കോഴിക്കോട്: ഏറ്റവും പ്രിയപ്പെട്ട നേതാവായിരുന്ന ലീഡർ കെ. കരുണാകരൻ പാർട്ടി വിട്ടപ്പോൾ പോലും വിടാതെ നിന്ന അടിയുറച്ച കോൺഗ്രസുകാരനാണ് താനെന്ന് സിനിമ താരം ധർമജൻ ബോൾഗാട്ടി. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസ് സീറ്റ് നൽകുകയാണെങ്കിൽ പോരാടാനുള്ള മണ്ഡലത്തിൽ വേണമെന്നും ധർമജൻ പറഞ്ഞു.
സ്ഥാനാർത്ഥിത്വം തീരുമാനിക്കേണ്ടത് പാർട്ടിയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനായി പ്രചാരണ രംഗത്ത് സജീവമായി ഉണ്ടാകും.
തന്‍റേത് കോൺഗ്രസ് കുടുംബമാണ്. അച്ഛനും ജ്യേഷ്ഠനും കോൺഗ്രസ് നേതാക്കളായിരുന്നു. സ്‌കൂളിലും കോളജിലും കെ.എസ്.യു നേതാവായിരുന്നു. സേവാ ദളിന്‍റെ ദേശീയ ക്യാമ്പിൽ അടക്കം പങ്കെടുത്തിട്ടുണ്ട്. ഞാൻ കണ്ടുവളർന്ന രാഷ്ട്രീയം കോൺഗ്രസാണ്. ഇഷ്ടപ്പെട്ട രാഷ്ട്രീയകക്ഷിയും കോൺഗ്രസാണ്.
ലീഡർ ഒരു ഘട്ടത്തിൽ പാർട്ടി വിട്ടപ്പോഴും ഞാൻ കോൺഗ്രസ് വിട്ടില്ല. ലീഡർ തിരിച്ചുവരട്ടെ എന്ന് കരുതി കാത്തിരുന്നു. ഇ.കെ നായനാരെയും ഇഷ്ടമാണ്. സീരിയസായി രാഷ്ട്രീയം വീക്ഷിക്കുന്ന ഒരാളാണ്. സീരിയസായി കുടുംബം നോക്കുന്നയാളാണ്. സിനിമാക്കാരനാണ്. സിനിമ എന്‍റെ ജീവിതോപാധിയാണ്. രാഷ്ട്രീയം എന്‍റെ രക്തത്തിലോടുന്നതാണ്. രണ്ടിനെയും മാറ്റിനിർത്താൻ പറ്റില്ല.
ബാലുശ്ശേരിയിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് 'ബാലുശ്ശേരിയിൽ കൂടുതൽ സൗഹൃദങ്ങൾ ഉണ്ട്. അതു കൊണ്ടു തന്നെ ഇഷ്ടവുമുണ്ട്' എന്നായിരുന്നു ധർമജന്‍റെ ഉത്തരം.
ബാലുശേരിയിൽ ധർമജൻ മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഏതാനും ആഴ്ചകളായി മണ്ഡലത്തിലെ പൊതുപരിപാടികളിലും സ്വകാര്യ ചടങ്ങുകളിലും ധർമജൻ സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.