ഇന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാൻ. ഷാറൂഖ് ഖാനെ കേന്ദ്രകഥാപാത്രമാക്കി അറ്റ് ലി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ ഏഴിനാണ് തിയറ്ററുകളിൽ എത്തുന്നത്. എസ്. ആർ.കെ ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് തെന്നിന്ത്യൻ താരസുന്ദരി നയൻതാരയാണ്. നടിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രമാണിത്. നയൻസിനോടൊപ്പം നടൻ വിജയ് സേതുപതിയും ജവാനിൽ എത്തുന്നുണ്ട്. സംഗീത സംവിധാനം അനിരുദ്ധാണ്.
സിനിമയുടെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ നയൻതാരക്കും ജവാൻ ടീമിനും ആശംസയുമായി സംവിധായകൻ വിഘ്നേഷ് ശിവൻ എത്തിയിരിക്കുകയാണ്. ടീസർ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. 'രാജവിനൊപ്പമുള്ള സ്വപ്ന അരങ്ങേറ്റത്തിനൊരുങ്ങുന്ന നയൻതാരക്കും അനിരുദ്ധിനും ആശംസകൾ. വിജയ് സേതുപതിക്കും അഭിനന്ദനം'. ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നെന്നും വിഘനേഷ് ശിവൻ കുറിച്ചു. സംവിധായകൻ അറ്റ്ലി തിരിച്ച് നന്ദിയും അറിയിച്ചിട്ടുണ്ട്.
ജവാന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഷാറൂഖ് ഖാന്റെ വ്യത്യസ്ത ഗെറ്റപ്പുകളാണ് ടീസറിലെ ഒരു ആകർഷണം. കൂടാതെ ഉഗ്രൻ ഫൈറ്റ് രംഗങ്ങളും ചിത്രത്തിന് വേണ്ടിയുള്ള ആകാംക്ഷ വർധിപ്പിച്ചിട്ടുണ്ട്. നടി ദീപിക പദുകോണും കാമിയോ റോളിൽ എത്തുന്നുണ്ട്. പ്രിയാമണി, സന്യ മല്‍ഹോത്ര എന്നിവരാണ് മറ്റുതാരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.