വിഖ്യാത നടി ആശാ പരേഖിനായിരുന്നു 2020-ലെ ദാദാ സാഹിബ് ഫാൽക്കേ പുരസ്കാരം. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകിയത്. അറുപതുകളിലേയും എഴുപതുകളിലേയും ഹിന്ദി സിനിമയിലെ മുൻനിര നായികമാരിലൊരാളാണ് ആശാ പരേഖ്. അറുപതുകളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ നടികൂടിയാണ് ആശാ.
ഫാൽക്കേ പുരസ്കാര ലബ്ധിക്കുതൊട്ടുപിന്നാലെ അവരുടെ പഴയൊരു അഭിമുഖം വൈറലായി. അതിൽ താൻ വിവാഹം കഴിക്കാത്തതിന്റെ കാരണമാണ് നടി വെളിപ്പെടുത്തുന്നത്. വിവാഹത്തെപറ്റി താൻ ഗൗരവമായി ചിന്തിച്ചിരുന്നെന്നും അതൊരിക്കലും വാർധക്യ ത്തിൽ ഒരു കൂട്ട് എന്ന ഉദ്ദേശ്യത്തിലായിരുന്നില്ലെന്നും അവർ പറഞ്ഞു. എന്നാൽ ചില അനുഭവങ്ങളാണ് വിവാഹം വേണ്ടെന്ന് വയ്ക്കാൻ കാരണമെന്നും ആശ 2019 ൽ വെർവ് മാഗസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
'അമ്മ കണ്ടുപിടിച്ചുതരുന്ന ആൺകുട്ടികളുമായി ഞാൻ പുറത്തേക്ക് പോകാൻ ശ്രമിക്കുമ്പോഴുള്ള അനുഭവം എെന്ന വിവാഹത്തിൽനിന്ന് അകറ്റിയിട്ടുണ്ട്. അവർ എന്നെക്കാളും കൂടുതൽ സമയമെടുത്താണ് ഒരുങ്ങുന്നത്. കലഹപ്രിയരും ആത്മാരാധകരുമായിരുന്നു അവരിൽ അധികവും. ഒപ്പം എന്റെ സിനിമയിലെ ഹീറോകളുടെ അനുഭവവും എന്നെ വിവാഹത്തിൽ നിന്ന് പിന്തിരിപ്പിച്ചു. രാജേഷ് ഖന്നയും വിനോദ് ഖന്നയും പോലുള്ള സഹപ്രവർത്തകരെ അവരുടെ ഭാര്യമാർ വഴക്കുപറയുന്നത് കണ്ടിട്ടുണ്ട്. ഷൂട്ട് കഴിഞ്ഞ് രാത്രിയിലും മറ്റും വീട്ടിൽ തിരികെചെല്ലാതെ കറങ്ങി നടക്കുന്നതിനാകും ഈ വഴക്കുകൾ. എന്നെ ആരും ഇത്തരത്തിൽ നിയന്ത്രിക്കുന്നത് എനിക്ക് ഇഷ്ടമായിരുന്നില്ല'-ആശ പറയുന്നു.
ഒരിക്കൽ താൻ വിവാഹത്തിന് അടുത്തുവരെയെത്തിയെന്നും അവർ പറഞ്ഞു. 'യുഎസിൽ നിന്നുള്ള ഒരു പ്രൊഫസറുമായി ഒരിക്കൽ ഞാൻ വിവാഹത്തിന് അടുത്തുവരെ എത്തിയിരുന്നു. ഞാൻ അദ്ദേഹത്തെ ഒരിക്കൽ സന്ദർശിക്കാൻ പോയി. ഞങ്ങൾ പുലർച്ചെ 2 മണിക്ക് ഒരു കഫേയിലിരിക്കുമ്പോൾ, അയാൾ എന്റെ നേരെ തിരിഞ്ഞു പറഞ്ഞു. എനിക്കൊരു കാമുകിയുണ്ട്. നിങ്ങൾ ഇപ്പോൾ ഞങ്ങൾ ഇരുവരുടേയും ഇടയിലാണ്. നിസ്സംഗതയോടെയുള്ള ഈ സംസാരം എന്നെ അതിശയപ്പെടുത്തി. അതായിരുന്നു എന്റെ അവസാനത്തെ വിവാഹശ്രമം'-ആശ പറയുന്നു.
ബേബി ആശാ പരേഖ് എന്ന പേരിൽ ബാലതാരമായാണ് അവർ തന്റെ കരിയർ ആരംഭിച്ചത്. മാ (1952), ബാപ് ബേട്ടി (1954) എന്നീ ചിത്രങ്ങളിൽ കുട്ടിക്കാലത്തുതന്നെ അഭിനയിച്ചു. 1959-ൽ ദിൽ ദേകെ ദേഖോ എന്ന ചിത്രത്തിലൂടെ ഷമ്മി കപൂറിനൊപ്പം അവർ നായികയായി അരങ്ങേറ്റം കുറിച്ചു. ജബ് പ്യാർ കിസി സേ ഹോതാ ഹേ (1961), ഫിർ വോഹി ദിൽ ലയാ ഹൂൻ (1963), തീസ്രി മൻസിൽ, ദോ ബദൻ (1966), ബഹറോൺ കെ സപ്നെ (1967) തുടങ്ങിയ നിരവധി ഹിറ്റ് സിനിമകളിൽ ആശ അഭിനയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.