മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നതിനെ കുറിച്ചുള്ള വാർത്തകൾ പുറത്തു പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. ദാദയുടെ ജീവിതകഥ സിനിമയാകുന്നു എന്നല്ലാതെ മറ്റു വിവരങ്ങളൊന്നും പുറത്തു വന്നിരുന്നില്ല. ഇപ്പോഴിതാ ലവ് രഞ്ജിത്തും നിർമാതാവ് അങ്കൂർ ഗർഗും ഗാംഗുലിയുടെ വസതി സന്ദർശിച്ചിരിക്കുകയാണ്. മേയ് 26 നാണ് ഗാംഗുലിയുടെ കൊൽത്തയിലെ വീട്ടിലെത്തിയത്. അടുത്ത വൃത്തക്കളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെയാണ് ഇതുസംബന്ധമായ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
പുറത്ത് പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം, സിനിമയുടെ ആവശ്യത്തിനാണ് ലവ് രഞ്ജിത്തുംഅങ്കൂർ ഗർഗും ഗാംഗുലിയുടെ വസതി സന്ദർശിച്ചതെന്നാണ്. ഭാര്യ ഡോണയിൽ നിന്നും ദാദയുമായി അടുത്തു നിൽക്കുന്ന ആളുകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചെന്നാണ് വിവരം. ചിത്രത്തിനായുള്ള തിരക്കഥ ഏകദേശം പൂർത്തിയായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഗാംഗുലിയുടെ ജീവിതത്തിലെ ചില അറിയാക്കഥകളും രസകരമായ സംഭവങ്ങളും തിരക്കഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2023 അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് ഇന്ത്യ ടുഡെയുടെ റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ ബിഗ്സ്ക്രീനിൽ ആരാവും സൗരവ് ഗാംഗുലിയെ അവതരിപ്പിക്കുക എന്നതിനെക്കുറിച്ച് വ്യക്തതയായിട്ടില്ല. നടൻ രൺബീർ കപൂറിന്റെ പേരാണ് കൂടുതൽ കേൾക്കുന്നത്. കൂടാതെ നടൻ ആയുഷ്മാൻ ഖുറാനയുടെ പേരും പ്രചരിക്കുന്നുണ്ട്. ബിഗ് ബജറ്റ് ചിത്രമായ ഗാംഗുലിയുടെ ബയോപിക്ക് തിയറ്റർ റിലീസായിട്ടാകും എത്തുകയെന്നും നിർമാതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.