മുംബൈ: ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന്‍റെയും നടി തപ്സി പന്നുവിന്‍റെയും വീട്ടിൽ വ്യാഴാഴ്ചയും ആദായനികുതി വകുപ്പിന്‍റെ പരിശോധന തുടരും. ഇവരെക്കൂടാതെ മധു മന്ദേന, വികാസ് ബാൽ എന്നിവരുടെ വീട്ടിലും ഓഫിസും ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നുണ്ട്.
മുംബൈ, പുണെ എന്നിവിടങ്ങളിലെ വീടുകളിലും വിവിധ ഓഫിസുകളിലുമായി 20ഓളം ഇടങ്ങളിൽ ബുധനാഴ്ച ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ബുധനാഴ്ച ആറുമണിക്കൂറോളമാണ് അനുരാഗിന്‍റെയും തപ്സിയുടെയും വീടുകളിൽ പരിശോധന നടത്തിയത്. റിേട്ടൺ സമർപ്പിച്ചതും ലാഭവിവരകണക്കുകളും തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റെയ്ഡ്. മൂന്നുദിവസത്തോളം പരിശോധന തുടരുമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. താരങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റൽ തെളിവുകളും ശേഖരിക്കുന്നതിന് സമയം ആവശ്യമാണെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി.
നാലുപേരെയും ആദായനികുതി വകുപ്പ് വ്യാഴാഴ്ച ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. ഫാന്‍റം ഫിലിംസ് നികുതി വെട്ടിക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ് പരിശോധനയും ചോദ്യം ചെയ്യലും.
കേന്ദ്രസർക്കാറിന്‍റെ നയങ്ങളെ നിരന്തരം വിമർശിക്കുന്നവരാണ് അനുരാഗ് കശ്യപും തപ്സി പന്നുവും. കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങളെ പിന്തുണച്ച് തപ്സി പന്നു നടത്തിയ പ്രസ്താവനകൾ കേന്ദ്രത്തെ ചൊടിപ്പിച്ചിരുന്നു. ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്നവരെ അധികാര സ്ഥാപനങ്ങൾ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്നാരോപിച്ച് നിരവധിേപർ താരങ്ങൾക്ക് പിന്തുണയുമായി എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.