നായികയുടെ പാട്ട് സൂപ്പർ ഹിറ്റ്

പാടുന്ന നായികമാർ നിരവധിയാണ്‌ മലയാള സിനിമയിൽ. എന്നാൽ പാട്ടെഴുതുന്ന നായികമാരെ മഷിയിട്ട് നോക്കിയാൽ പോലും കണ്ടെന്ന് വരില്ല. പ്രദർശനത്തിനൊരുങ്ങുന്ന 'മനോരാജ്യം' എന്ന ചിത്രത്തിലൂടെ പാട്ടെഴുതുന്ന നായിക എന്ന പേര്‌ സ്വന്തമാക്കുകയാണ്‌ രഞ്ജിത മേനോൻ. മണിയറയിലെ അശോകൻ, സാജൻ ബേക്കറി സിൻസ് 1962, പത്രോസിൻ്റെ പടപ്പുകൾ എന്നീ സിനിമകളിലൂടെയും പോച്ചർ എന്ന വെബ് സീരീസിലൂടെയും ശ്രദ്ധേയയായ രഞ്ജിത മേനോൻ മനോരാജ്യത്തിൽ നിഖിൽ സാനിൻ്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ പാടിയ"തെളിവാനമേ" എന്ന പാട്ട്‌ എഴുതിയത്‌ തികച്ചും യാദൃശ്‌ചികമായാണ്‌.

'പഠിച്ചത് ഫങ്ഷണൽ ഇംഗ്ലീഷും എം.ബി.എ ഇൻ ടൂറിസവുമൊക്കെയാണെങ്കിലും ഞാൻ പത്താം ക്ലാസ് വരെ മലയാളം മീഡിയത്തിലാണ് പഠിച്ചത്. വീട്ടിലെല്ലാവർക്കും മലയാളം എഴുതാനും വായിക്കാനും അറിയണമെന്നത് അച്ഛന് നിർബന്ധമുള്ള കാര്യമായിരുന്നു. മലയാളം പുസ്തകങ്ങൾ വായിക്കാനും അച്ഛൻ പ്രേരിപ്പിച്ചിരുന്നു. കുട്ടിക്കാലം തൊട്ടേ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുന്ന ശീലം അങ്ങനെ വന്നതാണ്- രഞ്ജിത മേനോൻ പറയുന്നു.

മനോരാജ്യത്തിൽ ഗോവിന്ദ് പത്‌മസൂര്യ എന്ന ജി.പി യാണ് നായകൻ. ഞാൻ അത്യാവശ്യം എഴുതുമെന്ന കാര്യം ജി.പിയ്ക്ക് അറിയാമായിരുന്നു. ജി.പിയുടെ മ്യൂസിക്ക് കമ്പനിക്ക് വേണ്ടിയാണ് 'തെളിവാനമേ' എന്ന പാട്ടെടുതിയത്. പിന്നീട് മനോരാജ്യത്തിൽ പ്രെമോ സോംഗ് ആയി ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ആസ്ട്രേലിയയിൽ മനോരാജ്യത്തിന്‍റെ ചിത്രീകരണം തുടങ്ങിയ ശേഷം ഒരു ഗാനം കൂടി ആവശ്യമായി വരികയും പുതിയ ഒരു പാട്ട് ഒരുക്കാനുള്ള സമയക്കുറവ് മൂലം പ്രൊമോ സോംഗ് പ്രധാന ഗാനമാക്കാൻ സിനിമയുടെ രചയിതാവും സംവിധായകനുമായ റഷീദ് പാറയ്ക്കൽ തീരുമാനിക്കുകയായിരുന്നു. അങ്ങനെ വളരെ അപ്രതീക്ഷിതമായി നായികയാവുന്ന ചിത്രത്തിന്റെ ഗാനരചയിതാവായത്. പാട്ട് പാടാൻ വന്ന വിനീത് ശ്രീനിവാസൻ പാട്ടിലെ ഒരു വരിയിൽത്തന്നെ എത്ര വാക്കുകളാണെന്ന് പറഞ്ഞ് ചിരിച്ചിരുന്നു'.

ആസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയ മിയ എന്ന കഥാപാത്രത്തെയാണ് മനോരാജ്യത്തിൽ അവതരിപ്പിക്കുന്നത്. ടൈറ്റിൽ റോളിലെത്തുന്ന മറ്റൊരു സിനിമയുടെ ചിത്രീകരണം ഉടൻ തുടങ്ങും. ആഗസ്റ്റ് മുപ്പതിനാണ് മനോരാജ്യം തിയറ്ററുകളിലെത്തുന്നത്.

Tags:    
News Summary - Actor Rajitha menon About His lyricis Writing Career

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.