ഭക്ഷണ വിവേചനത്തെപ്പറ്റി അന്ന് സുഹാസിനി പറഞ്ഞത് ഇതാണ്; ചർച്ചയായി നടിയുടെ പഴയ വെളിപ്പെടുത്തൽ

കണ്ണൂരിലെ മുസ്‌ലിം വിവാഹ വീടുകളിലെ ഭക്ഷണരീതികളെക്കുറിച്ച് നടി നിഖില വിമൽ പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. “കോളജിൽ പഠിക്കുമ്പോഴാണ് മുസ്‌ലിം കുട്ടികളുടെ കല്യാണത്തിന് പോയിത്തുടങ്ങിയത്. സ്ത്രീകളൊക്കെ അവിടെ അടുക്കള ഭാഗത്തിരുന്നേ ഭക്ഷണം കഴിക്കാൻ പാടുള്ളൂ. മുമ്പിലാണ് ആണുങ്ങൾക്കൊക്കെ ഉള്ള ഭക്ഷണം. ഇപ്പോഴും അതിന് വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല,” എന്നായിരുന്നു നിഖിലയുടെ വാക്കുകൾ. ഇർഷാദ് പരാരി സംവിധാനം ചെയ്ത ‘അയൽവാശി’ എന്ന സിനിമയുടെ പ്രമോഷനിടെയാണ് പഴയ ഓര്‍മകള്‍ നിഖില പങ്കുവച്ചത്.

സമാനമായ അനുഭവത്തെ കുറിച്ച് മാസങ്ങൾക്കുമുൻപ് നടിയും സംവിധായികയുമായ സുഹാസിനി മണിരത്നവും ഒരു വേദിയിൽ തുറന്നു പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞയുടനെ ഒരു വീട്ടിൽ വിരുന്നിനു പോയപ്പോൾ ഉണ്ടായ വിവേചനത്തെ കുറിച്ചാണ് സുഹാസിനി അന്ന് പറഞ്ഞത്.

‘കല്യാണം കഴിഞ്ഞ സമയത്ത് ഭര്‍ത്താവിനെക്കാള്‍ സക്‌സസ്ഫുള്ളായിരുന്നു ഞാന്‍. അപ്പോള്‍ അദ്ദേഹത്തിന്റെ ബങ്ക് അക്കൗണ്ടില്‍ 15000 രൂപയായിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹം ഉയര്‍ന്നുവന്നുകൊണ്ടിരുന്ന സംവിധായകന്‍ ആയിരുന്നു. നായകനും അഗ്നിനച്ചത്തിരവും റിലീസ് ചെയ്തു. അഞ്ചാറ് സിനിമയായിരുന്നു മണി അന്ന് സംവിധാനം ചെയ്തിരുന്നത്. ഞാന്‍ അപ്പോഴേക്കും ഒരു 90 പടത്തിലെങ്കിലും അഭിനയിച്ചുകാണും. ഞങ്ങളുടേത് അറേഞ്ച്ഡ് മാര്യേജായിരുന്നു.

കല്യാണം കഴിച്ച സമയത്ത് മണിയുടെ സുഹൃത്ത് ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചു. വളരെ പ്രൊഫഷണലായ ആളുകളായിരുന്നു ആ ഭാര്യയും ഭര്‍ത്താവും. വലിയ വീടായിരുന്നു അവരുടേത്. ഡൈനിങ് റൂമിനൊപ്പം തന്നെ അടുക്കളയോട് ചേര്‍ന്നും ഒരു ഡൈനിങ് ടേബിള്‍ ഉണ്ടായിരുന്നു. അവിടുത്തെ സ്ത്രീയോട് ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവരുടെ അമ്മായിയമ്മയും ഒപ്പം ഉണ്ടായിരുന്നു. ഭക്ഷണം ഡൈനിങ് ടേബിളില്‍ കൊണ്ടുവെച്ചപ്പോള്‍ ഞാന്‍ എഴുന്നേറ്റു. അപ്പോള്‍ അവര്‍ എന്നോട് അവിടെ ഇരിക്കാന്‍ പറഞ്ഞു. എല്ലാവര്‍ക്കും ഭക്ഷണം കഴിക്കാം. എന്നാല്‍ പുതുതായി കല്യാണം കഴിഞ്ഞ പെണ്ണിന് കഴിക്കാന്‍ പറ്റില്ല, ഷോക്കായിപ്പോയി. ആണുങ്ങൾക്ക് ആദ്യം, പെണ്ണുങ്ങൾക്ക് പിന്നീട് എന്നൊന്നും ഞാൻ മുൻപു കേട്ടിരുന്നില്ല. ആണുങ്ങളൊക്കെ കഴിച്ചുകഴിഞ്ഞ് ഞങ്ങൾ മൂന്നു സ്ത്രീകളും അടുക്കളയിലെ ചെറിയ ഡൈനിങ് ടേബിളിലിരുന്ന ഭക്ഷണം കഴിച്ചു.’ -സുഹാസിനി പറയുന്നു.

വീട്ടിൽ സഹായിയായി നിൽക്കുന്ന സ്ത്രീ പറഞ്ഞ ഒരു കാര്യം തന്നെ അമ്പരപ്പിച്ച അനുഭവവും സുഹാസിനി ഓർത്തെടുക്കുന്നു. ‘വീട്ടിൽ ഞാനും മണിയും മകനുമാണ് താമസം, സഹായത്തിന് കുറച്ചു പ്രായമായ ഒരു സ്ത്രീയുമുണ്ട്. ഒരുനാൾ ഞാൻ അവരോടു ചോദിച്ചു, ചപ്പാത്തിയോ കുറുമയോ അങ്ങനെയെന്തെങ്കിലും സ്പെഷൽ ആയി ഉണ്ടാക്കിയാലോ? എത്ക്ക് മാ? എന്നായിരുന്നു അവരുടെ ചോദ്യം. നമുക്ക് നന്നായി കഴിക്കാലോ എന്നു പറഞ്ഞപ്പോൾ ഒന്നും വേണ്ട, തൈര് സാദം ഉണ്ടാക്കാം എന്നവർ മറുപടി പറഞ്ഞു. അതെന്താ എന്നു ചോദിച്ചപ്പോൾ സാർ ഊരിലില്ലല്ലോ എന്നായിരുന്നു അവരുടെ മറുപടി. സാറുള്ളപ്പോൾ ഉണ്ടാക്കാം, ഇപ്പോൾ നമ്മളും കുഞ്ഞുമല്ലേ ഉള്ളൂ, തൈര് സാദം ഉണ്ടാക്കാം. ഒരു നിമിഷത്തിൽ എന്നെ അടിച്ചിട്ടതുപോലെയായി. നീ പെണ്ണല്ലേ, നിനക്ക് എന്തിന് രുചികരമായ ഭക്ഷണം എന്നു ചോദിച്ചതുപോലെയായി. കാലാകാലങ്ങളായി ഇതു നമ്മുടെ മേൽ അടിച്ചേൽപ്പിച്ചൊരു വിഷയമാണ്. നമ്മളെത്ര മാറിയിട്ടും കാലം മാറുന്നില്ലല്ലോ എന്നാണ് അപ്പോള്‍ ചിന്തിച്ചത് -അവർ പറയുന്നു.

Tags:    
News Summary - This is what Suhasini said about food discrimination; The actress's old revelation was discussed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.