തെന്നിന്ത്യൻ സംവിധായകനിൽ നിന്ന് നേരിട്ട ദുരനുഭവം പങ്കുവെച്ച് ബോളിവുഡ് താരം ഉപാസന സിങ്. രാത്രിജുഹുവിലെ ഒരു ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും സംവിധായകന്റെ വാക്കുകൾ തനിക്ക് മാനസികാഘാതമുണ്ടാക്കിയെന്നും നടി അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു. ഒരാഴ്ചയോളം മുറിയിൽ നിന്ന് പുറത്തിറങ്ങാതെ ഇരുന്നുവെന്നും ഉപാസന കൂട്ടിച്ചേർത്തു.
' സൗത്തിലെ ഒരു പ്രമുഖ സംവിധായകന്റെ അനിൽ കപൂർ ചിത്രത്തിനായി ഞാൻ കരാർ ഒപ്പിട്ടിരുന്നു. സാധാരണ അമ്മക്കോ സഹോദരിക്കോ ഒപ്പമാണ് ആ സംവിധായകനെ കാണാനായി ഓഫീസിൽ പോയിരുന്നത്. ഒരിക്കൽ അയാൾ അമ്മക്കൊപ്പം വരുന്നതിനെക്കുറിച്ച് എന്നോട് ചോദിക്കുകയും ചെയ്തിരുന്നു.
ഒരു ദിവസം അയാൾ എന്നോട് രാത്രി 11.30 ന് ജുഹുവിലെ ഹോട്ടലിലേക്ക് വരാൻ പറഞ്ഞു. യാത്ര ചെയ്യാൻ കാറില്ലാത്തതുകൊണ്ട് അടുത്ത ദിവസം രാവിലെ വരാമെന്ന് ഞാൻ പറഞ്ഞു. എന്നാൽ അർഥം മനസിലായില്ലേ എന്ന് അയാൾ എന്നോട് തിരിച്ച് ചോദിച്ചു. അന്നെനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. തൊട്ട് അടുത്ത ദിവസം രാവിലെ ഞാൻ അയാളുടെ ഓഫീസിലെത്തി.അവിടെ ഒരു മീറ്റിങ് നടക്കുകയായിരുന്നു. മൂന്ന്, നാല് പേരുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ സെക്രട്ടറി എന്നോട് പുറത്ത് കാത്തിരിക്കാൻ ആവശ്യപ്പെട്ടു, പക്ഷേ ഞാൻ ചെയ്തില്ല. പഞ്ചാബി ഭാഷയിൽ അയാളെ ചീത്ത വിളിച്ചു. ഓഫീസിൽ നിന്ന് ഇറങ്ങിയപ്പോൾ ഞാൻ കാരാർ ഒപ്പിട്ട അനിൽ കപൂർ സിനിമയെക്കുറിച്ചോർത്തു. ഈ സിനിമയെക്കുറിച്ച് ഞാൻ പലരോടും പറഞ്ഞിരുന്നു. പുറത്തിറങ്ങി നടക്കുമ്പോൾ എനിക്ക് കരച്ചിൽ അടക്കാനായില്ല.
ഈ സംഭവം എന്നിൽ വലിയ ആഘാതം ഉണ്ടാക്കി. ഏഴ് ദിവസം ഞാൻ മുറിയിൽ നിന്ന് പുറത്തിറങ്ങിയില്ല. ആളുകളോട് എന്ത് പറയും എന്ന് ആലോചിച്ച് കരയുകയായിരുന്നു. പക്ഷേ, ആ ഏഴു ദിവസങ്ങൾ എന്നെ കൂടുതൽ ശക്തയാക്കി. എനിക്ക് പിന്തുണ നൽകാൻ എന്റെ അമ്മ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. അവരെക്കുറിച്ച് ആലോചിച്ചതോടെ സിനിമ ഉപേക്ഷിക്കില്ലെന്ന് തീരുമാനിച്ചു' ഉപാസന സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.