‘ഇസ്രായേലികളോ ഫലസ്തീനികളോ നിങ്ങളെ ആക്രമിക്കുമ്പോള്‍ എന്‍റെ പോരാട്ടം കാണാം’; കരണത്തടിയിൽ പ്രതികരിക്കാത്ത ബോളിവുഡിനെതിരെ കങ്കണ

ന്യൂഡൽഹി: കർഷക സമരത്തെ ഇകഴ്ത്തിയതിനുള്ള പ്രതികാരമായി സി.ഐ.എസ്.എഫ് വനിത കോൺസ്റ്റബിൾ കരണത്തടിച്ച സംഭവത്തിൽ പ്രതികരിക്കാത്ത ബോളിവുഡിലെ സിനിമ പ്രവർത്തകരെ രൂക്ഷ വിമർശനവുമായി നടിയും ബി.ജെ.പി നിയുക്ത എം.പിയുമായ കങ്കണ റണാവത്ത്. അഭിപ്രായം പറഞ്ഞതിന്‍റെ പേരില്‍ തന്നെ ആക്രമിച്ച സംഭവത്തില്‍ എന്തുകൊണ്ടാണ് സിനിമ പ്രവര്‍ത്തകര്‍ പ്രതികരിക്കാതിരിക്കുന്നതെന്ന് കങ്കണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയിൽ ചോദിച്ചു. സ്റ്റോറിയിട്ട് കുറച്ച് സമയത്തിന് ശേഷം കങ്കണ അത് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് പിൻവലിക്കുകയും ചെയ്തു.

കരണത്തടി കിട്ടിയ നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. എന്നാൽ, കോൺസ്റ്റബിളിന്‍റെ ആക്രമണത്തിൽ ബോളിവുഡിലെ പ്രമുഖർ പ്രതികരിക്കാൻ തയാറാകാത്തതാണ് നടിയെ പ്രകോപിപ്പിച്ചത്.

പ്രിയ സിനിമ പ്രവര്‍ത്തകരെ, ഒന്നുകില്‍ നിങ്ങള്‍ ആഘോഷിക്കുകയായിരിക്കും. അല്ലെങ്കില്‍ എനിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പൂര്‍ണമായും മൗനത്തിലായിരിക്കും. ഓര്‍ക്കുക, നാളെ രാജ്യത്തോ അല്ലെങ്കില്‍ പുറത്തെവിടയോ തെരുവിലൂടെ നടക്കുമ്പോള്‍ ഇസ്രായേലിനെയോ ഫലസ്തീനെയോ അനുകൂലിച്ചതിന്റെ പേരില്‍ ഏതെങ്കിലും ഇസ്രായേലികളോ ഫലസ്തീനികളോ നിങ്ങളെ ആക്രമിക്കുമ്പോള്‍ നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ഞാന്‍ പോരാടുന്നത് കാണാം -കങ്കണ ഇൻസ്റ്റയിൽ കുറിച്ചു.

കഴിഞ്ഞ ദിവസം ഡല്‍ഹിയിലേക്കുള്ള യാത്രക്കായി മൊഹാലി വിമാനത്താവളത്തിലെത്തിയപ്പോഴാണ് സി.ഐ.എസ്.എഫ് വനിത കോൺസ്റ്റബിൾ കങ്കണയുടെ കരണത്തടിച്ചത്. പതിവ് സുരക്ഷ പരിശോധനക്കു പിന്നാലെയാണ് കങ്കണയെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ കുല്‍വിന്ദര്‍ കൗർ മർദിച്ചത്.

കര്‍ഷക സമരത്തിൽ പങ്കെടുത്ത സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ കങ്കണ നടത്തിയ പരാമർശമാണ് കോൺസ്റ്റബിളിനെ പ്രകോപിപ്പിച്ചത്. ഈ സമരത്തിൽ കുല്‍വിന്ദര്‍ കൗറിന്‍റെ മാതാവും പങ്കെടുത്തിരുന്നു. 100 രൂപക്ക് വേണ്ടിയാണ് കർഷകർ സമരം ചെയ്യുന്നതെന്നായിരുന്നു കങ്കണ അന്ന് പറഞ്ഞത്.

കരണത്തടിയേറ്റ് ഡൽഹിയിലെത്തിയ കങ്കണ, പഞ്ചാബിൽ തീവ്രവാദം വർധിച്ചു വരികയാണെന്ന തരത്തിലാണ് പ്രതികരിച്ചത്. ‘മാധ്യമങ്ങളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും ധാരാളം ഫോൺ കോളുകൾ വരുന്നുണ്ട്. ഞാൻ സുരക്ഷിതയാണ്. ചണ്ഡീഗഢ് വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ കൂടെയുണ്ടായിരിക്കെയാണ് സംഭവം.

സുരക്ഷാ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ നിമിഷം മറ്റൊരു ക്യാബിനിലെ സെക്യൂരിറ്റി സ്റ്റാഫ് വന്ന് എന്‍റെ മുഖത്ത് ഇടിക്കുകയും അസഭ്യം പറയുകയും ചെയ്തു. എന്തുകൊണ്ടാണ് ഇത് ചെയ്തത് എന്ന് ഞാൻ ചോദിച്ചു. കർഷകരുടെ പ്രതിഷേധത്തെ പിന്തുണച്ചതിനാണെന്ന് അവർ പറഞ്ഞു. ഞാൻ സുരക്ഷിതയാണ്. പക്ഷേ, പഞ്ചാബിൽ വർദ്ധിച്ചുവരുന്ന തീവ്രവാദം എങ്ങനെ കൈകാര്യം ചെയ്യും എന്നതാണ് എന്‍റെ ആശങ്ക...’ -എന്നായിരുന്നു കങ്കണയുടെ വാക്കുകൾ.

ഇതിന് പിന്നാലെ ‘പഞ്ചാബിലെ തീവ്രവാദം...’ എന്ന കങ്കണയുടെ പരാമർശം വിവാദമായി. കർഷകർക്കും പഞ്ചാബി സമൂഹത്തിനും എതിരെ കങ്കണ നേരത്തെയും സംസാരിച്ചിരുന്നു എന്ന് കുറ്റപ്പെടുത്തി മസ്ദൂർ മോർച്ച (കെ.എം.എം) കോർഡിനേറ്ററും മുതിർന്ന നേതാവുമായ സർവാൻ പന്ദർ ശംഭു രംഗത്തെത്തി.

Tags:    
News Summary - 'When you celebrate a terror attack...'; Kangana Ranaut lashes out at Bollywood for not supporting her after CISF slap incident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.