കോട്ടയം: ബലക്ഷയമാരോപിച്ച് പൂട്ടിയ തിരുനക്കര ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ സിനിമ ഷൂട്ടിങ് നിർത്തിവെപ്പിച്ചെന്ന് ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻഷൂട്ടിങ്ങിന് അനുമതി നൽകിയത് യു.ഡി.എഫ് കൗൺസിലറാണെന്നും ഇവർക്കെതിരെ ഫയലിൽ എഴുതിവെച്ചിട്ടുണ്ടെന്നും കേസ് എടുക്കുന്ന കാര്യം ആലോചിക്കുമെന്നും ചെയർപേഴ്സൻ അറിയിച്ചു.
ലൊക്കേഷൻ മാനേജറുടെ കത്ത് കൊണ്ടുവന്ന സമയത്തുതന്നെ അനുമതി നൽകാനാവില്ലെന്ന് അറിയിച്ചിരുന്നു. അതുമറികടന്നാണ് കൗൺസിലറുടെ ഇടപെടലോടെ ഷൂട്ടിങ് ഒരുക്കം ആരംഭിച്ചത്. ഹൈകോടതി നിർദേശപ്രകാരം പൂട്ടിയ കെട്ടിടത്തിൽ ഷൂട്ടിങ് അനുവദിക്കാനാവില്ലെന്നാണ് നിയമോപദേശം ലഭിച്ചത്. നിയമോപദേശം പ്രതിപക്ഷത്തെ എല്ലാ കൗൺസിലർമാർക്കും നൽകിയിരുന്നതായും ചെയർപേഴ്സൻ പറഞ്ഞു. ഞായറാഴ്ച മുതലാണ് ഷൂട്ടിങ് തുടങ്ങാനിരുന്നത്. ഇതിനു മുന്നോടിയായി നവീകരണപ്രവൃത്തികളും അറ്റകുറ്റപ്പണിയും കെട്ടിടത്തിൽ ആരംഭിച്ചിരുന്നു.
അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി കച്ചവടക്കാരെ ഒഴിപ്പിച്ചു പെരുവഴിയിലാക്കിയ ശേഷം കെട്ടിടത്തിൽ സിനിമ ഷൂട്ടിങ്ങിന് അനുമതി നൽകിയത് ‘മാധ്യമം’ പത്രമാണ് റിപ്പോർട്ട് ചെയ്തത്. ടൊവിനോ നായകനായ മലയാള സിനിമയാണ് കെട്ടിടത്തിൽ ഷൂട്ട് ചെയ്യാനിരുന്നത്.
കോട്ടയം: അപകടാവസ്ഥയിലായ തിരുനക്കര ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ സിനിമ ഷൂട്ടിങ് വിവാദം സംബന്ധിച്ച് ശനിയാഴ്ച വിളിച്ചുചേർത്ത അടിയന്തര കൗൺസിലിൽ പങ്കെടുക്കാതെ ചെയർപേഴ്സനും വൈസ് ചെയർമാനും. പ്രതിഷേധവും കുത്തിയിരിപ്പുമായി കൗൺസിലർമാരും. ഭരണപക്ഷത്തെ കൗൺസിലർമാരും ചെയർപേഴ്സനെതിരെ രംഗത്തുവന്നു. തിരുനക്കര ബസ് സ്റ്റാൻഡ് കോംപ്ലക്സിൽ സിനിമ ഷൂട്ടിങ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നുമുള്ള 30 കൗൺസിലർമാരാണ് ഒപ്പിട്ട് കൗൺസിൽ വിളിക്കാനാവശ്യപ്പെട്ടത്.
ശനിയാഴ്ച ഉച്ചക്കു 12നാണ് അജണ്ട തീരുമാനിച്ചത്. 30 കൗൺസിലർമാരും എത്തിയെങ്കിലും ചെയർപേഴ്സൻ ഉണ്ടായിരുന്നില്ല. തനിക്ക് നേരത്തേ നിശ്ചയിച്ച വാർഡുസഭയിൽ പങ്കെടുക്കേണ്ടതിനാലാണ് വരാതിരുന്നതെന്നാണ് ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ പറയുന്നത്. ചെയർപേഴ്സൻ ഇല്ലെങ്കിൽ കൗൺസിലിൽ അധ്യക്ഷത വഹിക്കേണ്ടത് വൈസ് ചെയർമാനാണ്. എന്നാൽ, അദ്ദേഹത്തിനും മറ്റൊരു യോഗം ഉണ്ടെന്നു പറഞ്ഞു.
തുടർന്ന് വികസന കാര്യസമിതി അധ്യക്ഷ ബിന്ദു സന്തോഷ് കുമാറിനെ ഫോണിൽവിളിച്ച് കൗൺസിലിൽ അധ്യക്ഷത വഹിക്കണമെന്നു ചുമതലപ്പെടുത്തിയിരുന്നതായും ബിൻസി പറഞ്ഞു.എന്നാൽ, ഫോണിൽ വിളിച്ചുപറഞ്ഞാൽ അധ്യക്ഷത വഹിക്കാനാവില്ലെന്നും രേഖാമൂലം എഴുതിത്തന്നിട്ടില്ലെന്നുമാണ് ഭരണപക്ഷ കൗൺസിലർ കൂടിയായ ബിന്ദു പറയുന്നത്. മറ്റാർക്കും ചുമതല നൽകാതെ കൗൺസിലിൽനിന്നു വിട്ടുനിന്ന ചെയർപേഴ്സനെതിരെ തദ്ദേശവകുപ്പ് ഓംബുഡ്സ്മാനു പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവ് ഷീജ അനിൽ പറഞ്ഞു.
കോട്ടയം: ചെയർപേഴ്സൻ താനടക്കമുള്ള ജനപ്രതിനിധികളെ മണ്ടൻമാരാക്കിയെന്ന് വികസനകാര്യ സമിതി അധ്യക്ഷൻ ബിന്ദു സന്തോഷ് കുമാർ. വരാൻ കഴിയില്ലെങ്കിൽ എന്തിനാണ് സ്പെഷൽ കൗൺസിൽ വിളിച്ചത്. താനും ചെയർപേഴ്സൻ പദവിയിലിരുന്നയാളാണ്.
കോട്ടയത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം സംഭവം. ചെയർപേഴ്സൻ ബോധപൂർവമാണ് ഇതു ചെയ്തത്. മണിക്കൂറുകളോളം കൗൺസിൽ ഹാളിൽ നോക്കുകുത്തിയാക്കി ഇരുത്തി. ചെയർപേഴ്സന്റെ നടപടി മോശമായെന്നും ബിന്ദു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.