ആളുകളുടെ പെരുമാറ്റവും കാഴ്ചപ്പാടും മാറി; അർച്ചന പത്മിനി

ഞ്ജലി മേനോന്‍ സംവിധാനം ചെയ്ത വണ്ടര്‍വുമണ്‍ എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാളായ ഗ്രെയ്‌സിയെ അവതരിപ്പിച്ച അഭിനേത്രി അർച്ചന പത്മിനിയെ നമുക്കെല്ലാവർക്കും അറിയാം. ചലച്ചിത്ര നടിയായും , സഹ സംവിധായകയായും, ഡബ്ല്യൂസിസി പ്രവർത്തക ,ക്യുറേറ്ററായുമെല്ലാം സജീവമായ അർച്ചന പത്മിനി അവരുടെ വിശേഷങ്ങൾ മാധ്യമവുമായി സംസാരിക്കുന്നു.

• സിനിമകളുടെ തുടക്കം നാട്ടിൽനിന്ന്

എന്റെ കോളേജ് പഠനം മഞ്ചേരി യൂണിറ്റി വിമൻസ് കോളേജിലായിരുന്നു. പ്ലസ് ടു കഴിഞ്ഞ് ഡിഗ്രി തുടങ്ങിയ ആ കാലത്തു തന്നെ സമാന്തരമായി ഞാൻ മോണ്ടാഷ് എന്നൊരു ഫിലിം സോസൈറ്റിയുടെ ഭാഗമായിട്ട് സിനിമകൾ കാണാനൊക്കെ പോയി തുടങ്ങിയിരുന്നു. അത്തരം സിനിമാ കാഴ്ചകളിൽ മാത്രമായി ഒതുങ്ങാതെ പിന്നീട് പതുക്കെ അതിന്റെ സംഘാടകതലത്തിലോട്ടൊക്കെ ചിന്തിക്കുകയും അതിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറായി മാറുകയും പ്രവർത്തിക്കുകയുമൊക്കെ ചെയ്തു. എന്നെ പഠിപ്പിച്ചിരുന്ന ഒരു അധ്യാപകനും മഞ്ചേരിയിലെയും മലപ്പുറത്തെയും കുറച്ച് സാംസ്‌കാരിക പ്രവർത്തകരുമെല്ലാം ചേർന്ന് നടത്തിയിരുന്ന ഒരു ഫിലിം സൊസൈറ്റിയായിരുന്നു അത്. അതുവഴിയാണ് ഞാൻ സിനിമകളിലേക്കൊക്കെ കടന്നു ചെല്ലുന്നത്. പല തരത്തിലുള്ള സിനിമകൾ കാണുവാനും , പല മേഖലയിൽ നിൽക്കുന്ന സിനിമ പ്രവർത്തകരെ കാണുവാനുമൊക്കെ കാരണമായതും ആ ഫിലിം സൊസൈറ്റിയുടെ ഭാഗമായതുകൊണ്ടാണ്. പല വിഭാഗത്തിൽ പെടുന്ന, പല മേഖലയിൽ നിൽക്കുന്ന ആളുകൾ ഒന്നിച്ചു ചേരുകയും സിനിമയെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമെല്ലാം സംസാരിക്കുന്ന ഒരു ഇടം തന്നെയായിരുന്നു അത്. സിനിമയെ ഞാൻ ആസ്വദിച്ചു തുടങ്ങിയത് അങ്ങനെയാണ്. അങ്ങനെ ക്രമേണ ചെറിയ ചെറിയ ഇത്തരം ഫെസ്റ്റിവലുകളുടെ ഇടത്തു നിന്ന് മാറി ഐഎഫ്എഫ്കെ പോലുള്ള വലിയ ഫെസ്റ്റിവലുകളുടെ ഭാഗമായി മാറി തുടങ്ങി. വാസ്തവത്തിൽ അപ്പോഴേക്കും സിനിമ കാണുക എന്നുള്ളത് നിത്യ ജീവിതത്തിന്റെ ഒരു ഭാഗം പോലെ തന്നെയായി മാറി കഴിഞ്ഞിരുന്നു .പക്ഷേ മൊണ്ടാഷ് എന്ന് പറയുന്ന ഫിലിം സൊസൈറ്റി ഒരു നല്ല പ്ലാറ്റ്ഫോം ആയിരുന്നു.നമ്മുടെ നാട്ടിലിരുന്ന് തന്നെ വലിയ സിനിമകൾ കാണാനുള്ള അവസരം ലഭിക്കുന്നത് അവിടെ നിന്നാണ്.


•സാമാന്തര സിനിമകളിൽ നിന്നും കച്ചവട സിനിമകളിലേക്ക്

ബോധപൂർവമുള്ള ഒരു തിരഞ്ഞെടുപ്പല്ല ഇവിടെ സംഭവിക്കുന്നത്.നമ്മുടെ ഭാഗ്യം കൊണ്ട് നമുക്ക് രസമുള്ള കുറച്ചു പ്രോജക്ടുകളുടെ ഭാഗമാവാൻ പറ്റുന്നു എന്നെയുള്ളൂ.നമ്മളെ അത്തരം പ്രൊജക്ടുകളിലേക്ക് വിളിക്കുന്നു,നമ്മൾ അതിൽ വർക്ക് ചെയുന്നു,ആ കിട്ടുന്ന അവസരത്തെ നമ്മൾ നല്ല രീതിയിൽ ഉപയോഗിക്കുന്നു എന്നതാണ് സത്യം. പിന്നെ ഇവിടുത്തെ സിനിമ സാഹചര്യത്തിൽ അഭിനേതാക്കളെ പ്രോജക്ടുകൾ തെരഞ്ഞെടുക്കുന്നു എന്നല്ലാതെ, താരങ്ങൾക്ക അവരുടെ പ്രോജെക്ടുകൾ തിരഞ്ഞെടുക്കാനുള്ള ഏജൻസികൾ എത്രമാത്രം നിലവിലുണ്ട് എന്ന കാര്യം എനിക്കറിയില്ല. ഉണ്ടെങ്കിൽ തന്നെ എന്റെ സ്റ്റേജിൽ നിൽക്കുന്ന ഒരു അഭിനേതാവിന് നിലവിൽ അതിനുള്ള സാധ്യത ഇല്ല. പക്ഷേ എനിക്ക് സന്തോഷമുണ്ട്, വളരെ നല്ല സംവിധായകരുടെ സിനിമയിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കുന്നത് തന്നെ നല്ല കാര്യമാണ്.പിന്നെ ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം ഇൻഡിപെൻഡൻഡ്,സിനിമ കൊമേഴ്ഷ്യൽ സിനിമ എന്നുള്ള വ്യത്യാസം ഉണ്ടാകേണ്ട ആവശ്യമില്ല. എന്നെ സംബന്ധിച്ചിടത്തോളം എല്ലാ സിനിമകളുടെയും ഭാഗമാവുക, നമുക്ക് ഫ്ലെക്സിബിളായ രീതിയിൽ അഭിനയിക്കാൻ സാധിക്കുക എന്നതാണ് എന്റെ താല്പര്യം. ആ നിലയ്ക്ക് സമാന്തര സിനിമകളുടെയും കച്ചവട സിനിമകളുടെയും ഭാഗമായി ഞാൻ മാറിയിട്ടുണ്ട്.

•നാടകങ്ങളോടും പ്രതിപത്തിയുണ്ട്

ഡിഗ്രി കാലഘട്ടം മുതലെ തന്നെ ഞാൻ കോളേജ് കലോത്സവങ്ങളിൽ നാടകങ്ങൾ ചെയ്യാറുണ്ടായിരുന്നു. അതിന്ശേഷം മഹാരാജാസ് കോളേജിൽ പിജി പഠിക്കുന്ന സമയത്തും നാടകം ചെയ്തിരുന്നു. തുടർന്ന് തിരുവനന്തപുരത്ത് കുറച്ചുനാൾ ഒരു സ്കൂളിൽ അധ്യാപികയായി ജോലി ചെയ്തു.ആ സമയത്ത് അവിടെ ബാക്ക് സ്റ്റേജ് എന്നറിയപ്പെടുന്ന ഒരു തിയേറ്റർ ഗ്രൂപ്പ് ഉണ്ടായിരുന്നു. കണ്ണനുണ്ണി എന്നായിരുന്നു അവിടുത്തെ ഞങ്ങളുടെ ഡയറക്ടറുടെ പേര്.എൻ എസ് ഡി ഗ്രാജുവേറ്റ് ആയിരുന്നു അദ്ദേഹം. അഭിനയ, ബാക്ക് സ്റ്റേജ് പോലുള്ള ഗ്രൂപ്പുകളുടെ ഭാഗമായുള്ള ഒരുപാട് നാടക പ്രവർത്തകരുടെ കൂടെ അക്കാലങ്ങളിൽ ഒരു പ്രോജെക്ട്ടിന്റെ ഭാഗമായി.ആ നാടകം നാഷണൽ തിയേറ്റർ ഫെസ്റ്റിവലില്ലാം അവതരിപ്പിച്ചിട്ടുണ്ടായിരുന്നു. അങ്ങനെയുള്ള നാടക അനുഭവങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട്. ഒരു അഭിനേതാവ് എന്ന നിലക്ക് അതെല്ലാം എന്നെ സ്വാധീനിച്ചിട്ടുണ്ട് എന്നാണ് ഞാൻ മനസിലാക്കുന്നത്. പക്ഷേ ഒരു നാടക പ്രവർത്തകയൊന്നുമായിരുന്നില്ല ഞാൻ. നമ്മുടെ കേരളത്തിൽ ഒരുപാട് ആളുകൾ അത്രയും താല്പര്യത്തോടെ വർക്ക് ചെയ്യുന്ന മീഡിയമാണത്. ഒരു ആക്ടർ നിലയ്ക്ക് എന്റെ ഇഷ്ടം കൊണ്ട് പോയി ചെയ്തു എന്നേയുള്ളൂ.പക്ഷെ ഇനി ഒരു അവസരം വന്നാൽ അല്പം കൗതുകമുണർത്തുന്ന രീതിയിലുള്ള എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുണ്ട്.അങ്ങനെ സാധ്യത വരുകയാണെങ്കിൽ തീർച്ചയായും ചെയ്യും.


മീറ്റൂ കാരണത്താൽ മാറ്റിനിർത്തലുകൾ സംഭവിക്കുന്നുണ്ടോ?

സത്യസന്ധമായി പറഞ്ഞാൽ കുറച്ചുനാളുകളായി സിനിമ മേഖലയിൽ നിന്ന് വളരെ നല്ല എക്സ്പീരിയൻസുകളാണ് എനിക്ക് കിട്ടുന്നത്.അതിന് ഒരുപാട് കാരണങ്ങളുണ്ട്. ഞാനുൾപ്പടെയുള്ള കളക്ടീവിലെ സ്ത്രീകളും, ചുറ്റുമുള്ള മനുഷ്യരുമെല്ലാം എടുത്തിട്ടുള്ള പ്രയത്നത്തിന്റെ പ്രതിഫലനമാണത്. അത് മറ്റുള്ളവരിൽ നിന്നും മനസിലാക്കാനും നമുക്ക് സ്വയം അനുഭവിക്കാനും പറ്റുന്നുണ്ട്. മാത്രമല്ല എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ എന്നോട് അല്പം ബഹുമാനത്തിൽ തന്നെയാണ് ആളുകൾ പെരുമാറുന്നത്. നമ്മൾ ആരാണെന്ന് അവർക്കറിയാം നമ്മൾ ഏതു രീതിയിലാണ് സമൂഹവുമായി ഇടപഴകുന്നതെന്ന് അവർക്കറിയാം. അതുകൊണ്ടുതന്നെ നമ്മളോടുള്ള ഇടപഴകലിൽ പോലും അവർ മര്യാദ കാണിക്കുന്നുണ്ട്. ഒരുപക്ഷേ ബഹുമാനം പല കാരണങ്ങൾ കൊണ്ടുമായിരിക്കാം സംഭവിക്കുന്നത്. ചിലപ്പോൾ പേടി ആയിരിക്കാം, ചിലപ്പോൾ സത്യസന്ധതമായി അവർക്ക് നമ്മളോട് ബഹുമാനമായിരിക്കാം. എന്തൊക്കെയായാലും സിനിമാ മേഖല‍യുമായി ബന്ധപ്പെട്ട് നല്ല അനുഭവങ്ങളാണ് എനിക്ക് ഇപ്പോൾ ഉണ്ടാകുന്നത്

•വണ്ടർ വിമൺ അനുഭവങ്ങൾ

വണ്ടർ വിമൺ സിനിമയെ സംബന്ധിച്ചിടത്തോളം നിത്യ മേനൻ. നദിയെ മൊയ്തു, അമൃത സുഭാഷ് എന്നിവരാണ് എനിക്ക് പുതിയതായി ഈ പ്രോജക്റ്റിൽ നിന്ന് കിട്ടിയ സുഹൃത്തുക്കൾ. ബാക്കി പാർവതി പത്മപ്രിയ സയനോര അഞ്ജലി മേനോൻ തുടങ്ങിയവർ നാലഞ്ചു കൊല്ലമായി കളക്ടീവിന്റെ ഭാഗമായി ദിനംപ്രതി ഇടപഴുകുന്ന മനുഷ്യരായത് കൊണ്ട് അതൊരു സ്വാഭാവികമായ കാര്യമായിട്ടാണ് അനുഭവപ്പെടുന്നത്. തീർച്ചയായും ഇവരിൽനിന്നുമെല്ലാം ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. അതൊന്നും ഒരിക്കലും ബോധപൂർവ്വമുള്ള ഒരു പഠനമല്ല. വളരെ സ്വാഭാവികമായി, അവരുടെ കൂടെ ഇരിക്കുന്ന സമയങ്ങളിൽ നിന്നെല്ലാം പഠിച്ച കാര്യങ്ങളാണ്.എനിക്ക് വളരെയധികം സ്നേഹമുള്ള ബഹുമാനമുള്ള സുഹൃത്താണ് അഞ്ജലി മേനോൻ. മഞ്ചാടിക്കുരു എന്ന സിനിമ കണ്ട കാലം മുതൽക്ക് വളരെയധികം ആകാംക്ഷയോടെ അവരുടെ അടുത്ത പ്രൊജക്ടുകളെ നോക്കി കണ്ട ഒരാളാണ് ഞാൻ. അതുകൊണ്ടുതന്നെ അഞ്ജലിയുടെ സിനിമയുടെ ഭാഗമാവുക എന്ന് പറയുന്നതിൽ തന്നെ എനിക്ക് വലിയൊരു എക്‌സൈറ്റ്മെന്റ് ഉണ്ടായിരുന്നു. പക്ഷേ അതിനൊക്കെയപ്പുറം ഞങ്ങളെല്ലാവരും തമ്മിൽ വളരെ ഗാഢമായ ഒരു സൗഹൃദം ഉള്ളതുകൊണ്ട് തന്നെ ഒരുമിച്ച് വർക്ക് ചെയ്യുക എന്നുള്ളത് സ്വാഭാവികമായ ഒന്നായിരുന്നു. ഈ സെറ്റിലെ എല്ലാ മനുഷ്യരും അങ്ങനെ തന്നെയായിരുന്നു. ഈ സിനിമയിൽ അഭിനയിക്കുക മാത്രമല്ല സഹ സംവിധായക കൂടിയായിരുന്നു ഞാൻ. എനിക്ക് തീർച്ചയായും ഇത് നല്ലൊരു പഠനം കൂടിയായിരുന്നു.


• നടി, സഹ സംവിധായക, ക്യുറേറ്റർ - നിലവിൽ ഫോക്കസ് ചെയ്യുന്നത് ഏതിലാണ്

നിലവിൽ ഞാൻ കൂടുതൽ ഫോക്കസ് ചെയ്യാൻ ആഹ്രഹിക്കുന്നത് ആക്ടർ എന്ന മേഖലയിലാണ്. നല്ല പ്രൊജക്ടുകൾ ക്കായി കാത്തിരിക്കുകയാണിപ്പോൾ. പിന്നെ ഞാൻ ഫിലിം ക്യുറേറ്ററായും, സഹസംവിധായകയുമെല്ലാം വർക്ക് ചെയ്യാറുണ്ട്. അത്തരത്തിൽ സിനിമയുമായി ബന്ധപ്പെട്ട് കിടക്കുന്ന പല മേഖലകളിലും സജീവമായി നിന്ന് സിനിമയുടെ സാധ്യതകളെ കൂടുതൽ അടുത്തറിയാൻ ശ്രമിക്കാറുണ്ട്. പക്ഷേ ഈ നിമിഷത്തിൽ ഒരു അഭിനേത്രി എന്ന നിലക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

•മുൻപോട്ടുള്ള സിനിമ ജീവിതത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

ചിന്തിക്കുന്നുണ്ട് തീർച്ചയായിട്ടും. പക്ഷേ നമ്മൾ എത്ര ചിന്തിച്ചാലും നമ്മുടെ പ്രവചനത്തിൽ ഒതുങ്ങുന്ന ഒന്നല്ല സിനിമ എന്ന് പറയുന്നത്. സിനിമയുടെ സ്വഭാവം എന്ന് പറയുന്നത് തന്നെ അങ്ങനെയാണ്. അതുകൊണ്ട് ഇനി എന്ത് സംഭവിക്കും എന്നുള്ളത് അത് വന്നു തന്നെ അറിയാനേ വഴിയുള്ളൂ. പ്രതീക്ഷയോടെയാണ് എന്റെ അവസരങ്ങൾക്കായി ഞാനിപ്പോൾ കാത്തിരിക്കുന്നത്. ഏതായാലും അടുത്ത പ്രൊജക്ട് വരാനിരിക്കുന്നുണ്ട്. ജനുവരിയോടെ അത് അനൗൺസ് ചെയ്യും. അതിനായാണ് ഇനി കാത്തിരിക്കുന്നത്.

Tags:    
News Summary - Wonderwomen Fame Archana padmini Opens Up About Her New Movie- Interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.