അന്തരിച്ച നടി ശ്രീദേവിയുടെ 60ാം പിറന്നാളിനോടനുബന്ധിച്ച് നടിക്ക് ആദരമർപ്പിച്ച് ഗൂഗിൾ ഡൂഡിൽ. ബാലതാരമായി ചുവടുവെച്ച ശ്രീദേവിയുടെ സിനിമയാത്രയാണ് ഡൂഡിൾ പ്രതിനിധാനം ചെയ്യുന്നത്. ശ്രീദേവിക്ക് പിറന്നാൾ ആശംസ നേർന്ന് ആരാധകരും സിനിമാ ലോകവും രംഗത്ത് എത്തിയിട്ടുണ്ട്.
1963 ഓഗസ്റ്റ് 13 ന് തമിഴ്നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. അച്ഛൻ അയ്യപ്പൻ അഭിഭാഷകനായിരുന്നു. അമ്മ രാജേശ്വരി. നാലാം വയസിൽ 'തുണൈവൻ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശ്രീദേവി വെള്ളിത്തിരയിൽ എത്തിയത്. ബാലതാരമായി സിനിമയിൽ എത്തിയ താരം പതിമൂന്നാം വയസിൽ കെ.ബാലചന്ദർ സംവിധാനം ചെയ്ത ‘മുണ്ട്ര് മുടിച്ച്’ എന്ന ചിത്രത്തിൽ കമൽഹാസനും രജനികാന്തിനുമൊപ്പം നായികയായി അരങ്ങേറ്റം കുറിച്ചു.‘പൂമ്പാറ്റ' ആണ് ശ്രീദേവിയുടെ ആദ്യത്തെ മലയാള ചിത്രം.അതിൽ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.
തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിൽ സജീവമായിരുന്നു ശ്രീദവേി. 2013 ൽ പദ്മശ്രീ നൽകി രാജ്യം ആദരിച്ചു. 1981 ൽ മൂന്നാംപിറയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം ലഭിച്ചു. 2017 ൽ പുറത്തിറങ്ങിയ മോം ആണ് അവസാനചിത്രം.
മൂണ്ട്രു മുടിച്ച്, പതിനാറു വയതിനിലേ, സിഗപ്പ് റോജാക്കൾ, മൂന്നാം പിറ, മിസ്റ്റർ ഇന്ത്യ, നാഗിന, ഇംഗ്ലീഷ് വിംഗ്ലീഷ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. കുമാരസംഭവം, പൂമ്പാറ്റ, ആന വളർത്തിയ വാനമ്പാടിയുടെ മകൻ, സത്യവാൻ സാവിത്രി, ദേവരാഗം ഉൾപ്പെടെ 26 ഓളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.