അന്ന് സാനിയയോട് ഷാറൂഖ് ഖാൻ ചോദിച്ചു, ‘നിങ്ങളെന്തുകൊണ്ടാണ് ശുഐബ് മാലികിനെ വിവാഹം ചെയ്തത്?

മുംബൈ: ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയുമായി വിവാഹ മോചിതനായ പാക് ക്രിക്കറ്റർ ശുഐബ് മാലിക് മൂന്നാമതും വിവാഹിതനായ വാർത്ത പുറത്തുവന്നത് കഴിഞ്ഞദിവസമാണ്. പാക് നടി സന ജാവേദിനെ വിവാഹം ചെയ്ത വിവരം മാലിക് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ജനുവരി 20നായിരുന്നു വിവാഹം. ‘ദൈവത്തിന് സ്തുതി, നീ ഞങ്ങളെ ഇണയായി സൃഷ്ടിച്ചു’ എന്നാണ് സന ജാവേദിനൊപ്പമുള്ള വിവാഹ ഫോട്ടോയുടെ കൂടെ മാലിക് കുറിച്ചത്.

മാലികിന്റെ മൂന്നാം വിവാഹം ഇന്ത്യയിലും പാകിസ്താനിലും സൃഷ്ടിച്ച വിവാദത്തിന്റെ അലയൊലികൾ അടങ്ങിയിട്ടില്ല. ശുഐബിന്റെ വിവാഹേതര ബന്ധങ്ങളിൽ സാനിയ അസ്വസ്ഥയായിരുന്നതായി പാക് ക്രിക്കറ്ററുടെ സഹോദരി തന്നെ വെളിപ്പെടുത്തലുമായി രംഗത്തുവന്നിരുന്നു. മാലികിന്റെ കുടുംബാംഗങ്ങൾ ആരും മൂന്നാം വിവാഹത്തിൽ പ​ങ്കെടുത്തിരുന്നതുമില്ല.

മാസങ്ങൾക്ക് മുമ്പ് ശുഐബ് മാലികിൽനിന്ന് വിവാഹമോചനം തേടിയിരുന്നുവെന്ന് വ്യക്തമാക്കി സാനിയയുടെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. ഊഹാപോഹങ്ങൾ പരത്തരുതെന്നും സാനിയ അഭ്യർഥിച്ചിരുന്നു.

പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ സാനിയയും ശുഐബ് മാലികും പ​ങ്കെടുത്ത പഴയ ഒരു വിഡിയോ വൈറലായിരിക്കുകയാണ്. സാനിയ- ശുഐബ് വിവാഹത്തിന് തൊട്ട് പിന്നാലെ ഒരു ബോളിവുഡ് പരിപാടിയിൽ നിന്നുള്ള വിഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പെട്ടെന്നുള്ള വിവാഹത്തെക്കുറിച്ച് ബോളിവുഡ് സൂപ്പർ താരം ഷാറൂഖ് ഖാൻ ദമ്പതികളോട് വേദിയിൽ സംസാരിക്കുന്നതിനിടെയുള്ള ദൃശ്യങ്ങളാണ് വൈറലായത്. ​

പെട്ടെന്ന് വിവാഹത്തിലേക്ക് നയിച്ചതിന്റെ കാരണത്തെക്കുറിച്ചാണ് ഷാറൂഖ് പ്രധാനമായും ചോദിച്ചത്. ‘ശുഐബിൽ ഒരുപാട് കാര്യങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. നാണക്കാരനാണ്. പൊതുവേദികളിൽ എങ്ങനെ സംസാരിക്കണമെന്ന് പഠിപ്പിക്കേണ്ടിയിരിക്കുന്നു’ എന്നായിരുന്നു ചോദ്യത്തിനുള്ള സാനിയയുടെ മറുപടി. ഇതേചോദ്യം ശുഐബിനോടും നടൻ ആവർത്തിച്ചു. ‘ചിന്തിക്കാനുള്ള സമയം കിട്ടിയില്ല, അതിന് മുമ്പ് കല്യാണം കഴിഞ്ഞു’വെന്നായിരുന്നു പാക് താരത്തിന്റെ ഉത്തരം.

ഈ ചോദ്യത്തിന് ശുഐബ് പറഞ്ഞ മറുപടിയും ഇപ്പോൾ വലിയ വിമർശനം ഉയർത്തുന്നുണ്ട്. വിവാഹ ജീവിതത്തിൽ സാനിയ സത്യസന്ധയായിരുന്നെന്നും എന്നാൽ, തമാശ പോലെയാണ് ശുഐബ് വിവാഹത്തെ കണ്ടതെന്നാണ് ഈ മറുപടി സൂചിപ്പിക്കുന്നതെന്നും ആരാധകരിൽ പലരും ചൂണ്ടിക്കാട്ടുന്നു.

2010ലായിരുന്നു ശുഐബ് മാലിക്-സാനിയ മിർസ വിവാഹം. അതേവർഷം മുൻ ഭാര്യയും ഇന്ത്യക്കാരിയുമായ ആയിഷ സിദ്ദീഖിയുമായി മാലിക് വിവാഹ മോചിതനായിരുന്നു. സാനിയയുമായുള്ള വിവാഹത്തിന് തൊട്ടുമുമ്പായിരുന്നു ശുഐബ് മാലികിന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട് ആയിഷ രംഗത്തെത്തിയത്. ആദ്യ ഭാര്യയായ തന്നിൽനിന്ന് വിവാഹമോചനം നേടാതെയാണ് സാനിയയെ വിവാഹം കഴിക്കാൻ പോകുന്നത് എന്നായിരുന്നു ആരോപണം. ഹൈദരാബാദിൽ അധ്യാപികയായിരുന്ന ആയിഷ.

പാക് അഭിനേത്രി സന ജാവേദ് ആണ് ശുഐബിന്റെ പുതിയ വധു. ജിദ്ദയിലാണ് താരം ജനിച്ചത്. നിരവധി പാക് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അവർ വേഷമിട്ടിട്ടുണ്ട്. പാക് ഗായകനായ ഉമെയ്ർ ജയ്‌സ്വാൾ ആയിരുന്നു സനയുടെ ആദ്യ ഭർത്താവ്. 2020-ലെ വിവാഹബന്ധം രണ്ടുമാസം മുമ്പ് ഇരുവരും ഔദ്യോഗികമായി വേർപ്പെടുത്തി.



Tags:    
News Summary - SRK asks Shoaib Malik why he married Sania Mirza, watch his reply

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.