കഴിഞ്ഞ കുറച്ചുനാളുകളായി സിനിമാമേഖലയിലെ മയക്കുമരുന്ന് ഉപയോഗം വലിയ ചർച്ചയാവുകയാണ്. താരങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി നിർമാതാക്കൾ എത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ രൂക്ഷവിമർശനവുമായി നടൻ ഷൈൻ ടോം ചാക്കോ രംഗത്ത് എത്തിയിരിക്കുകയാണ്. ലോകത്ത് ആദ്യം മുതലുള്ള ഈ സാധനം കൊണ്ടുവന്നത് ചെറുപ്പക്കാരും സിനിമാക്കാരുമാണോ എന്നാണ് ഷൈൻ ചോദിക്കുന്നത്.ലൈവ് എന്ന സിനിമയുടെ പ്രിമിയറിന് ശേഷം മാധ്യമങ്ങളെ കാണവെയാണ് ഇക്കാര്യം പറഞ്ഞത്. കൂടാതെ മക്കളുടെ കൈയിൽ മയക്കുമരുന്ന് എങ്ങനെ കിട്ടിയെന്ന് മാതാപിതാക്കൾ ചോദിക്കണമെന്നും നടൻ പറയുന്നു.
'ഇതൊക്കെ കണ്ടുപിടിച്ചിട്ട് ഒരുപാട് കാലമായി. ലോകത്തിന്റെ ആദ്യം മുതലെയുള്ള സാധാനം കൊണ്ടുവന്നത് ചെറുപ്പക്കാർ ആണോ? സിനിമാക്കാരാണോ ഇതൊക്കെ കൊണ്ടുവന്നത്. അങ്ങനെ പറയുന്നവരോട് നിങ്ങൾ ചോദിക്കണം. ഇത് ഇപ്പോഴത്തെ ചെറുപ്പക്കാരും സിനിമാക്കാരും കൊണ്ടുവന്നതല്ല. എന്റെ മക്കളുടെ കൈയിൽ ഈ മയക്കുമരുന്ന് എങ്ങനെ കിട്ടുന്നുവെന്ന് മാതാപിതാക്കൾ ചോദിക്കണം- ഷൈൻ ടോം ചാക്കോ പറഞ്ഞു.
എസ്. സുരേഷ്ബാബുവിന്റെ രചനയിൽ വി.കെ. പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണ് ലൈവ്. മാധ്യമങ്ങളിലെത്തുന്ന വ്യാജവാർത്തകൾ സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ, കൃഷ്ണ പ്രഭ, രശ്മി സോമൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്.
ഫിലിംസ്24 ന്റെ ബാനറിൽ ദർപ്പൺ ബംഗേജ, നിതിൻ കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്യുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് നിഖിൽ എസ്. പ്രവീണാണ് ചിത്രസംയോജകൻ സുനിൽ എസ്. പിള്ള, സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.