'തിങ്കളാഴ്ച നിശ്ചയം' എന്ന ചെറുസിനിമ കേരളത്തിൽ വിജയമായി മാറുേമ്പാൾ സംവിധായകനായ സെന്ന ഹെഗ്‌ഡെയും സംഘവും മലയാളികളുടെ ശ്രദ്ധാകേന്ദ്രമാകുകയാണ്. ഒരു വീട്ടിലെ പെൺകുട്ടിയുടെ കല്ല്യാണ നിശ്ചയത്തിന്‍റെ മുന്നോടിയായുള്ള രണ്ടുദിവസത്തെ സംഭവങ്ങളാണ് ചിത്രം പറയുന്നത്. എന്നാൽ, അതിലൂടെ ചൂണ്ടിപ്പറയുന്ന രാഷ്ട്രീയവും ആണധികാരത്തിന്‍റെ സ്വരങ്ങളും പ്രണയത്തിലെ ജനാധിപത്യത്തെക്കുറിച്ചുള്ള ചോദ്യമുനകളുമെല്ലാം ഇൗ സിനിമയെ സുശക്തവും ദീർഘവുമായ പ്രതലമാക്കിമാറ്റുന്നു.
കാഞ്ഞങ്ങാട് തായമ്മലാണ് സെന്നയുടെ സ്വദേശം. അച്ഛൻ കാഞ്ഞങ്ങാടുകാരനും അമ്മ മംഗളൂരുകാരിയുമാണ്. യു.എസിലെ ജോലി രാജിവച്ചാണ് സിനിമയുടെ ലോകത്തേക്ക് സെന്ന എത്തുന്നത്. 'തിങ്കളാഴ്ച നിശ്ചയം' മൂന്നാമത്തെ സിനിമയാണ്. '0-41*' ആണ് ആദ്യ ചിത്രം. കന്നഡയിൽ 'കഥെയൊന്ത് ശുരുവാകുതെ' എന്ന ചിത്രം സംവിധാനം ചെയ്തു. കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച 'തിങ്കളാഴ്ച നിശ്ചയം' ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. മികച്ച രണ്ടാമത്തെ ചിത്രത്തിനും കഥക്കുമുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് കൂടി നേടിയ സിനിമ ഒ.ടി.ടി റിലീസിലും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിന്‍റെ വിജയത്തിന്‍റെ പശ്ചാത്തലത്തിൽ സെന്ന ഹെഗ്‌ഡെ 'മാധ്യമം ഓൺലൈനു'മായി സംസാരിക്കുന്നു.
മലയാളത്തിൽ സിനിമ ചെയ്യുേമ്പാൾ അത് പുതുമുഖങ്ങളെ വച്ചുമതിയെന്നും വ്യത്യസ്ത ഘടകങ്ങൾ ഉണ്ടായിരിക്കണമെന്നും ആഗ്രഹിച്ചിരുന്നു. കഥ കേട്ടപ്പോൾ തന്നെ കന്നഡയിലെ പ്രമുഖ നിർമാണ കമ്പനിയായ പുഷ്കർ ഫിലിംസിന്‍റെ പുഷ്കര മല്ലികാർജുന നിർമ്മിക്കാം എന്നേറ്റു. ഇതിലെ കഥാപാത്രങ്ങൾ രൂപപ്പെടുത്തിയത് നാട്ടിലെ പല വ്യക്തികളുടെയും ജീവിതം നിരീക്ഷിച്ചാണ്. ഗൃഹനാഥനായ കുവൈത്ത് വിജയൻ എന്ന കഥാപാത്രം സമൂഹത്തിൽ പലർക്കും പരിചിതനാണ്. ശുദ്ധനായ ഒരാൾ. കുടുംബത്തിനായി ജീവിക്കുേമ്പാഴും കുടുംബാംഗങ്ങളുടെ മനസ്സ് മനസിലാക്കാൻ അയാൾക്ക് കഴിയുന്നില്ല അല്ലെങ്കിൽ അയാൾ അതിന് തയ്യാറാകുന്നില്ല. അഥവാ അത്തരം കാര്യങ്ങൾ ചോദിച്ചറിയാൻ വിജയൻ ശ്രമിക്കുന്നുപോലുമില്ല. പക്ഷേ, താൻ വിചാരിക്കുന്നതാണ് ശരിയെന്ന് തോന്നുന്നതാണ് അദ്ദേഹത്തിന്‍റെ പ്രത്യേകത. അതുകൊണ്ടാണ് ആ കുടുംബത്തിൽ ഒരിക്കൽ നിശ്ശബ്ദമായ കലാപമുണ്ടായത്. ആദ്യ മകൾ പ്രണയിച്ചവനൊപ്പം ഇറങ്ങിപ്പോയി എന്നതായിരുന്നു ആ കലഹം. അതിന്‍റെ ഉണങ്ങാത്ത മുറിവുമായി ജീവിക്കുന്നതിനാലാണ് വിജയൻ തന്‍റെ മരുമകൻ കുടുംബത്തിൽ എത്തിയാൽപ്പോലും സംസാരിക്കാൻ തയ്യാറാകാത്തത്.
അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും അധ്വാനവും ആത്മാർഥതയുമാണ് ഈ വിജയത്തിന്‍റെ കാരണം. കാഞ്ഞങ്ങാട് ഗ്രാമത്തിലെ ഒരു വീട്ടിൽ 23 ദിവസംകൊണ്ട് ഷൂട്ടിങ് നടത്തിയത്. രണ്ടുദിവസം അഭിനേതാക്കൾക്ക് പരിചയപ്പെടാനുള്ള അവസരമൊരുക്കിയിരുന്നു. അതുകഴിഞ്ഞ് ഷൂട്ടിലേക്ക് പോയി. രണ്ട് ഷെഡ്യൂളുകളിലായി പൂർത്തിയാക്കി. അഭിനേതാക്കൾ പുതുമുഖങ്ങളായത് ഒരുതരത്തിലുള്ള പ്രശ്നങ്ങളും സൃഷ്ടിച്ചില്ല. നല്ല സിനിമക്കായുള്ള കഠിനാധ്വാനം അഭിനേതാക്കളിലും അണിയറ പ്രവർത്തകരിലും ഒരുപോലെ ഉണ്ടായി. സൗണ്ട് മിക്സിങിനും ഗ്രേഡിങ്ങിനും മാത്രമാണ് കൊച്ചിയെ ഞങ്ങൾ ആശ്രയിച്ചത്. മ്യൂസിക് ഡയറക്ടർ മുജീബ് മജീദ് ബംഗളൂരുവിൽ ഇരുന്നാണ് സംഗീതം ചെയ്തത്. സിനിമയുടെ ബാക്കി എല്ലാം കാഞ്ഞങ്ങാടു തന്നെ ആയിരുന്നു.
ചിത്രത്തിന്‍റെ പ്ലാനിങിൽ കാമറാമാനായ ശ്രീരാജ് രവീന്ദ്രനുമായി ഞാൻ പ്രധാനമായും ചർച്ച ചെയ്തത് ഒരു കാര്യമാണ്. കാമറ ഒരു സാക്ഷിയോ കഥാപാത്രമോ ആകണമെന്നത് എനിക്ക് നിർബന്ധമായിരുന്നു. കഥ പറയുന്നതിന് ചലിച്ചുകൊണ്ടിരിക്കുന്ന ഫ്രെയിമുകൾ രൂപപ്പെടുത്തിയതിന് കാരണം ഇതാണ്. അത് സ്വാഗതം ചെയ്യപ്പെട്ടു എന്നാണ് ഇപ്പോൾ മനസ്സിലാക്കുന്നത്. ഷോട്ടുകൾ ചിത്രീകരിച്ചത് സ്റ്റെഡികാമുകളിലൂടെയാണ്. കാമറ കൈയിലേന്തിയും രംഗങ്ങൾ ചിത്രീകരിച്ചു. ഞാനും ശ്രീരാജും ജിംപൽ ഷോട്ടുകളെ ഇഷ്ടപ്പെടുന്നവരും മുൻ സിനിമ അത്തരം രീതികളിലൂടെ ചിത്രീകരിച്ചവരുമാണ്.
'തിങ്കളാഴ്ച നിശ്ചയം' വൻ വിജയമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. കൂടി വന്നാൽ രണ്ടുദിവസം കൊണ്ട് അവസാനിക്കുമെന്നാണ് കരുതിയത്. എന്നാലിപ്പോൾ ഒാരോ ദിവസവും കഴിയുേമ്പാൾ വൻ വിജയത്തിലേക്ക് കുതിക്കുകയാണ്. അതിന് എല്ലാവരോടും നന്ദിയുണ്ട്. അവാർഡുകളും ജനങ്ങൾ നൽകിയ സ്വീകാര്യതയും ഞങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു. മലയാളത്തിലെ പുതിയ സിനിമ ജനുവരിയിലോ ഫെബ്രുവരിയിലോ തുടങ്ങും. മൂന്ന് സിനിമകൾക്ക് കഥ തയാറായിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം സ്വന്തം കഥയാണ്. ഇതിലൊരു ചിത്രം പുതുമുഖങ്ങളെ മാത്രം അണിനിരത്തി ഉള്ളതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.