ദുല്‍ഖര്‍ നായകനായ 'സല്യൂട്ട്' മികച്ച അഭിപ്രായം നേടി വിജയയാത്ര തുടരുമ്പോൾ ഏറെ സന്തോഷവാനാണ് ചിത്രത്തില്‍ ശ്രദ്ധേയവേഷം ചെയ്ത ഷാഹീന്‍ സിദ്ദീഖ്. നടൻ സിദ്ദീഖിന്റെ മകന് ചെറുപ്പം മുതൽ സിനിമ ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു. 'പത്തേമാരി'യിലൂടെ അഭിനയരംഗത്തെത്തിയ ഷാഹീൻ 'കസബ', 'ടേക്ക് ഓഫ്', 'ദിവാൻജിമൂല ഗ്രാൻഡ്പ്രിക്സ്', 'കഥ പറഞ്ഞ കഥ' തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 'പത്തേമാരി'യിൽ മമ്മൂട്ടിയുടെ മകന്റെ വേഷമാണ് ചെയ്തത്. ഇപ്പോൾ മമ്മൂട്ടിയുടെ മകൻ ദുല്‍ഖറിനൊപ്പം ഒരു വിജയചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്‍റെ വിശേഷങ്ങള്‍ ഷാഹീന്‍ പങ്കുവെക്കുന്നു.


'സല്യൂട്ടി'ൽ എത്തിയത് യാദൃശ്ചികമായി

ചെറുപ്പം മുതൽ തന്നെ എനിക്ക് സിനിമയോട് താൽപര്യമുണ്ടായിരുന്നു. പക്ഷേ, ഞാൻ സിനിമ അഭിനയത്തിലേക്ക് എത്തിയത് യാദൃശ്ചികമായാണ്. സംവിധായകൻ ആകാനായിരുന്നു താൽപര്യം. 12-ാം ക്ലാസ് കഴിഞ്ഞപ്പോൾ സിനിമയെക്കുറിച്ചു കൂടുതൽ പഠിക്കാനായി ലണ്ടനിൽ വിഷ്വൽ കമ്യൂണിക്കേഷൻ കോഴ്സിനു ചേർന്നു. കോഴ്സ് കഴിഞ്ഞപ്പോൾ സംവിധാനം അത്ര എളുപ്പമുള്ള പണിയല്ലെന്ന് മനസ്സിലായി. അങ്ങിനെ വാപ്പച്ചിയുടെ ബിസിനസുകളൊക്കെ നോക്കി ഇരിക്കുമ്പോളാണ് ഒരുപാട് നടന്മാരുടെ മക്കൾ സിനിമയിലേക്ക് വരാൻ തുടങ്ങിയത്. അപ്പോൾ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ പ്രോത്സാഹിപ്പിച്ചപ്പോൾ ഒരു കൈ നോക്കാമെന്നു ഞാനും തീരുമാനിച്ചു. ആ സമയത്താണ് മമ്മുക്ക വഴി യാദൃ​ശ്ചികമായി സലിം അഹമ്മദിനെ കാണുന്നതും 'പ​ത്തേമാരി'യിൽ അഭിനയിക്കുന്നതും.

അ​തുപോലെ വളരെ യാദൃശ്ചികമായിട്ടാണ് ഞാന്‍ 'സല്യൂട്ടി'ല്‍ അഭിനയിക്കുന്നത്. മറ്റൊരാവശ്യത്തിനായി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം എന്നെ 'സല്യൂട്ടി'ലേക്ക് ക്ഷണിക്കുകയായിരുന്നു. ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. ഓര്‍ക്കാപ്പുറത്ത് കിട്ടിയ ഭാഗ്യം ശരിക്കും പേടിപ്പിച്ച് കളഞ്ഞു. 'നീയൊന്നും പേടിക്കേണ്ട, ധൈര്യമായിട്ട് വരുക' എന്നാണ് റോഷന്‍ സാര്‍ പറഞ്ഞത്. സാറിന്‍റെ വാക്കുകളാണ് എന്നെ 'സല്യൂട്ട്' ചെയ്യാന്‍ പ്രേരിപ്പിച്ചത്. റോഷന്‍ സാറിന്‍റെ ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കാനായത് എന്നെ സംബന്ധിച്ച് വലിയ ഭാഗ്യം തന്നെയാണ്. മഹേഷ് എന്ന പൊലീസുകാരനെയാണ് ഞാൻ 'സല്യൂട്ടി'ല്‍ അവതരിപ്പിക്കുന്നത്. ദുല്‍ഖറിനെ ജ്യേഷ്ഠസഹോദരനായി കാണുന്ന കഥാപാത്രമാണ് മഹേഷ്.


ദുൽഖറിന്റെ കരുതൽ അത്ഭുതപ്പെടുത്തി

ഞാന്‍ ആദ്യമായിട്ടാണ് ദുല്‍ഖറിനൊപ്പം അഭിനയിക്കുന്നത്. കുടുംബപരമായി ഞങ്ങള്‍ അടുത്ത ബന്ധമുണ്ടെങ്കിലും സിനിമയില്‍ ഒന്നിക്കുന്നത് ആദ്യമായിട്ടായിരുന്നു. ലൊക്കേഷനില്‍ ദുല്‍ഖറിന്‍റെ ഇടപെടലുകള്‍ ശരിക്കുമെന്നെ ഞെട്ടിച്ചു. എല്ലാവരോടും ഒരേ പെരുമാറ്റമാണ് ദുല്‍ഖറിന്. ആരോടും വിവേചനമില്ല. വേണമെങ്കില്‍ ദുല്‍ഖറിന് കാരവനില്‍ വിശ്രമിക്കാം. പക്ഷേ അദ്ദേഹത്തിന് മുഴുവന്‍ സമയവും സഹപ്രവര്‍ത്തകരുടെ കാര്യത്തിലാണ് ശ്രദ്ധ. കൂടെയുള്ളവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത്. എല്ലാക്കാര്യത്തിനും ഓടിനടന്ന് വേണ്ടത് ചെയ്യും. ദുല്‍ഖറിന്‍റെ കെയറാണ് പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളത്. സഹപ്രവര്‍ത്തകരെ തന്നോട് ചേര്‍ത്തിരുത്തി സംസാരിക്കുന്ന ദുല്‍ഖറിന്‍റെ കരുതല്‍ വലിയൊരു മാതൃക തന്നെയാണ്.

വാപ്പച്ചിക്ക് നൽകിയ സർപ്രൈസ്

അഭിനയിക്കാൻ താത്പര്യമുണ്ടെന്നു പറഞ്ഞപ്പോൾ ശരിക്കും അത്ഭുതപ്പെട്ടത് വാപ്പച്ചിയാണ്. കാരണം, സ്കൂളിൽ പോലും ഒരു കലാപ്രവർത്തനങ്ങളിലും ഞാൻ പങ്കെടുത്തിരുന്നില്ല. അതുകൊണ്ട് തന്നെ അഭിനയത്തെക്കുറിച്ചു പഠിച്ചശേഷമാണ് സിനിമ ചെയ്യാൻ തീരുമാനിച്ചത്. അങ്ങനെ കാക്കനാട്ടുള്ള ആക്‌ട് ലാബിലും തുടർന്നു മുംബൈയിൽ അനുപം ഖേറിന്‍റെ ആക്ടർ പ്രിപ്പയേഴ്സിലും ചില കോഴ്സുകൾ ചെയ്തിരുന്നു. അതിലെല്ലാമുപരി വാപ്പച്ചി പറഞ്ഞുതന്ന കാര്യങ്ങൾ ഗുണം ചെയ്തിട്ടുണ്ട്. വാപ്പച്ചി എനിക്കു സിനിമയെക്കുറിച്ച് ഒരുപാടു കാര്യങ്ങൾ പറഞ്ഞുതരാറുമുണ്ട്. സംവിധായകരായ എ.കെ. സാജൻ, അനിൽ രാധാകൃഷ്ണ മേനോൻ, ആക്ട് ലാബിൽ എന്നെ പഠിപ്പിച്ച സജീവ് സാർ... എല്ലാവരും അഭിനയം മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. 'കസബ'യിൽ മമ്മുക്ക അഭിനയിക്കുന്നത് നോക്കിനിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി. അതുപോലെ ശ്രീനിവാസൻ, നെടുമുടി വേണു, ജോയ് മാത്യു തുടങ്ങിയവരിൽ നിന്നും ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി.


വാപ്പച്ചി നൽകിയ ധൈര്യം

ചെറിയ വേഷങ്ങൾ ചെയ്തുവന്ന എനിക്ക് വലിയ വലിയ കഥാപാത്രങ്ങൾ ഏറ്റെടുക്കാനുള്ള ധൈര്യം നൽകിയത് വാപ്പച്ചിയാണ്. 'കഥ പറഞ്ഞ കഥ'യിൽ മുഴുനീള കഥാപാത്രമായിരുന്നു. എനിക്ക് ആദ്യമായിട്ടാണ് ഇത്രയും സ്ക്രീൻ ടൈമുള്ള സിനിമ വരുന്നത്. അഭിനസാധ്യതയുള്ള റോളാണെങ്കിലും പെർഫോം ചെയ്യാൻ പറ്റുമോയെന്ന പേടിയുണ്ടായിരുന്നു. ധൈര്യമായി ചെയ്യണമെന്നും ബുദ്ധിമുട്ടായി കരുതി പിന്മാറരുതെന്നും പറഞ്ഞ് പിന്തുണ നൽകിയത് വാപ്പച്ചിയാണ്.


ആ സിനിമക്ക് ഡബ്ബ് ചെയ്തപ്പോൾ ഒരുപാടു സമയമെടുക്കുന്നതായി എനിക്കു തോന്നിയിരുന്നു. അക്കാര്യം പറഞ്ഞുപ്പോൾ വാപ്പച്ചിയുടെ ഉപദേശം സമയമെടുത്ത് ചെയ്യാനായിരുന്നു. പെട്ടെന്നു ഡബ്ബ് ചെയ്താൽ ഗുണമുള്ളതു റെക്കോർഡിങ് ടെക്നീഷനു മാത്രമാണെന്ന് വാപ്പച്ചി പറഞ്ഞു. അയാളുടെ ജോലി എളുപ്പമാകും പക്ഷേ, നിന്‍റെ കരിയർ അവിടെ ഡൗണാകുമെന്ന് അദ്ദേഹം പറഞ്ഞു. എത്ര സമയം വേണമെങ്കിലും എടുത്ത്, ഒരു ദിവസം ശരിയായില്ലെങ്കിൽ അടുത്ത ദിവസം വീണ്ടും ചെയ്ത്, അങ്ങനെ റിയലിസ്റ്റിക്കായി നല്ല രീതിയിൽ ഇംപ്രോവൈസേഷൻ നൽകി ഡബ്ബ് ചെയ്യണമെന്നായിരുന്നു വാപ്പച്ചിയുടെ ഉപദേശം. 

Tags:    
News Summary - Actor Shaheen Siddique about new movie Salute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-27 04:32 GMT