വാഷിങ്ടൺ: അമേരിക്കയിൽ തുടങ്ങി ലോകമെങ്ങും പടർന്ന വ്യവസായ സാമ്രാജ്യമായ ആമസോൺ സിനിമ ലോകത്തും കൂടുതൽ വേരുറപ്പിക്കുന്നു. ഹോളിവുഡിലെ ചരിത്ര പ്രധാനമായ സിനിമ കമ്പനി എം.ജി.എം സ്റ്റുഡിയോസ് വാങ്ങുന്നതായി ആമസോൺ അറിയിച്ചു. 845 കോടി ഡോളറി (61,459 കോടി രൂപ)നാണ് കരാർ. ഇതോടെ, ഓൺലൈൻ സിനിമ വ്യാപാര ലോകത്ത് ആമസോൺ പ്രൈം വിഡിയോക്ക് കരുത്തുകൂടും.
നിലവിൽ 4,000 സിനിമകളും 17,000 ടെലിവിഷൻ ഷോകളും ആമസോൺ പ്രൈമിനുണ്ട്.
ഓൺലൈൻ വ്യാപാരം, ക്ലൗഡ് കമ്പ്യൂട്ടിങ് മേഖലകളിൽ ലോകത്തെ ഏറ്റവും വലിയ വ്യവസായ ഭീമനായ ജെഫ് ബെസോസിെൻറ ആമസോൺ എം.ജി.എം കൂടി വാങ്ങുന്നതോടെ നെറ്റ്ഫ്ലിക്സ് പോലുളള അതികായരെ വെട്ടി ഈ രംഗത്തും ഒന്നാം സ്ഥാനത്തേക്ക് കയറിയേക്കും. ലോകം മുഴുക്കെ 17.5 കോടി പേർ ആമസോൺ പ്രൈം വരിക്കാരായുണ്ട്. 2017ലാണ് ഇതുവഴി ആദ്യമായി സിനിമ ഓൺലൈനിലെത്തുന്നത്. അടുത്തിടെയായി ഹിറ്റ് സിനിമകൾ കുറഞ്ഞ എം.ജി.എം (മെട്രോ ഗോൾഡ്വിൻ മേയർ) പ്രശസ്തമായ ജെയിംസ് ബോണ്ട് സിനിമകൾ ഉൾപെടെ നിർമിച്ചവയാണ്. 1924ലാണ് കമ്പനി നിലവിൽ വരുന്നത്. ഏറെ ജനപ്രിയമായ 'ഫാർഗോ', വൈകിങ്സ്', 'ഷാർക് ടാങ്ക്' തുടങ്ങിയവയും എം.ജി.എം നിർമിച്ചവയാണ്.
നെറ്റ്ഫ്ലിക്സിനു പുറമെ ഡിസ്നി പ്ലസ്, ആപ്ൾ ടി.വി പ്ലസ് തുടങ്ങിയവയും ചുവടുറപ്പിച്ച മേഖലയിലാണ് ആമസോൺ വേരുപടർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.