കഴിഞ്ഞ ആഴ്ചകളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വാർത്തകളിലൊന്നാണ് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും ഭർത്താവും പാക് ക്രിക്കറ്റ് താരവുമായ ഷുഐബ് മാലിക്കും വേർപിരിഞ്ഞത്. ജനുവരി 20ന് താൻ വീണ്ടും വിവാഹിതനായെന്ന് ഷുഐബ് മാലിക് അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ്, സാനിയയും മാലിക്കും മാസങ്ങൾക്ക് മുമ്പേ വിവാഹമോചിതരായിട്ടുണ്ടെന്ന കാര്യം സാനിയയുടെ കുടുംബം വെളിപ്പെടുത്തിയത്.
മാലിക്കിന്‍റെ മൂന്നാം വിവാഹമാണ് നടന്നത്. പാക് നടി സന ജാവേദുമൊത്താണ് പാക് മുൻ ക്യാപ്റ്റൻ കൂടിയായ മാലിക്ക് പുതിയ ജീവിതം തുടങ്ങിയത്. സാനിയയും മാലിക്കും മാസങ്ങൾ മുമ്പേ വിവാഹമോചിതരായെന്നും മാലിക്കിന്‍റെ പുതിയ വിവാഹത്തിന് സാനിയ ആശംസ നേർന്നെന്നും കുടുംബം തന്നെയാണ് വെളിപ്പെടുത്തിയത്. അതേസമയം, വിവാഹമോചനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്നെല്ലാം അകന്നു നിൽക്കുകയാണ് സാനിയ. സമൂഹമാധ്യമങ്ങളിൽ സജീവമാണെങ്കിലും വ്യക്തിജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നും സാനിയ ഓൺലൈനിൽ പങ്കുവെക്കാറില്ല.
സാനിയ മിർസയുടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ. പുതുതായി വിവാഹിതരായ പെൺകുട്ടികളോടുള്ള സാനിയയുടെ ഉപദേശമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കണ്ടന്‍റ് ക്രിയേറ്റർ അങ്കിത സഹിഗാളുമായുള്ള അഭിമുഖത്തിൽ നിന്നാണിത്. എന്ത് ഉപദേശമാണ് വിവാഹിതരായ പെൺകുട്ടികൾക്ക് കൊടുക്കാനുള്ളത് എന്ന് അങ്കിത ചോദിക്കുമ്പോൾ 'നിങ്ങൾ നിങ്ങളായി തുടരുക, മാറാൻ ശ്രമിക്കരുത്, കാരണം നിങ്ങൾ സ്നേഹിക്കപ്പെട്ടത് നിങ്ങളായതുകൊണ്ടാണ്' എന്നായിരുന്നു സാനിയയുടെ മറുപടി. വിവാഹമോചനത്തിന്‍റെ പശ്ചാത്തലത്തിലാണ് സാനിയയുടെ മറുപടി വൈറലായത്. ജീവിതത്തിലെ പ്രയാസമേറിയ സാഹചര്യത്തിലൂടെ കടന്നുപോകുന്ന സാനിയക്ക് നിരവധി പേരാണ് പിന്തുണയേകുന്നത്.
2010ലാണ് സാനിയയും ഷുഐബ് മാലിക്കും വിവാഹിതരായത്. മാലിക്കിന്‍റെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇന്ത്യക്കാരിയായ അയേഷ സിദ്ദീഖിയായിരുന്നു ശുഐബിന്‍റെ ആദ്യ ഭാര്യ. 2022ലാണ് സാനിയയും ശുഐബും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചനത്തിന്‍റെ വക്കിലാണെന്നും അഭ്യൂഹങ്ങൾ വന്നത്. ഇക്കാര്യം ഇരുവരും അന്ന് നിഷേധിച്ചിരുന്നു. എന്നാൽ, ഈ വർഷം സമൂഹ മാധ്യമങ്ങളിൽ സാനിയ പങ്കുവെച്ച ചില പോസ്റ്റുകളും, ശുഹൈബ് മാലികിനെയും സനയെയും ചേർത്തുള്ള ഗോസിപ്പ് വാർത്തകളും ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങൾ ഉറപ്പിക്കുന്നതായിരുന്നു.
അതേസമയം, സന ജാവേദുമായുള്ള വിവാഹത്തിന് മാലിക്കിന്‍റെ കുടുംബാംഗങ്ങൾക്ക് പൂർണസമ്മതമുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. വിവാഹചടങ്ങിൽ കുടുംബാംഗങ്ങൾ പങ്കെടുത്തിട്ടുമുണ്ടായിരുന്നില്ല. മാലിക്കിന്‍റെ വിവാഹേതര ബന്ധങ്ങൾ കാരണം സാനിയ മിർസ പൊറുതിമുട്ടിയിരുന്നുവെന്ന് മാലിക്കിന്‍റെ സഹോദരി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.