മലയാളികളുടെ നിത്യഹരിത നായകന്മാരിൽ ഒരാളാണ് നടൻ മമ്മൂട്ടി. തന്‍റെ ആരോഗ്യ സംരക്ഷണത്തിനും പ്രായം പുറത്തറിയാതിരിക്കാനും താരം സ്വീകരിക്കുന്ന മാർഗങ്ങൾ എന്നും പ്രേക്ഷകർക്കിടയിൽ ചർച്ചാവിഷയമാണ്. തന്‍റെ 72-ാം വയസിലും ചുറുചുറുക്കോടെയിരിക്കുന്ന മമ്മൂട്ടി ഇതിനായി നിരവധി കഠിനമാർഗങ്ങളാണ് സ്വീകരിക്കുന്നത്. ഇതേക്കുറിച്ചുള്ള സഹതാരത്തിന്‍റെ വെളിപ്പെടുത്തൽ ഇപ്പോൾ വൈറലായിരിക്കുകയാണ്.
വർഷങ്ങളായി മമ്മൂട്ടി തന്‍റെ ഭക്ഷണക്രമത്തിൽ കടുത്ത നിയന്ത്രണങ്ങൾ പാലിക്കുന്നയാളാണ്. ഇതേക്കുറിച്ച് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 'രൗദ്രം' എന്ന തന്‍റെ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ മമ്മൂട്ടിക്കൊപ്പം ചിലവഴിച്ച നിമിഷങ്ങളാണ് നടൻ ഓർത്തെടുക്കുന്നത്.
‘ചിത്രത്തിന്റെ ഷൂട്ടിങ്ങ് വേളയിൽ ഞാനും മമ്മുക്കയും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. അദ്ദേഹം വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം ഒപ്പമുള്ളവർക്കും നൽകും. എന്നാൽ ഭക്ഷണം കഴിക്കുന്ന മമ്മൂക്ക അത് ഒട്ടും ആസ്വദിക്കുന്നില്ല എന്ന് എനിക്ക് തോന്നി. ഇതേപ്പറ്റി ഞാൻ ചോദിക്കുകയും ചെയ്തു. അപ്പോൾ അദ്ദേഹം പറഞ്ഞത് രുചിയില്ല എന്നാണ്. അപ്പോ ഞാൻ ചോദിച്ചു, എന്തെങ്കിലും അസുഖമുണ്ടോ എന്ന്. ഭക്ഷണം വർജ്ജിച്ച് വർജ്ജിച്ച് ഇപ്പോൾ എനിക്ക് രുചിയെല്ലാം നഷ്ടപ്പെട്ടുപോയി എന്നാണ് അപ്പോൾ മമ്മുക്ക പറഞ്ഞത്’-രഞ്ജി പണിക്കർ പറയുന്നു.
‘ഇഷ്ടപ്പെട്ട ഭക്ഷണം ലോകത്തിന്റെ ഏതു കോണിൽ നിന്നും കഴിക്കാൻ സ്ഥിതിയുള്ള ആളാണ് മമ്മൂക്ക. എന്നിട്ടും അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടിവരുന്നു. അദ്ദേഹത്തിന് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ പേടിയാണ്. എല്ലാവരും മമ്മൂക്ക ഇപ്പോഴും ഇത്ര ചെറുപ്പമായിരിക്കുന്നു എന്ന് പറയും. ആ മനുഷ്യന് അതൊരു ബാധ്യതയാണ്. അത് കാത്തുസൂക്ഷിക്കാൻ വർഷങ്ങളായി അദ്ദേഹം കഷ്ടപ്പെടുകയാണ്’-രഞ്ജി പണിക്കർ കൂട്ടിച്ചേർത്തു.
നാം ജീവിതത്തിൽ നിലനിർത്താനാഗ്രഹിക്കുന്ന എന്തിനും ഒരു വിലകൊടുക്കണമെന്നും രജ്ഞി പണിക്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.