ഓർമയുടെ നാമ്പുകൾ

രാവിലെ കണികണ്ടുണർന്ന് അടുക്കളയിൽ കയറി കുട്ടികൾക്ക് നല്ല പലഹാരമുണ്ടാക്കിക്കൊടുക്കാം എന്ന് വിചാരിച്ച് ഇടിയപ്പവും സ്റ്റുവും തയാറാക്കാൻ തുടങ്ങി. എട്ടുമണിക്ക് മുമ്പേ എല്ലാം റെഡിയാക്കി ഞാൻ അവരെ വിളിച്ചു. എന്റെ പ്രാതൽ കഴിക്കാൻ ഞാൻ വിചാരിച്ച താൽപര്യമൊന്നും അവർക്കില്ല. ഒമ്പത് മണിവരെ കാത്തിരുന്നു. ആ സമയത്താണ് പഴയ വിഷുക്കാലത്തേക്ക് ഇറങ്ങിപ്പോയത്. അന്നത്തെ ‘കണിവെപ്പ്’ ഒരു ചെലവും ഇല്ലാത്ത ഒരേർപ്പാടാണ്. അതിൽ വെക്കുന്ന ഒരു വസ്തുവും വിലക്ക് വാങ്ങുന്നവയല്ല. ഒന്നുകിൽ നേന്ത്രപ്പഴം അല്ലെങ്കിൽ പൂവൻപഴം. ഓട്ടുരുളിയിൽ ആവശ്യത്തിന് ഉണക്കലരിയോ പുഴുക്കലരിയോ. നാളികേരം, കൈതച്ചക്ക, മൂവാണ്ടൻ, കിളിച്ചുണ്ടൻ, പുളിച്ചി ഇങ്ങനെ എത്ര മാവുകൾ. ഏതിൽ നിന്നെങ്കിലും ഒരു കുല മാങ്ങ- പഴുത്ത അടക്ക. ബാക്കിയൊക്കെ വീട്ടിൽ കൃഷി ചെയ്തുവരുന്ന പച്ചക്കറികളാണ്. വെള്ളരിക്ക വിളഞ്ഞു പഴുത്തത്, ചാരം പൂശിയ കുമ്പളങ്ങ ഇവയൊക്കെ ഞങ്ങളുടെ ചായ്പിലെ നീണ്ട ഒരു കമ്പിൽ ഓലക്കാലുകൊണ്ടുണ്ടാക്കിയ വളയങ്ങളിൽ തൂക്കിയിട്ടിട്ടുണ്ടാവും.

കുല പഴുപ്പിക്കുന്നതും ഈ ചായ്പിന്റെ മൂലയിലെ കൊളുത്തിൽ ചാക്കിട്ട് മൂടിയാണ്. വളയത്തിൽനിന്ന് നല്ല വിളഞ്ഞു പഴുത്ത ഒരു വെള്ളരിക്ക, പറമ്പിൽനിന്നും പറിച്ചെടുത്ത ഒരു പിടി പയർ-ചെറിയ ഒരു പടവലങ്ങ- ഒന്നുരണ്ടു വഴുതനങ്ങ- മുരിങ്ങ കായ്ക്കുന്ന സമയമായതിനാൽ മുരിങ്ങക്ക പറിച്ചതും കൂട്ടത്തിൽ വെക്കും. അമ്മൂമ്മയുടെ കസവു നേര്യത് (കോടി), ആറന്മുള കണ്ണാടി എന്നൊക്കെ കേട്ടുകേൾവിയേയുള്ളൂ. വീട്ടിലെ മുഖം നോക്കുന്ന കണ്ണാടിയും അമ്മയുടെ സിന്ദൂരച്ചെപ്പും കൺമഷികളും. കുറച്ചു നാണയത്തുട്ടുകളും ഗ്രന്ഥവും വെക്കും. കണിക്കൊന്ന ആ പരിസരത്തു വളരെ കുറവായതിനാൽ തലേന്നുതന്നെ എവിടെ നിന്നെങ്കിലും ഒടിച്ചുകൊണ്ടുവരും. വലിയ നിലവിളക്കും -തുളസിപ്പൂമാല ചാർത്തിയ ഒരു കൃഷ്ണ വിഗ്രഹവും ഇതാണ് കണിയുടെ ഒരു രീതി. കിടക്കാറാവുമ്പോൾ അമ്മയുടെ മാല കഴുത്തിൽനിന്നും ഊരിയെടുത്ത് കഴുകി വെള്ളരിക്കയിൽ ചുറ്റി വെച്ചിട്ടാണ് ഉറങ്ങാൻ പോവുന്നത്.

വെളുപ്പിന് നാലു മണിയോടെതന്നെ അമ്മൂമ്മ എല്ലാവരെയും വിളിച്ചുണർത്തും. അമ്മയോ അച്ഛനോ ഞങ്ങളുടെ കണ്ണുപൊത്തി നടത്തി കണിവെച്ചതിന്റെ മുന്നിൽ കൊണ്ടുചെന്ന് നിർത്തി കണി കാണിച്ച് പ്രാർഥിക്കും. ഞങ്ങൾ വീണ്ടും പോയി കിടന്നുറങ്ങും.




അതാ. അഞ്ചു മണികഴിഞ്ഞിട്ടേയുള്ളൂ. മുറ്റത്ത് തപ്പുകൊട്ടി ‘കണികാണും നേരം’ എന്ന പാട്ടുകേൾക്കുന്നു. അച്ഛൻചെന്ന് കതക് തുറന്നു നോക്കുമ്പോൾ തടികൊണ്ട് നിർമിച്ച ചില്ലിട്ട കണ്ണാടിക്കൂട്ടിൽ ഓടക്കുഴലേന്തിയ ഉണ്ണികൃഷ്ണൻ ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നു. ചെറിയ ഒരു വിളക്കും അതിൽ കത്തിനിൽക്കുന്നു. ആരും കാണാതെ മറഞ്ഞുനിന്ന് ഞങ്ങളുടെ പരിസരത്തെ ആൺകുട്ടികളാണ് പാടുന്നത്. അവർ ചുവന്ന പട്ടുതുണി കൊണ്ട് മൂടിക്കെട്ടിയ കാണിപ്പാത്രത്തിൽ വിഷുക്കൈനീട്ടം ഇട്ടുകഴിയുമ്പോൾ വിഗ്രഹവുമായി അടുത്ത വീട്ടിലേക്ക് നീങ്ങും.

നേരം പുലർന്നു കഴിയുമ്പോൾ പാൽ കറന്ന് കഴിഞ്ഞ് പശുവിനെ കിടാവുമായി മുറ്റത്തുള്ള തൈത്തെങ്ങിന്റെ ചുവട്ടിൽ കൊണ്ടു കെട്ടിയിടും. നിറയെ പുല്ലും കച്ചിയുമൊക്കെ തിന്നാൻ ഇട്ടുകൊടുക്കും. അവയെ കണി കാണുന്നതും ഐശ്വര്യമെന്നാണ് പറയുന്നത്.

രാവിലെ ഞങ്ങൾ കുട്ടികൾ കുളിച്ച് അമ്പലത്തിൽ പോയി വരണമെന്നത് നിർബന്ധമാണ്. ഞങ്ങൾ പോകാനിറങ്ങുമ്പോൾ കേട്ടു. ഇന്ന് രാവിലത്തെ പ്രാതൽ ഇടിയപ്പമാണത്രെ. ഞങ്ങൾക്ക് ആ പലഹാരം തീരെ പരിചയമില്ല. കൊയ്ത്ത് കഴിഞ്ഞ് പച്ചനെല്ലുണക്കി കുത്തി അരിയാക്കും. ആരെയെങ്കിലും സഹായികളെ വിളിച്ചു അരി കുതിർത്ത് ഉരലിലിട്ട് ഇടിച്ചു തെള്ളി പുറത്ത് അടുപ്പുകൂട്ടി വലിയ ഉരുളിയിൽ വറുത്തെടുത്ത അരിപ്പൊടി ഭരണിയിലാക്കി സൂക്ഷിച്ചുവെക്കും. അതുകൊണ്ട് പൂട്ടും -കൂടെ കടലയോ പഴമോ ഒക്കെയാണ് സ്ഥിരം പലഹാരം. അല്ലെങ്കിൽ പുഴുക്കലരി രാത്രിതന്നെ വെള്ളത്തിലിട്ടു കുതിർത്ത് രാവിലെ അരക്കല്ലിൽ അരച്ചെടുത്ത് കൊഴുക്കട്ടയായിരിക്കും. ഇത് രണ്ടുമല്ലാതെ ഇങ്ങനെ ഓണത്തിനോ വിഷുവിനോവൊക്കെ അരിയും ഉഴുന്നും മിനക്കെട്ട് ആട്ടുകല്ലിൽ അരച്ച് ഇഡ്ഡലിയോ ദോശയോ ഉണ്ടാക്കും. അല്ലാതെ മറ്റു പലഹാരമൊന്നും കഴിക്കാത്ത ഞങ്ങൾക്കാണ് ഇന്ന് ഇടിയപ്പം എന്ന പലഹാരം തയാറാക്കുന്നത്. ഞങ്ങൾ ഉത്സാഹമായി അമ്പലത്തിൽ പോകാനിറങ്ങി.


അടുക്കളയിൽ അമ്മയും അപ്പച്ചിയുമാണ് സ്ഥിരം വീടിന്റെ മുൻവശത്തുള്ള വലിയ വരമ്പിൽ കൂടി നടന്ന് രണ്ടു ചാലു ചാടിക്കടന്നാൽ പൂപ്പള്ളിച്ചിറയിൽ ചെന്ന് കയറാം. റോഡ് കുറുകെ കടന്നാൽ അമ്പലമായി. ഞങ്ങൾ വേഗം തൊഴുതു വഴിയിൽ കണ്ട കൂട്ടുകാരുമായി കുശലം പറഞ്ഞ് തിരിച്ചു വീട്ടിലെത്തി.

വീട്ടിലെ അടുക്കളയിൽ ഒന്നും സംഭവിച്ചില്ല. അമ്മ സേവനാഴിയുമായി ഗുസ്തി പിടിക്കുകയാണ്. ചില്ലിനിടയിൽ കൂടി ഒരിറ്റ് നൂലുപോലും പുറത്തേക്ക് ചാടുന്നില്ല. അവസാനം അമ്മ കൈയൊഴിഞ്ഞു പറഞ്ഞു: ‘എനിക്ക് വയ്യ പാറൂ ഇനി നീ നോക്ക്. നിന്റെ കൈക്കാണ് ആരോഗ്യം.’ ആരോഗ്യവതിയായ അപ്പച്ചിയും പരമാവധി ശ്രമിച്ചു. ഒരു രക്ഷയും ഇല്ല. രണ്ടുപേരും ഇടിയപ്പത്തിന് മുന്നിൽ സുല്ലിട്ടു. ഇന്നാലോചിക്കുമ്പോൾ എനിക്കതിനുള്ള ഉത്തരം കിട്ടുന്നുണ്ട്.

(ഒന്നാമത് പുട്ടിന് പൊടിച്ച തരിയുള്ള മാവ്. രണ്ടാമത് മാവെടുക്കുന്ന കൈകൊണ്ടുതന്നെയാണ് ഇടക്കും മുറക്കും തേങ്ങ തിരുമ്മിയത് എടുക്കുന്നതും): എന്തായാലും ആ പലഹാരം ഞങ്ങൾക്കുണ്ടാക്കിത്തരാൻ അവർക്ക് കഴിഞ്ഞില്ല. പകരം ഇടിയപ്പത്തിന് തിരുമ്മിവെച്ച തേങ്ങ മുഴുവൻ മാവിലിട്ട് കുഴച്ച് പതിവ് കൊഴുക്കട്ട തന്നെയുണ്ടാക്കുന്നു ഞാൻ നോക്കുമ്പോൾ. വിശന്ന് കത്തിനിന്ന ഞങ്ങളാരും വഴക്കിന് നിന്നില്ല. ഇതെങ്കിലും ഒന്നു വെന്തുകിട്ടിയാൽ മതിയെന്ന് കരുതി അടുക്കള പരിസരത്തൊക്കെ ചുറ്റിനടന്നു.


കാപ്പി കുടിയൊക്കെ കഴിഞ്ഞപ്പോഴേക്കും അച്ഛൻ പാടത്തുപോയി തിരിച്ചെത്തി. കുളിച്ചു മുണ്ടുമാറി ഞങ്ങളെ രണ്ടുപേരെയും വിളക്കിന്റെ മുന്നിലേക്ക് വിളിച്ചു. അക്ഷമരായിനിന്ന ഞങ്ങളുടെ കൈകളിൽ ആദ്യമായി ഒരു രൂപ നാണയം വെച്ചുതന്നു. അതുവരെ ഒന്നുകിൽ പത്തു പൈസ. കൂടിപ്പോയാൽ അമ്പത് പൈസ. അതാണ് കണക്ക്. നിധി കിട്ടിയതുപോലെ ഞങ്ങൾ അത് കൊണ്ടുപോയി സൂക്ഷിച്ചുവെച്ചു. ബന്ധുക്കളായ പ്രധാനികൾ പലരും അന്ന് വിഷുക്കൈ നീട്ടം തരും. എല്ലാം സ്വരുക്കൂട്ടി എണ്ണിത്തിട്ടപ്പെടുത്തിവെക്കും. അതിൽനിന് കുറച്ചെടുത്ത് ഞങ്ങൾ തൊട്ടക്കരെയുള്ള കടയിൽ പോയി ഒന്നോ രണ്ടോ പെട്ടി കമ്പിത്തിരി, മത്താമ്പ്, പൊട്ടാസ്, ഒന്നുരണ്ട് കുരവപ്പൂവ് തുടങ്ങിയ കുറച്ച് ചെറുകിട പടക്കങ്ങൾ വാങ്ങും സന്ധ്യക്ക് കത്തിക്കാൻ. ബാക്കി പൈസ കൃത്യമായി സൂക്ഷിച്ചുവെക്കും. അധികം വൈകാതെ സൂത്രത്തിൽ സോപ്പിട്ട് ആ പൈസ കടം വാങ്ങും. ആരെങ്കിലും ഞങ്ങളെ പറ്റിച്ച് ജീവിതത്തിൽ പിന്നെ അത് തിരിച്ചുകിട്ടുകയുമില്ല. പൈസക്ക് എല്ലാവർക്കും അത്ര ആവശ്യമുള്ള കാലം. പക്ഷേ, ആരുടെ കൈയിലും ആവശ്യത്തിന് പൈസ ഒട്ടും കാണുകയുമില്ല. എല്ലാവരും ഉറ്റുനോക്കുന്നത് ആ വർഷത്തെ വിളവിന്റെ മേനിയിലാണ്. സമൃദ്ധിയിലാണ്. കൃഷി ചതിച്ചാൽ തീർന്നു കഥ.

വിഷുവിന് മുമ്പുതന്നെ പാടത്തേ വെള്ളം വറ്റിക്കൽ, കലപ്പ പൂട്ടൽ മുതലായവ തുടങ്ങിയിരിക്കും. നിലം ഉഴാൻ തുടങ്ങുമ്പോൾ മുതൽ കണ്ടിട്ടില്ലാത്ത തരം വെള്ളക്കൊക്കുകൾ, ചാരക്കൊക്കുകൾ, വിവിധയിനം മുണ്ടികൾ, കുളക്കോഴികൾ, മാടത്തകൾ എന്നുവേണ്ട സകലമാന പക്ഷികളും നിലത്തിൽനിന്നും ഉയർന്നുപൊങ്ങുന്ന പ്രാണികൾ, പുഴുക്കൾ മുതലായവയൊക്കെ കൊത്തിത്തിന്നാൻ ചാടിയും പറന്നും നടക്കുന്നത് കാണാം. ഇതൊക്കെ കാണാൻ ഞങ്ങൾ കുത്തിയിരിക്കും.

വിഷു കഴിഞ്ഞാൽ പിന്നെ വിത്തു കെട്ടുന്ന ജോലി തുടങ്ങും. വിത്ത് അറയിൽനിന്ന് അളന്നെടുത്ത് കൈതയോല മിടഞ്ഞുണ്ടാക്കുന്ന വിത്തു വറ്റിയിൽ നിറക്കും. നീണ്ട ഒരു സഞ്ചിയുടെ ആകൃതിയിൽ (ആവശ്യം കഴിഞ്ഞ് കഴുകിയുണക്കി തൂക്കിയിട്ട് അടുത്ത വർഷത്തെക്കും ഉപയോഗിക്കും).

വിത്ത് തിക്കിത്തിക്കി അതിൽ നിറച്ച് വായു കടക്കാതെ, വാഴനാരു മുറിച്ച് വായ് മുറുക്കി കെട്ടിവെക്കും. പത്തിരുപത്തഞ്ചണ്ണമാവുമ്പോൾ ആദ്യത്തെ തവണയിലേക്ക് മതിയാവും. അവയെല്ലാം ഞങ്ങളുടെ തോട്ടിലേക്ക് ചാഞ്ഞിറങ്ങി നിൽക്കുന്ന കുളിപ്പുരയിലെ ആദ്യത്തെ കൽപടവുകളിൽ കൊണ്ടുവെക്കും. ഓരോന്നുവീതം വെള്ളത്തിൽ മുങ്ങിക്കിടക്കത്തക്കവിധം താഴ്ത്തും. പൂർണമായും വെള്ളത്തിൽ മുങ്ങുന്നതുവരെ ‘ഗ്ലും -ഗ്ലും’ എന്ന ശബ്ദവും കുമിളയും പുറപ്പെടുവിച്ചുകൊണ്ട് വെള്ളത്തിൽ തനിയെ താഴും. അങ്ങനെ എല്ലാത്തിനെയും വെള്ളത്തിൽ മുക്കിത്താഴ്ത്തും. കൃത്യം 12 മണിക്കൂർ കഴിയുമ്പോൾ എല്ലാവരെയും പൊക്കിയെടുത്ത് പടവുകളിൽ അടുക്കി നനഞ്ഞ ചാക്കിട്ട് മൂടിവെക്കും. രണ്ടുദിവസം കഴിഞ്ഞു നോക്കുമ്പോൾ പുതുജീവന്റെ കിളുർപ്പിന്റെ എണ്ണമറ്റ വെളുത്ത തുടിപ്പുകൾ വിത്ത് സഞ്ചികൾക്കിടയിലൂടെ പുറത്തേക്ക് എത്തിനോക്കിനിൽക്കുന്ന കാഴ്ച രോമാഞ്ചമണിയിച്ചിട്ടുണ്ട്. മുഴുവൻ വിത്തുകളും വിത്തുസഞ്ചിയിൽനിന്നും മുപ്പറക്കുട്ടകളിലേക്ക് പകർന്ന് പാടത്തേക്കെടുക്കും. അച്ഛന്റെ കൂടെ ഞാനും വരമ്പിലൂടെ ഇതൊക്കെ കണ്ടുകൊണ്ടു നടക്കും. എനിക്കും ഒരു കുഞ്ഞു കുട്ടയിൽ വിത്തുതരും. വരമ്പിൽ കൂടി എത്താവുന്നത്ര ദൂരത്തിൽ ഞാനും വിത്തു വീശിയെറിയും.

മൂന്നുനാലു ദിവസത്തിനുള്ളിൽ പച്ചനാമ്പുകൾ പ്രത്യക്ഷപ്പെടും. വരമ്പിന്റെ ഇടയിലുള്ള തുമ്പിൽ കൂടി ആവശ്യത്തിന് വെള്ളം നിർത്തുകയും കൂമ്പു തുറന്ന് ആവശ്യത്തിൽ കവിഞ്ഞ വെള്ളം പുറത്തേക്ക് വിടുകയും ഇടക്കിടെ ചെയ്തുകൊണ്ടിരിക്കും. അപ്പോഴേക്കും നാമ്പുകൾ വളർന്നുപൊങ്ങി കാറ്റാടിപ്പരുവമാവും. ശരിക്കും കാറ്റുവീശുമ്പോൾ പച്ചറിമാർന്ന ചെറിയ ഞാറുകൾ കാറ്റിന്റെ ഗതിക്കനുസരിച്ച് ഒരേ താളത്തിൽ വീശി ആടുന്നത് കാണേണ്ടതുതന്നെയാണ് പിന്നീട് പറിച്ചുനടീൽ. കളപറിക്കൽ, വളമിടൽ എന്നിങ്ങനെ പണികളുടെ പൂരമാണ്.

ആ കൃഷി സംസ്കൃതിയാണ് ഇന്ന് കുട്ടനാടിന് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. പാടശേഖരങ്ങളിൽ പണിചെയ്യാൻ ആൾക്കാരില്ല. കൊയ്ത്തുകാരില്ല. കറ്റയും മെതിയും പൊലിയുണങ്ങലും നടത്തിയിരുന്ന കുളങ്ങളില്ല. എല്ലാറ്റിനും പകരക്കാരനായി പാടത്തുതന്നെ കൊയ്ത്തും മെതിയും പതിരുപിടുത്തവും. നെല്ലു ചാക്കിലാക്കലും കച്ചി പോലും ഭദ്രമായി കെട്ടിവെച്ചിരിക്കുന്നത് മറ്റാരുമല്ല- തമിഴ്നാട്ടിൽനിന്നും മറ്റും എത്തുന്ന കൊയ്ത്തുമെഷീനാണ്.

പോരാത്തതിന്, സമുദ്രനിരപ്പിൽനിന്നും വളരെ താഴ്ന്നുകിടക്കുന്ന കുട്ടനാടിനെ ആകെമാനം തളർത്തിയ നിരന്തരമായ വെള്ളപ്പൊക്കങ്ങൾ. പോരേ? ആൾക്കാർ പുതുതലമുറക്കാർ മറ്റു ദേശങ്ങളിലേക്ക് കുടിയേറുകയാണ്. അപൂർവം പഴയ ആൾക്കാർ ആ മണ്ണിനോട് കൂറുപുലർത്തി അവിടെത്തന്നെ കഴിയുന്നു. ഓർത്താൽ ഇന്ന് കുട്ടനാട് പാലക്കാട് കഴിഞ്ഞാൽ കേരളത്തിന്റെ നെല്ലറ -ഒരു സ്മരണ മാത്രം- ഒരു മധുര സ്മരണ.

തയാറാക്കിയത്: ലത്തീഫ് പറമ്പിൽ

Tags:    
News Summary - Nedumudi venu wife interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-27 04:32 GMT