കാസർകോട് ജില്ലയിലെ ആദ്യത്തെ സിനിമാ നിർമാതാവിന്റെ മകൻ; വിശേഷങ്ങളുമായി മദനോത്സവത്തിലെ പോരാളി ബിനു തങ്കച്ചൻ

ണ്ട് , ജിന്ന്, ന്നാ താൻ കേസ് കൊട്, രേഖ തുടങ്ങിയ സിനിമകളിലൂടെ അഭിനയത്തിൽ ശ്രദ്ധേയനായി മാറിയിരിക്കുന്ന രാജേഷ് അഴീക്കോടൻ. മദനോത്സവം എന്ന ചിത്രത്തിലെ പോരാളി ബിനു തങ്കച്ചൻ എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമ ലോകത്ത് തന്റേതായ ഇരിപ്പിടം കണ്ടെത്തിയിരിക്കുകയാണ്. നാടകം, ഡോക്യുമെന്ററി, സംവിധാനസഹായി, അഭിനയം എന്നിങ്ങനെ സർവ മേഖലയിലും തിളങ്ങിനിൽക്കുന്ന രാജേഷ് അഴീക്കോടൻ തന്റെ വിശേഷങ്ങൾ മാധ്യമവുമായി പങ്കുവെക്കുന്നു

• കാസർകോട് ജില്ലയിലെ ആദ്യത്തെ സിനിമാ നിർമാതാവിന്റെ മകൻ

കാസർകോട് ജില്ലയിലെ ആദ്യത്തെ സിനിമാ നിർമാതാവായ അഴീക്കോടൻ കുഞ്ഞികൃഷ്ണൻ നായർ എന്റെ അച്ഛനാണ്. 1975 ൽ പുറത്തിറങ്ങിയ പ്രതാപ്‌ സിങ് സംവിധാനം ചെയ്ത 'ഡാലിയാ പൂക്കൾ' എന്ന സിനിമയായിരുന്നു അത്. അത്തരമൊരു സിനിമാ പാരമ്പര്യത്തിൽ നിന്നാണ് എന്റെ കലാജീവിതത്തിന്റെയൊക്കെ തുടക്കം സംഭവിക്കുന്നത്. അക്കാലങ്ങളിൽ ഒരുപാട് സിനിമാക്കാരൊക്കെ വീട്ടിൽ വരുമായിരുന്നു.വിജയൻ കാരോട്ട്, സംവിധായകൻ പവിത്രൻ, ചിന്ത രവി എല്ലാം വീട്ടിലെ നിത്യസന്ദർശകരായിരുന്നു. അതുപോലെ ചലച്ചിത്ര മാസികകൾ ഒക്കെ ചെറുപ്പം മുതലെ നിരന്തരം കൺ മുമ്പിൽ കാണുമായിരുന്നു.ഇത്തരം സിനിമാചർച്ചകൾ, സിനിമാവാർത്തകൾ കാരണത്താലൊക്കെ സിനിമാമോഹം എന്റെയുള്ളിലേക്ക് വളരെ ചെറുപ്പത്തിൽ തന്നെ കടന്നുകൂടി. പക്ഷെ അന്നത്തെ ജീവിതസാഹചര്യമൊക്കെയനുസരിച്ച് ആ താല്പര്യം ഒരാളോടും തുറന്ന് പറയാനുള്ള ധൈര്യമില്ലായിരുന്നു. അത്രക്ക് വലിയ സൗഹൃദമനോഭാവം ഉള്ളവരല്ലായിരുന്നു മുതിർന്നവരൊന്നും.

• നാടകം ആരംഭിക്കുന്നു

ആ കാലത്താണ് അമ്പലപറമ്പിലൊക്കെ വരുന്ന നാടകങ്ങളിലെ മെയ്ക്കപ്പ് റൂമുകൾ ഞാൻ ശ്രദ്ധിക്കുന്നത്. അവിടെ പ്രധാനമായും വരുന്നത് കണ്ണൂർ നടന ക്ഷേത്രത്തിന്റെ കലാമണ്ഡലം വനജ അഭിനയിക്കുന്ന നൃത്തനാടകമാണ്. കടാങ്കോട്ട് മാക്കം പോലുള്ളവ. മാത്രമല്ല നാടകം അവതരിപ്പിക്കുന്ന സ്റ്റേജിനോട് ചേർന്നായിരിക്കും വസ്ത്രം മാറാനും ഒരുങ്ങാനുമൊക്കെയുള്ള ഗ്രീൻ റൂമുകളുണ്ടാവുക. ആളുകൾ ഒരുങ്ങുന്നതൊക്കെ ഗ്രീൻറൂമിൽ മാറി നിന്ന് ഞാൻ നോക്കുമായിരുന്നു. അന്ന് ഞാൻ കുട്ടിയായിരുന്നത് കൊണ്ട് അങ്ങനെ നോക്കുന്നതൊന്നും പ്രശ്നമല്ലല്ലോ. ആരുമത് വിഷയമാക്കുകയൊന്നുമില്ല. എന്തായാലും ലിപ്സ്റ്റിക് ഇടുന്ന , ചമയം ഇടുന്ന, ആഭരണങ്ങൾ ധരിക്കുന്ന മനുഷ്യരെയൊക്കെയും ഞാനവിടെ വെച്ചാണ് കാണുന്നത്.അതുവഴി ഒരു മനുഷ്യൻ കഥാപാത്രമാകുന്നതിന്റെ പരിണാമം ഞാനവിടെ വെച്ചു ആ പ്രായത്തിൽ തന്നെ കണ്ടറിഞ്ഞിരുന്നു. ഇത്തരത്തിൽ കഥാപാത്രത്തിലേക്കുള്ള പരിവർത്തനവും, അതിന് ശേഷമുള്ള അവരുടെ അഭിനയവുമെല്ലാം രസമുള്ള സംഗതിയാണെന്ന് അന്നേ മനസിൽ തോന്നിയിരുന്നു. അങ്ങനെയാണ് സ്കൂൾ യൂത്ത് ഫെസ്റ്റിവലിലെല്ലാം നാടകങ്ങൾ ചെയ്യുന്നതും സ്കൂൾ തലങ്ങളിൽ ബെസ്റ്റ് ആക്ടർ ആകുന്നതുമെല്ലാം.അന്നൊക്കെ സ്കൂൾ നാടകങ്ങളിലെ നല്ല നടൻ രാജേഷ് ആണെന്ന് പറയുമ്പോൾ നാട്ടിൽ കിട്ടുന്ന പരിഗണനയൊക്കെ എന്നെ ഒരുപാട് സന്തോഷിപ്പിച്ചിരുന്നു.

• സ്കൂൾ നാടകങ്ങളിൽ നിന്ന് അമേച്വർ നാടകങ്ങളിലേക്ക്

അതുപോലെ നാട്ടിലെ അമേച്വർ നാടകങ്ങളിലേക്കെല്ലാം ആളുകളെന്നെ അഭിനയിക്കാൻ വിളിക്കാനും തുടങ്ങി. നാടകാഭിനയത്തിൽ സജീവമായി തുടങ്ങുന്നത് അങ്ങനെയാണ്. കേളു എന്ന നാടകം കാണുന്നത്തോടെയാണ് അമേച്വർ നാടകത്തെക്കുറിച്ച് ഞാൻ കാര്യമായി ചിന്തിക്കുന്നതും, അതിന്റെ വ്യത്യസ്തങ്ങളായ തലത്തെ കുറിച്ച് മനസിലാക്കുന്നതും, അമേച്വർ നാടകങ്ങളെ കൂടുതൽ ഗൗരവകരമായി എടുക്കുന്നതും. അതിൽ കേളുവായി അഭിനയിച്ച ബാബു അന്നൂരുമായി പിന്നീട് നല്ലൊരു ബന്ധവുമുണ്ടായി. ബാബു അന്നൂരുമായുള്ള സൗഹൃദത്തിലൂടെയാണ് അവരുടെ നാടകഗ്രാമത്തിലേക്കും നാടകവീട്ടിലേക്കും ഞാനെത്തുന്നത്. കുടുംബാം​ഗങ്ങളടക്കം എല്ലാവരും നാടകക്കാരാണവിടെ. തിങ്കളാഴ്ച നിശ്ചയത്തിലും പ്രണയവിലാസത്തിലുമൊക്കെ അഭിനയിച്ച നടൻ കെ.യു. മനോജിനേയും സംവിധായകൻ പ്രിയനന്ദനനേയുമൊക്കെ ഞാൻ ഇതുവഴിയാണ് പരിചയപ്പെടുന്നത്. സത്യത്തിൽ നാടകത്തിലെ എന്റെ ഗുരു ബാബു അന്നൂരാണ്. പ്രൊഫഷണൽ നാടകമല്ല അമേച്ചർ നാടകമാണ് എനിക്ക് കൂടുതൽ നല്ലതെന്നും ഞാൻ മനസിലാക്കി. കെ. ടി മുഹമ്മദിന്റെ നാടകം ജീവിതമാക്കിയപ്പോൾ അതിൽ കെ. ടി മുഹമ്മദായി ഞാനഭിനയിച്ചു. എന്റെ നാടകജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് ആ കഥാപാത്രം ചെയ്യാൻ പറ്റിയത്. കഥാപാത്രം വിജയിക്കുമ്പോൾ ഉണ്ടാകുന്ന ആനന്ദമാണ് ഏറ്റവും വലിയ ആനന്ദമെന്നു കരുതുന്ന ആളാണ് ഞാൻ.

• ഡോക്യുമെന്ററികളിൽ കൂടി സജീവം

എം. എ റഹ്മാനുമൊന്നിച്ചാണ് ഡോക്യുമെന്ററികളെല്ലാം ചെയ്തത്. ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്തൊക്കെ റഹ്മാൻ മാഷ് വീട്ടിൽ വരാറുണ്ടായിരുന്നു. അന്ന് മാഷിന്റെ കൈയിലെ ഒരു സ്റ്റിൽ ക്യാമറയിൽ എന്റെ കുറെ ഫോട്ടോസെല്ലാം പകർത്തിയെടുത്തതൊക്കെ ഓർമ്മയുണ്ട്. പിന്നീട് കുറെ കാലങ്ങൾക്ക് ശേഷം ഞാൻ തന്നെയാണ് അദ്ദേഹത്തിനോടൊപ്പം വർക്ക് ചെയ്യാൻ താല്പര്യമുണ്ടെന്ന് അറിയിക്കുന്നത്. കേട്ടപ്പോൾ തന്നെ മാഷെന്നോട് കൂടെ കൂടാൻ പറഞ്ഞു. അങ്ങനെ അദ്ദേഹത്തിന്റെ സഹായിയായി മാറി. അദ്ദേഹത്തിനോടൊപ്പം ഒരുപാട് ഡോക്യുമെന്ററുകൾ ചെയ്തു. എസ്.ഐ.ഇ.ടിക്കുവേണ്ടി ചെയ്യുന്ന ഡോക്യുമെന്ററികളായിരുന്നു അവയൊക്കെ. അതിലെല്ലാം ഞാൻ അഭിനയിക്കുകയും, അസിസ്റ്റന്റ് ആവുകയും, അസോസിയേറ്റ് ആവുകയുമെല്ലാമുണ്ടായി.ഡോക്യുമെന്ററികളുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കെല്ലാം നടക്കുന്നത് തിരുവനന്തപുരത്താണ്. ഞാനാദ്യമായി തിരുവനന്തപുരം ചിത്രാഞ്ജലിയിൽ പോകുന്നതൊക്കെ അങ്ങനെയാണ്. അവിടെവച്ച് ടിവി ചന്ദ്രൻ എന്ന സംവിധായകനെ റഹ്മാൻ മാഷ് എനിക്ക് പരിചയപ്പെടുത്തി തരുന്നത്. അതുപോലെ സതീഷ് പൊതുവാൾനെയും പരിചയപ്പെടുത്തി തന്നു. അങ്ങനെ സതീഷ് പൊതുവാളിന്റെ മലബാർ മാന്വൽ എന്നൊരു ഡോക്യുമെന്ററിയുമായി ഞാൻ സഹകരിച്ചിരുന്നു. അതുകഴിഞ്ഞു സതീഷ് ചേട്ടൻ ചെയ്ത സമയം എന്ന സിനിമയിലൂടെ ഞാനാദ്യമായി അസിസ്റ്റന്റ് ആയി വന്നു. പിന്നീട് ടിവി ചന്ദ്രൻ സാറിന്റെ കൂടെ അസോസിയേറ്റ് ചെയ്തു. അങ്ങനെ സിനിമാബന്ധങ്ങൾ കുറെകൂടി വളരുകയായിരുന്നു. പതിയെ സിനിമ ചെയ്യാമെന്ന രീതിയിലേക്കൊക്കെ ഞാൻ മാനസികമായി മാറിയിരുന്നു. അതേസമയം തന്നെ ഒരു വശത്ത് ഞാൻ നാടകങ്ങളും കൊണ്ടുപോയിരുന്നു.

• ആദ്യമായി സിനിമാഭിനയത്തിലേക്ക്

ഞാൻ സംവിധാനം ചെയ്ത ഡോക്യുമെന്റെറി കാഞ്ഞങ്ങാട് കെ. മാധവനെ കുറിച്ചുള്ളതായിരുന്നു.അദ്ദേഹം ഒരു സ്വാതന്ത്രസമര നേതാവായിരുന്നു. ആ ഡോക്യുമെന്ററി കുറച്ച് ഫെസ്റ്റിവലുകളിലൊക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അങ്ങനെ സാംസ്കാരിക സാമൂഹിക നാടക സിനിമ മേഖലകളിലെല്ലാം അത്യാവശ്യം സജീവമായി ഞാൻ പ്രവർത്തിച്ചു പോന്നു. തടിയനും മുടിയനും എന്നൊരു നാടകം ചെയുന്ന സമയത്താണ് ആ നാടകം സിനിമയാക്കാമെന്ന ചർച്ച വരുന്നത്. ബിനുലാൽ എഴുതിയ നാടകമാണത്. അന്ന് ബിനുലാലിന്റെ രണ്ട് മക്കൾ കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുകയായിരുന്നു. ഈ നാടകം സിനിമയാക്കാനുള്ള ചർച്ച അവരിലൂടെയാണ് വരുന്നത്. എല്ലാവരും അത് അംഗീകരിച്ചു.അങ്ങനെ ഷൂട്ട് തുടങ്ങി. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളും മറ്റുമായിരുന്നു പിന്നണിയിലെ സാങ്കേതികവിദ​ഗ്ധർ. അതിൽ തടിയനെന്ന കഥാപാത്രം ഞാനാണ് ചെയ്തത്. മുടിയനായി ഹരിദാസ് കുണ്ടംകുഴിയും. ആ സിനിമ ഷൂട്ട് ചെയ്ത് വിദേശ ഫെസ്റ്റിവലിലൊക്കെ പോയതാണ്. ആ സിനിമ കണ്ട ടി. വി ചന്ദ്രൻ ചേട്ടനാണ് എന്നോട് സിനിമാഭിനയം കാര്യമായി ശ്രദ്ധിക്കാൻ പറയുന്നത്. അതിൽപിന്നെയാണ് ബിനുലാൽ ഉണ്ണി തിരക്കഥയെഴുതി സുജിത് ലാൽ സംവിധാനം ചെയ്യുന്ന രണ്ട് എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം വരുന്നത്. അതിലെ ഒരു മുസലിയാർ കഥാപാത്രം ചെയുന്നത് അങ്ങനെയാണ്. അത് അത്യാവശ്യം അഭിപ്രായം കിട്ടിയ കഥാപാത്രമായിരുന്നു. അതിന് ശേഷം ഈ ഓഡീഷനൊക്കെ പങ്കെടുക്കാൻ തുടങ്ങി.

• രാഷ്ട്രീയ ആക്ഷേപഹാസത്തിന്റെ പോരാളി ബിനു തങ്കച്ചൻ

മദനോത്സവം സിനിമയുടെ സംവിധായകൻ സുധീഷ് ഗോപിനാഥനെ എനിക്ക് മുൻപേ തന്നെ പരിചയമുണ്ട്. നാട്ടുകാരനും നമ്മുടെ നാടകവുമായി ബന്ധപ്പെട്ട സൗഹൃദ വലയങ്ങളിലെ ഒരാളുമൊക്കെയാണ് സുധീഷ്. അദ്ദേഹം അസോസിയേറ്റാവുന്ന സിനിമകളിലെല്ലാം എന്നെ ഓഡിഷന് വിളിക്കുകയും ചെറിയ ചെറിയ കഥാപാത്രങ്ങളൊക്കെയാ സിനിമയിൽ തരികയും ചെയ്യുമായിരുന്നു.'ന്ന താൻ കേസ് കൊട്' സിനിമയുടെ കാസ്റ്റിംഗ് ഡയറ്കടർ രാജേഷ് മാധവനെ എനിക്ക് മുൻപേ അറിയാം. സിനിമക്ക് മുന്നേയുള്ള സൗഹൃദമാണ് ഞങ്ങൾക്കിടയിൽ. രാജേഷ് മാധവനും സുധീഷും ചേർന്ന് 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലേക്ക് എന്നെകൂടി പരിചയപ്പെടുത്തി. അതിൽ നല്ലൊരു കഥാപാത്രം തന്നു. അതുപോലെ രേഖ എന്ന സിനിമയുടെ ഓഡിഷൻ പങ്കെടുക്കുകയും വിൻസിയുടെ അച്ഛനായി നല്ലൊരു കഥാപാത്രം ചെയ്യുകയും ചെയ്തു. അതുകഴിഞ്ഞാണ് മദനോത്സവം എന്ന സിനിമ സുധീഷ് സംവിധാനം ചെയുന്നത്. അതിലെ പോരാളി ബിനു തങ്കച്ചൻ എന്ന കഥാപാത്രം വളരെയധികം ശ്രദ്ധ പിടിച്ചുപറ്റി. പാർട്ടിയുടെ ലോക്കൽ സെക്രട്ടറിയാണ് ഈ കഥാപാത്രം. ഈ കഥാപാത്രത്തെ കുറിച്ച് സംവിധായകൻ മുൻപേ തന്നെ എനിക്ക് പറഞ്ഞു തന്നിരുന്നു. മാത്രമല്ല അതിന്റെ കാസ്റ്റിംഗ് ഡയറക്ടർ ഗോകുൽ ആ കഥാപാത്രം ചെയ്യാൻ എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. പിന്നെ ഞാൻ നാട്ടിലെ ഇടത്പക്ഷ സജീവ പ്രവർത്തകനായിരുന്നു. ഒരു നടനെന്ന നിലക്ക് ഞാൻ, എനിക്കറിയാവുന്ന രാഷ്ട്രീയപ്രവർത്തകരെയൊക്കെ നിരീക്ഷിച്ചിരുന്നു.ബിനു തങ്കച്ചനെല്ലാം അത്തരം റെഫറൻസിൽ നിന്ന് കൂടി വരുന്നതാണ്.

• മലയാളസിനിമയും കാസർഗോഡും

ഞങ്ങളുടെ നാടിനെ സംബന്ധിച്ചിടത്തോളം സിനിമ ശരിക്കും അന്യമായിരുന്നു. ഒരു മുത്തശ്ശി കഥ എന്ന സിനിമയാണ് ഞങ്ങളുടെ അറിവിൽ,കാഞ്ഞങ്ങാട് കടപ്പുറത്ത് വെച്ച് ഷൂട്ട് നടക്കുന്ന മലയാള ചലച്ചിത്രം. അതിനു മുൻപ് പ്രേം നസീറിന്റെ സിനിമയൊക്കെ ഉണ്ടെങ്കിലും ഞങ്ങൾ നേരിൽ കാണുന്നത് മുത്തശ്ശി കഥയാണ്. പിന്നെ ഒരുപാട് കാലം കഴിഞ്ഞിട്ടാണ് പ്രിയനന്ദനെ പോലുള്ളവരൊക്കെ ഇവിടെ സിനിമ കൊണ്ട് വരുന്നത്. പിന്നെ ഷാജി .എൻ കരുണിന്റെ സിനിമയൊക്കെ വന്നു. ആൻഡ്രോയ്ഡ് കുഞ്ഞപ്പനു ശേഷമാണ് കാസർകോട് ഭാഗത്തേക്ക് സിനിമ തന്നെ കാര്യമായി വരുന്നത്. പിന്നെ കാസർകോട് കണ്ണൂർ ഭാഗങ്ങളിൽ ലഭ്യമായ ആർട്ടിസ്റ്റുകളെയൊക്കെ ഓഡിഷൻ വഴി കൂടി തെരഞ്ഞെടുക്കാൻ തുടങ്ങിയപ്പോൾ നമ്മുടെ ഭാഷ വേണമെന്നവർ ഡിമാൻഡ് കൂടി ചെയ്ത് തുടങ്ങിയപ്പോൾ ആ ഭാഷ സജീവമായി തുടങ്ങി. ഇപ്പോൾ ഉള്ള മെച്ചമെന്താണെന്ന് വെച്ചാൽ, തെക്കൻ ജില്ലകളിൽ ഉള്ളവർക്ക് വരെ നമ്മുടെ ഭാഷ മനസിലായി തുടങ്ങി എന്നതാണ്. അതൊരു വലിയ ഗുണമാണ്.

• വരും സിനിമകൾ

അന്ത്രു ദി മാൻ, നദികളിൽ സുന്ദരി യമുന, ബർമുഡ, പൊറാട്ട് നാടകം തുടങ്ങിയവയാണ് വരാനിരിക്കുന്ന ചിത്രങ്ങൾ.

Tags:    
News Summary - Madanolsavam Fame rajesh azhikodan Latest Interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-27 04:32 GMT