'സ്വതന്ത്ര സംഗീതജ്ഞനാകണം' -ഗാനവി​ശേഷങ്ങൾ പങ്കുവെച്ച് സൂരജ് സന്തോഷ്

ലയാളിയുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ശബ്ദത്തിന്റെ പേരാണ് സൂരജ് സന്തോഷ്. സിനിമയിലും സ്വതന്ത്രസംഗീതത്തിലും ശക്തമായ സാന്നിധ്യം. ഒരു പതിറ്റാണ്ടിലേറെയായി സംഗീത ലോകത്ത് സജീവമായ സൂരജ് സന്തോഷിന് തമിഴ് തെലുങ്ക്, ഹിന്ദി ഭാഷകളിലും തന്റെ ശബ്ദം അടയാളപ്പെടുത്താൻ കഴിഞ്ഞു. അതിരുകളില്ലാത്ത സംഗീത പരീക്ഷണങ്ങളാണ് സൂരജ് സന്തോഷിനെ വ്യത്യസ്‍തനാക്കുന്നത്, അതാണ് മുഖമുദ്രയും. വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ പ്രേക്ഷകഹൃദയത്തില്‍ ഇടംനേടിയ സൂരജ് തന്റെ പുതിയ ചിത്രമായ സീതാരാമത്തിലെ പാട്ടുവിശേഷങ്ങൾ പങ്കുവെക്കുന്നു.

1. സീതാരാമം

സീതാരാമത്തിന്റെ സംഗീത സംവിധായകന്‍ വിശാല്‍ ചന്ദ്രശേഖറിന്റെ ഭാര്യ സിന്ദൂരിയാണ് സീതാരാമത്തിലേക്കായി ആദ്യം എന്നെ വിളിക്കുന്നത്. സിന്ദൂരി വോക്കല്‍ അറേഞ്ചറാണ്. ഇരുവരും ഒരുമിച്ചാണ് ജോലി ചെയ്യുന്നത്. ഞാന്‍ സീതാരാമത്തിലെ പാട്ട് പാടിയാല്‍ നന്നായിരിക്കുമെന്ന് പറഞ്ഞ് നേരിട്ട് വിളിക്കുകയായിരുന്നു. അങ്ങനെ സീതാരാമം പ്രൊജക്ടിലേയ്ക്ക് എത്തി. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണെന്ന് ആദ്യം അറിയില്ലായിരുന്നു. റെക്കോഡിങ് അനുഭവം വളരെ മനോഹരമായിരുന്നു. കൊച്ചിയില്‍ നിന്നാണ് ഞാന്‍ റെക്കോഡ് ചെയ്തത്. അവര്‍ ഹൈദരാബാദിലും. അതെനിക്ക് പുതിയ അനുഭവമായിരുന്നു.


2. ഗാനങ്ങളുടെ തിരഞ്ഞെടുപ്പ്

തുടക്ക കാലഘട്ടത്തിലൊന്നും പാട്ട് തിരഞ്ഞെടുക്കാനൊന്നും സ്വാതന്ത്ര്യമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ അവസ്ഥക്ക് മാറ്റം വന്നിട്ടുണ്ട്. ഒരു പാട്ടിനായി എന്നെ സമീപിക്കുമ്പോള്‍ ആദ്യം പാട്ട് അയച്ചു തരാന്‍ പറയും. ആ പാട്ടിനോട് നീതി പുലര്‍ത്താന്‍ കഴിയുന്നുണ്ടെങ്കില്‍ അത് റെക്കോര്‍ഡ് ചെയ്യും. ചില കോമ്പോസിഷന്‍സ് കേള്‍ക്കുമ്പോള്‍ ചില രീതികളും ശൈലികളും ഇഷ്ടപ്പെടും. തനിക്ക് പൂര്‍ണ്ണമായും നീതി പുലര്‍ത്താന്‍ കഴിയുമെന്ന് തോന്നുന്ന ഗാനങ്ങള്‍ മാത്രമേ ഏറ്റെടുത്ത് പാടുകയുളളൂ.

3. സിനിമ സംഗീത ജീവിതത്തിന്റെ തുടക്കം

2010 ലാണ് ആദ്യമായി സിനിമയില്‍ പാടിയത്. തെലുങ്കിലൂടെയാണ് തുടക്കം. പിന്നണി ഗായകന്‍ എന്ന് അറിയപ്പെടുന്നതിനേക്കാൾ സ്വതന്ത്രസംഗീതജ്ഞന്‍ എന്ന് അറിയപ്പെടാണ് ആഗ്രഹം. അതിന് തന്നെയാണ് എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. പാട്ട് വളരെ ചെറുപ്പം മുതലെ ഉണ്ട്. അന്നൊക്കെ യുവജനോത്സവങ്ങളിൽ സജീവമായിരുന്നു.


4. കരിയര്‍ ബ്രേക്കായ ഗപ്പി

മ്യൂസിക് കമ്പോസര്‍ വിഷ്ണു വിജയ് ആണ് ഗപ്പി എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയത്. ചെറുപ്പം മുതലെ അടുത്ത സുഹൃത്തുക്കളാണ് ഞങ്ങള്‍. വിഷ്ണുതന്നെ ഗപ്പിയിലെ തനിയേ എന്ന പാട്ട് പാടാന്‍ വേണ്ടി വിളിക്കുകയായിരുന്നു. അവന്റെ ആദ്യത്തെ പാട്ട് കൂടിയായിരുന്നു. കൂടാതെ സിനിമയുടെ സംവിധായകന്‍ ജോണ്‍ പോള്‍ ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളാണ്. അദ്ദേഹത്തിന്റെയും ആദ്യ ചിത്രമായിരുന്നു ഗപ്പി.

5. തെലുങ്കിലേക്ക്

പി.ജിക്ക് പഠിക്കുമ്പോള്‍ സംഗീത സംവിധായകന്‍ ജിവി പ്രകാശിന്റെ ഒരു ഓഡീഷന് പങ്കെടുത്തിരുന്നു. 2008 ല്‍ ആയിരുന്നു. പിന്നീട് 2009 ആണ് ആ പാട്ടിന്റെ റെക്കോര്‍ഡിങിന് വേണ്ടി വിളിച്ചത്. പ്രഭാസ് ചിത്രമായ ഡാര്‍ലിങിന് വേണ്ടിയായിരുന്നു. 2010 ലാണ് റിലീസ് ആവുന്നത്. ആ ഗാനം അവിടെ അത്യാവശ്യം ശ്രദ്ധിക്കപ്പെട്ടു. ഏതാനും പുരസ്‌കാരങ്ങളും ലഭിച്ചു. പിന്നീട് ചെന്നൈയിലേക്ക് താമസം മാറി. അങ്ങനെ കുറെ അവസരങ്ങള്‍ കിട്ടി.


6. കെ. എസ് ചിത്രക്കൊപ്പം

മാലിക്കിന് മുമ്പേ ചിത്ര ചേച്ചിക്കൊപ്പം പാടിയിട്ടുണ്ട്. തമിഴില്‍ ആയിരുന്നു ആദ്യം. പിന്നീട് ബിച്ചു തിരുമലയുടെ മകന്‍ സംഗീത സംവിധാനം നിര്‍വഹിച്ച മല്ലനും മാദേവനും എന്ന ചിത്രത്തിൽ ഒരു ഗാനം ആലപിച്ചു. എന്നാല്‍ ചിത്ര ചേച്ചിയുമായി അത്ര പരിചിയമില്ലായിരുന്നു. മാലിക്കിലെ തീരമേ തീരമേ എന്ന് തുടങ്ങുന്ന ഗാനം ഞാന്‍ കൊച്ചിയിലെ സുഷിന്റെ സ്റ്റുഡിയോയില്‍ വെച്ചും ചിത്ര ചേച്ചി ചെന്നൈയിലും ആണ് റെക്കോർഡ് ചെയ്തത്. ഇത്രയും പരിചയസമ്പത്തുള്ള ചിത്ര ചേച്ചിക്കൊപ്പം ഒരു പാട്ട് പാടാന്‍ സാധിച്ചത് വലിയ കാര്യമാണ്.

7.സ്വതന്ത്ര സംഗീതഞ്ജന്‍

സംഗീത സംവിധായകന്‍ ഗായകന്‍ എന്നതിലുപരി ഒരു സ്വതന്ത്ര സംഗീതഞ്ജനാകാനാണ് ഇഷ്ടം. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പാട്ടുകൾ പുറത്തിറക്കുന്നത്. അതിലാണ് കൂടുതല്‍ വര്‍ക്ക് ചെയ്യുന്നതും.

Tags:    
News Summary - Singer Sooraj Santhosh Latest Interview About His New Movie Sita Ramam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.