സ്വാതന്ത്ര്യത്തിലേക്കുള്ള താക്കോൽ ദൂരങ്ങൾ

ജയിൽ ചാട്ടങ്ങളുടെ വീരകഥാഖ്യാനങ്ങൾക്ക് വെള്ളിത്തിരയിൽ പഞ്ഞമില്ല. സീരീസായും സിനിമയായും പ്രിസൺ ബ്രേക്ക് ഇനത്തിൽ നിരവധി സൃഷ്ടികൾ പ്രേക്ഷകർക്ക് മുന്നിലുണ്ട്. ഭാവനയിൽ വിരിയിച്ചെടുക്കുന്ന അത്തരം രചനകളിൽനിന്നും വ്യത്യസ്തമായി യഥാർഥ സംഭവങ്ങളെ ആസ്ഥാനമാക്കി 2020ൽ ഫ്രാൻസിസ് അനാൻ സംവിധാനം ചെയ്ത ചലച്ചിത്രമാണ് എസ്കേപ് ഫ്രം പ്രിട്ടോറിയ. സ്വാതന്ത്ര്യത്തിലേക്കുള്ള താക്കോൽ കരസ്ഥമാക്കാൻ ക്ഷമയുടെയും പരീക്ഷണത്തിന്റെയും ബൗദ്ധിക വ്യായാമത്തിന്റെയും ഉറക്കമില്ലാത്ത ദിനരാത്രങ്ങൾ അതിജീവിച്ച മൂന്നു യുവാക്കളുടെ കഥയാണീ ചിത്രം പറയുന്നത്. ദക്ഷിണാഫ്രിക്കയിൽ 1979 കാലത്ത് വർണവിവേചനത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളിലെ മുന്നണി പോരാളികളായിരുന്ന ടിം ജെൻകിൻ, സ്റ്റീഫൻലീ എന്നിവരെ പ്രിട്ടോറിയ ജയിലിൽ തടവ് ശിക്ഷക്ക് വിധിക്കുകയായിരുന്നു. തടവറയിൽനിന്ന് രക്ഷപ്പെട്ടവരിൽ ഒരാളായ ടിം ജെൻകിൻ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട സംഭവങ്ങൾ 2003ൽ ഇൻ സൈഡ് ഔട്ട്: എസ്കേപ് ഫ്രം പ്രിട്ടോറിയ പ്രിസൺ എന്ന പേരിൽ പുസ്തകമാക്കി. ഇതിന്റെ ദൃശ്യാവിഷ്‍കാരമാണ് എസ്കേപ് ഫ്രം പ്രിട്ടോറിയ എന്ന സിനിമ. അസാധാരണമായി ഒന്നുമില്ലെന്നു തോന്നുന്ന ഒരു കഥാതന്തുവിനെ ഗംഭീരമാക്കി മാറ്റിയ ചലച്ചിത്രാനുഭവമാണിത്. തുടക്കം മുതൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന അവതരണമാണ് ചിത്രത്തിലുടനീളം. ടിം ജെൻകിൻ, സ്റ്റീഫൻലീ എന്നിവരെ കൂടാതെ ജയിലിൽവെച്ചു അവർ പരിചയപ്പെടുന്ന ലിയോണാർഡ് ഫൊന്റൈനോ എന്ന തടവുപുള്ളിയും സംഘത്തിന്റെ ഭാഗമാവുകയാണ്.

തികച്ചും അപ്രായോഗികമെന്നു നാം കരുതുന്നതും പരാജയപ്പെടാൻ സാധ്യത ഏറെയുളളതുമായ മാർഗമാണ് ജയിലിൽനിന്ന് രക്ഷപ്പെടാൻ അവർ തിരഞ്ഞെടുക്കുന്നത്. കനത്ത മാനസിക സംഘർഷങ്ങളുടെ കൽതുറുങ്കിലായിട്ടും സ്വാതന്ത്യത്തിലേക്കുള്ള പ്രതീക്ഷയാണ് ഈ മൂവർ സംഘത്തെ മുന്നോട്ടു നയിക്കുന്നതെന്നു കാണാം. ഒന്നു പിഴച്ചാൽ ജീവൻ നഷ്ടമാകുമെന്നു ഉറപ്പുള്ള ഒരു ഡെഡ് ഗെയിമാണ് ഇവർ തിരഞ്ഞെടുക്കുന്നത്. അധികൃതരുടെ കാഴ്ചാ പരിധിയിൽപെടാതെ നിരന്തരമായ നിരീക്ഷണങ്ങളും പരിശീലനവും സൂക്ഷ്മമായ പഠനവുമാണ് ഇവർ ജയിലിൽ നടത്തുന്നത്. ചിത്രം അവസാനത്തോടടുക്കുമ്പോൾ ഉദ്വേഗവും അനിശ്ചിതത്വവും പരകോടിയിലെത്തുന്നതു കാണാം. ഗാർഡിനെ വെട്ടിച്ച് രക്ഷപ്പെടാനുള്ള ട്രയൽ ഒക്കെ കാണിക്കുമ്പോൾ ഉേദ്വഗം പരകോടിയിലെത്തും.

കനത്ത മതിൽകെട്ടുകളും 24 മണിക്കൂറും തുറന്നുകിടക്കുന്നതുമായ കാവൽക്കണ്ണുകൾക്കുമിടയിൽനിന്ന് ഇവർ പുറം ലോകത്തെത്തുമോ... കണ്ടുതന്നെ അറിയണം ഈ സിനിമ. ഹാരി പോട്ടറിലൂടെ പ്രശസ്തനായ ഡാനിയൽ റാഡ്ക്ലിഫ് ആണ് നായകവേഷത്തിലെത്തുന്നത്. കൂടാതെ ഡാനിയൽ വെബ്ബർ, ഇയാൻ ഹർട്ട്, മാർക്ക് ലിയനാർഡ് വിന്റർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

l

Tags:    
News Summary - Distances are the keys to freedom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-27 04:32 GMT