കോഴിക്കോട്: 2019ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ കമ്മിറ്റി ചെയർമാനായി ആരെ നിയോഗിക്കും? പല പേരുകൾ ഉയർന്നു. ഒടുവിൽ കുമാർ സാഹ്നി എന്ന സമാന്തര സിനിമാ വക്താവിനെ അവാർഡ് കമ്മിറ്റി ചെയർമാനാക്കാൻ തീരുമാനിച്ചു. ആർട്ട് സിനിമകളെ മാത്രം മനസ്സിൽ താലോലിക്കുന്ന സാഹ്നി ഏറെ നിർബന്ധിച്ചശേഷം ചെയർമാനാകാൻ സമ്മതിച്ചു.
എന്നാൽ, വിധിനിർണയത്തിനെത്തിയ ജോസഫ്, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ വാണിജ്യസിനിമകളൊന്നും ചെയർമാനായ സാഹ്നിക്ക് ഇഷ്ടമായില്ല. കാന്തൻ ദ ലവര് ഓഫ് കളര് എന്ന സിനിമയാണ് മികച്ച സിനിമയായി തിരഞ്ഞെടുത്തത്. മികച്ച സിനിമയുടെ സംവിധായകന് മികച്ച സംവിധായകനുള്ള അവാർഡ് നൽകണമെന്നും സാഹ്നി നിർദേശിച്ചു.
എന്നാൽ, അവാർഡ് നിർണയ സമിതിയിലെ മറ്റംഗങ്ങൾ ചെയർമാനോട് ശക്തമായി വിയോജിച്ചു. മികച്ച സംവിധായകൻ, നടി തുടങ്ങി ആറു വിഭാഗങ്ങളിൽ ചെയർമാന്റെ നിർദേശം അംഗങ്ങൾ തള്ളി. അവാർഡ് കമ്മിറ്റി യോഗം ബഹിഷ്കരിച്ച് കൊൽക്കത്തക്ക് വണ്ടികയറിയ കുമാർ സാഹ്നിയുടെ സാന്നിധ്യമില്ലാതെയാണ് അന്നത്തെ സാംസ്കാരികമന്ത്രി എ.കെ. ബാലൻ അവാർഡ് പ്രഖ്യാപിച്ചത്.
തന്റെ അടുത്ത ചിത്രം കേരളത്തിനുള്ള ആദരമായിരിക്കുമെന്ന് സാഹ്നി പ്രഖ്യാപിച്ചിരുന്നു. എം. ഗോവിന്ദന്റെ പ്രശസ്തമായ ‘സർപ്പം’ എന്ന നോവൽ വെള്ളിത്തിരയിലെത്തിക്കാൻ എഴുപതുകളിൽതന്നെ കുമാർ സാഹ്നി ശ്രമം തുടങ്ങിയിരുന്നു. ഗോവിന്ദൻ ജീവിച്ചിരിക്കുമ്പോൾ തിരക്കഥയുടെ രൂപമുണ്ടാക്കി ചർച്ച നടത്തിയിരുന്നു.
തിരക്കഥ പുതുക്കി മമ്മൂട്ടിയെ നായകനാക്കാനായിരുന്നു സാഹ്നിയുടെ ആഗ്രഹം. സാഹ്നിയുടെ മരണത്തോടെ ആ സ്വപ്നം പൊലിയുകയാണ്. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമാണ് ഒരുക്കിയതെങ്കിലും ഇന്ത്യൻ സിനിമയിൽ പകരംവെക്കാനില്ലാത്ത പ്രതിഭയായിരുന്നു കുമാർ സാഹ്നി.
സമാന്തര സിനിമാ പ്രസ്ഥാനത്തിന് പുത്തൻ ഊർജം പകർന്ന സാഹ്നി സംവിധാനംചെയ്ത ചിത്രങ്ങളെല്ലാം ആസ്വാദകരുടെ മനസ്സിൽ ഇടംനേടിയിരുന്നു. അഞ്ച് ഫീച്ചർ ചിത്രങ്ങൾ മാത്രമാണ് സാഹ്നി സംവിധാനം ചെയ്തത്. കഴിവുറ്റ സംവിധായകനായിരുന്നിട്ടും നിർമാതാക്കളെ കിട്ടാൻ ഏറെ ബുദ്ധിമുട്ടിയിരുന്നു. 1972ൽ ആദ്യ സിനിമയായ ‘മായ ദർപൺ’ ഫിലിം ഫിനാൻസ് കോർപറേഷന്റെ സഹായത്തോടെയാണ് നിർമിച്ചത്.
നവതരംഗ സിനിമകൾ കറുപ്പിലും വെളുപ്പിലും മാത്രം സംവിധാനംചെയ്യുന്ന കാലത്താണ് ‘മായ ദർപൺ’ കളർ ചിത്രമായി ഇറങ്ങിയത്. ശബ്ദം, വെളിച്ചം, രംഗസംവിധാനം, എഡിറ്റിങ് തുടങ്ങി മുഴുവൻ മേഖലകളിലും സംവിധായകന്റെ മുദ്രപതിഞ്ഞ ചിത്രമായിരുന്നു അത്. അക്കാലത്ത് ഇന്ത്യയിൽ ഇത്തരം ഫോർമലിസ്റ്റ് സിനിമ ആദ്യമായാണ് പിറവിയെടുക്കുന്നത്.
മായ ദർപണിനുശേഷം സാഹ്നിക്ക് നീണ്ട ഇടവേളയായിരുന്നു. ലേഖനങ്ങളും മറ്റും എഴുതുന്നതിലായിരുന്നു ശ്രദ്ധ. 12 വർഷത്തിനുശേഷമാണ് അടുത്ത ചിത്രം. ‘തരംഗ്’ എന്ന ഈ ചിത്രത്തിൽ സ്മിത പാട്ടീൽ, അമോൽ പലേക്കർ, ഗിരീഷ് കർണാട്, ഓംപുരി തുടങ്ങിയ താരങ്ങൾ അഭിനയിച്ചിരുന്നു. തൊഴിലാളിപ്രശ്നങ്ങളും വ്യവസായവത്കരണവുമാണ് ഈ സിനിമയുടെ ഇതിവൃത്തം.
റോബർട്ടോ റോസല്ലിനിയും റോബർട്ട് ബ്രസണുമാണ് സാഹ്നിയെ പ്രധാനമായും സ്വാധീനിച്ച രണ്ടു സംവിധായകർ. പാരിസിൽ ബ്രസണിന്റെ സഹസംവിധായകനായും പ്രവർത്തിച്ചിരുന്നു. ഋത്വിക് ഘട്ടക്കായിരുന്നു ഗുരു.
സുഹൃത്തുക്കളായ മണി കൗളിനും കുമാർ സാഹ്നിക്കും ഏറക്കുറെ ഒരേ സിനിമാരീതികളായിരുന്നു. വെറുമൊരു സിനിമക്കാരൻ മാത്രമായിരുന്നില്ല കുമാർ സാഹ്നി. സംഗീതത്തിലും ചിത്രകലയിലും ചരിത്രത്തിലും പുരാണങ്ങളിലും അഗാധമായ അറിവുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.