രേവന്ത് റെഡ്ഡിക്ക് പൂച്ചെണ്ടുമായി താരദമ്പതികളായ നാഗാർജുനയും അമലയും

ഹൈദരാബാദ്: പുതിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വീട്ടിൽ സന്ദർശിച്ച് തെലുങ്ക് സിനിമയിലെ സൂപ്പർ താരം നാഗാർജുനയും ഭാര്യയും നടിയുമായ അമല അക്കിനേനിയും. ശനിയാഴ്ചയായിരുന്നു സന്ദർശനം. ഇരുവരും ചേർന്ന് മുഖ്യമന്ത്രിക്ക് പൂച്ചെണ്ട് സമ്മാനിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നു.

പുതിയ ചിത്രം ‘നാ സാമി രംഗ’യുടെ തിരക്കുകളിലാണ് നാഗാർജുന. താരത്തിന്റെ 99ാമത്തെ സിനിമയാണിത്. ജോഷി സംവിധാനം ചെയ്ത് 2019ല്‍ റിലീസായ പൊറിഞ്ചു മറിയം ജോസ് എന്ന മലയാള ചിത്രത്തിന്റെ റീമേക്കാണിത്. ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് ജോസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം കേരള ബോക്സോഫിസില്‍ വന്‍ വിജയമായിരുന്നു.

നാഗാര്‍‌ജുന ജോജുവിന് പകരം പ്രധാന വേഷത്തില്‍ എത്തുമ്പോൾ ചെമ്പന്‍ വിനോദിന്‍റെ വേഷം അല്ലാരി നരേഷ് ചെയ്യുന്നു. ആഷിക രംഗനാഥാണ് നായിക. രുക്ഷാർ ധില്ലൻ, മിർണ മേനോൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രസന്ന കുമാർ ബെസവാഡയുടെ തിരക്കഥയിൽ വിജയ് ബിന്നി ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന സിനിമയുടെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കുന്നത് ഓസ്കാർ അവാർഡ് ജേതാവ് എം.എം കീരവാണിയാണ്.

സുരേഷ് ഗോപി നായകനായ ‘എന്റെ സൂര്യപുത്രിക്ക്’, മോഹൻലാൽ നായകനായ ‘ഉള്ളടക്കം’ എന്നീ സിനിമകളിലൂടെ മലയാളികൾക്ക് പരിചിതയാണ് അമല. മഞ്ജുവാര്യർ പ്രധാന വേഷത്തിൽ എത്തിയ ‘c/o സൈറ ബാനു’ എന്ന ചിത്രമാണ് അവസാനമായി അഭിനയിച്ച മലയാള ചിത്രം. ഇരുവരുടെയും മകൻ അഖിൽ അക്കിനേനി തെലുങ്ക് സിനിമയിലെ പ്രമുഖ നടന്മാരിൽ ഒരാളാണ്.

Tags:    
News Summary - Star couple Nagarjuna and Amala with a bouquet for Revanth Reddy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.