ മേനോൻ, പൂർണിമ ഇന്ദ്രജിത്ത്, റിമ കല്ലിങ്കൽ, ആര്യ, ഇന്ദ്രജിത്ത്, മിയ തുടങ്ങിയ താരങ്ങൾ നടിയുടെ കുറിപ്പ് പങ്കുവെച്ച് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.