ഫോ​ട്ടോ: പി. അഭിജിത്ത്​

ഞാനിപ്പോഴും ചാൻസ്​ ചോദിക്കും, അഭിനയിക്കാൻ അത്ര കൊതിയാണ്​ -സുരാജ് വെഞ്ഞാറമൂട്

മികച്ച നടനാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന അഭിനേതാവാണ് സുരാജ് വെഞ്ഞാറമൂട്. പിന്നിട്ട വഴികളെ പറ്റി, സിനിമയെ പറ്റി, ജീവിതത്തെ പറ്റി, ഏറെ ചർച്ച ചെയ്യപ്പെടുന്ന പുതിയ സിനിമയായ മഹത്തായ ഭാരതീയ അടുക്കളയെ പറ്റി അദ്ദേഹം സംസാരിക്കുന്നു.

മഹത്തായ ഭാരതീയ അടുക്കള എന്തു കൊണ്ടാണ് ഇത്രയും സ്വീകാര്യത വന്നത്?

എല്ലായിടത്തു നിന്നും പോസിറ്റീവ് റിവ്യൂസാണ് വരുന്നത്. ഉറപ്പായും അതൊരു നല്ല സിനിമയായതു കൊണ്ട് തന്നെയാണ്. സബ്ജക്ടാണ് ഹൈലൈറ്റ്. നമുക്ക് എല്ലാവർക്കും അറിയാം അടുക്കളയിലാണ് ഒരുപാട് കഥകൾ നടക്കുന്നത്‌. ഏതൊരാൾക്കും മനസ്സിലാകുന്ന ഇടമാണ് അടുക്കള. അതിലെ വളരെ ചെറിയ ഒരു വിഷയമാണ് ഈ സിനിമ പറയുന്നത്. ഇനിയും ഇനിയും ഒരുപാട് പറയാനുണ്ട് അടുക്കളയെ പറ്റി. അതിനെ സത്യസന്ധമായ വിഷയമാക്കിയതാണ് ഈ സിനിമയുടെ നേട്ടം.

പുരുഷന്‍റെ പങ്കെന്താണ് അടുക്കളയിൽ?

സ്ത്രീകൾക്ക് വേണ്ടിയുള്ള ഇടം എന്ന ചിന്ത മാറ്റണം. ഭക്ഷണം പാകം ചെയ്യാനുള്ള സ്ഥലം മാത്രമല്ല എനിക്ക് അടുക്കള. വീടിന്‍റെ എല്ലാ മർമ്മവും അവിടെയാണ്. നമ്മുടെ ആൺമക്കളേയും പാചകം പഠിപ്പിക്കണം. പാത്രം കഴുകാനും വീട് വൃത്തിയാക്കാനും ചെറുപ്പത്തിലേ പഠിപ്പിക്കണം. ഓരോന്നും പാകപ്പെടുന്നതിന്‍റെ പ്രയാസം അവരും മനസ്സിലാക്കണം. എത്ര ഭർത്താക്കന്മാരുണ്ട് ഭാര്യ സുഖമില്ലാതാകുമ്പോൾ അടുക്കളയിൽ കയറുന്നവർ. അവർ ഹോട്ടലിലേക്ക് ഓടും. എല്ലാവരും അങ്ങനെയാ​െണന്നല്ല. എന്‍റെ വീട്ടിലെ അടുക്കള എ​േന്‍റത് കൂടിയാണ്. ഞാൻ ഭക്ഷണം ഉണ്ടാക്കും, പാത്രം കഴുകും, സിങ്ക് വൃത്തിയാക്കും. കൊറോണ സമയത്ത് കുറേ കൂടുതൽ പാചകം പഠിച്ചു.

അടുക്കളയിലെ എന്‍റെ അമ്മയുടെ കഷ്ടപ്പാട് കണ്ടാണ് വളർന്നത്. അപ്പോൾ സ്വാഭാവികമായും എനിക്ക് അടുക്കളയിൽ നിന്ന് മാറി നിൽക്കാൻ പറ്റില്ല. ലോക്ഡൗൺ സമയം ഞങ്ങൾ എല്ലാവരും ഒരുമിച്ചായിരുന്നു. എന്‍റെ ചേട്ടനും ചേച്ചിയും കുടുംബത്തിലുള്ള എല്ലാവരും. പത്ത് പന്ത്രണ്ട് പേര് ഒരു നേരം ഭക്ഷണം കഴിച്ച് കഴിയുമ്പോ എത്ര പാത്രം കാണും. അത് കഴുകി വൃത്തിയാക്കുക എന്ന് പറയുന്നത് ഒട്ടും നിസ്സാരമല്ല. അതു ഞാൻ കഴുകും. അടുക്കള എനിക്ക് പ്രിയപ്പെട്ട ഒരു ഇടം തന്നെയാണ്.


എന്നിട്ടും ചില നെഗറ്റീവ് കമൻ്റ് മഹത്തായ ഭാരതീയ അടുക്കളയ്ക്ക് വന്നല്ലോ?

എന്നെ സിനിമ കണ്ട് കുറേ പേർ വിളിച്ചു. നല്ലത് തന്നെയാണ് പറഞ്ഞതൊക്കെ. പിന്നെ സിനിമയെ സിനിമയായി കാണാൻ കഴിയണം. രണ്ടു തരം മനുഷ്യരുണ്ട്. ആ സിനിമയിലെ പോലെയുള്ളവരും അല്ലാത്തവരും. ഇതിൽ കാര്യം പറയുന്നത് വളരെ സുതാര്യമായാണ്. ആർക്കും റിലേറ്റ് ചെയ്യാൻ കഴിയും. സ്ത്രീയുടെ മാത്രം മുറിയായി അടുക്കളയെ കാണുന്നവരാണ് നെഗറ്റീവ് പറഞ്ഞത്. കുടുംബത്തിന് എതിരല്ല ആ സിനിമ. ഇതിലും മോശമായ എത്രയോ വീടുകൾ നമുക്കറിയാം. ബന്ധങ്ങൾ ദൃഢമാക്കാൻ പരസ്പരം മനസ്സിലാക്കലുകൾ വേണം. വീട്ടിലെ സ്ത്രീകൾ നമുക്ക് വേണ്ടി പണിയെടുക്കാൻ മാത്രമുള്ളവരാണ് എന്ന കാഴ്ചപ്പാട് തെറ്റാണ്. ഞാൻ നേരത്തെ പറഞ്ഞല്ലോ, അടുക്കളയിൽ ധാരാളം കഥകളുണ്ട്. അതിൽ ഒരു കഥ മാത്രം പറഞ്ഞു.

അടുക്കള വിഷയമാകുന്ന കഥയിൽ മിക്കവാറും പുരുഷൻ പ്രതിനായകനാവുമല്ലോ. എന്നിട്ടും ഈ സിനിമ ചെയ്തു?

അതിനെന്താ...? എന്‍റെ ജോലി അഭിനയമല്ലേ...? എല്ലാതരം കഥാപാത്രവും ചെയ്യണമല്ലോ. പല ജീവിതങ്ങളിലൂടെ ഒരു ആർട്ടിസ്റ്റ് പോകണമല്ലോ. അപ്പോഴാണല്ലോ ഒരു നടനിൽ വളർച്ച ഉണ്ടാകുന്നത്. ലോക്ഡൗൺ ആയി ഞാൻ വീട്ടിലിരിക്കുകയാണ്. സമസ്ത മേഖല പോലെ സിനിമയും സ്തംഭിച്ചിരിക്കുകയല്ലേ. ആ സമയത്ത് ജിയോ വിളിച്ചു. നായികാ പ്രാധാന്യമുള്ള ഒരു സിനിമയാണ്, നിമിഷയാണ് നായിക, ചേട്ടന് ഈ സിനിമ ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ചു. ഞാൻ ജിയോയോട് കഥ പറയാൻ പറഞ്ഞു. കഥ കേട്ടപ്പോൾ എനിക്ക് തോന്നി ഈ സിനിമ ചെയ്യണമെന്ന്.

സിനിമ കണ്ട പലരും ഞാൻ ഈ സിനിമ ചെയ്​തതിന് അഭിനന്ദിച്ചിരുന്നു. വിഷയം വളരെ പ്രസക്തമല്ലേ. ഒരുപക്ഷേ, പിന്നീട് എപ്പോഴെങ്കിലും ആയിരുന്നെങ്കിൽ എനിക്ക് ചിലപ്പോൾ ചെയ്യാൻ കഴിയില്ലായിരുന്നു. വീട്ടിൽ തന്നെ ഇരിക്കുവല്ലേ, ആ സമയത്ത് ക്യാമറ കാണാൻ ഏതൊരു ആർട്ടിസ്റ്റിനും കൊതി വരും. പിന്നെ ഇതിന്‍റെ ടീം ഭയങ്കര രസമായിരുന്നു. എനർജി നിറഞ്ഞ ഒരു കൂട്ടം കൂട്ടുകാരുടെ സിനിമ. നമുക്കും ഇടപെടാൻ സ്പെയ്​സ് ഉണ്ട്. ജിയോ വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു തരും. സിറ്റ്വേഷൻ വേഗം നമുക്ക് റിലേറ്റ് ചെയ്യാൻ പറ്റും. റസ്റ്റോറൻ്റ് സീൻ കണ്ടില്ലേ. അയാൾ സമൂഹത്തെ പറ്റി ബോധവാനാണ്, മാന്യനാണ്, വിദ്യാഭ്യാസമുള്ളവനാണ്. പക്ഷേ അയാളുടെ ഉള്ളിലെ ഈഗോ വ്യക്തമായി പുറത്ത് പ്രകടിപ്പിക്കുകയും ചെയ്യുന്നു.

നിമിഷയോടൊപ്പമുള്ള റൊമാൻ്റിക്ക് സീനൊക്കെ നല്ല രസമാണ് ..

നല്ല സുഹൃത്തുക്കളാണ് ഞങ്ങൾ. അവരുടെ ആദ്യ സിനിമ തന്നെ ഞങ്ങൾ ഒരുമിച്ചല്ലേ. പിന്നെ ഗംഭീര ആർട്ടിസ്റ്റാണ് നിമിഷ. അടുത്ത സിനിമയും ഞങ്ങൾ ഒരുമിച്ചാണ്. 'എങ്കിലും ചന്ദ്രികേ' എന്നാണ് പേര്.

ഓൺലൈൻ സിനിമാ റിലീസ് ഇന്ന് വളരെ സാധാരണമാണ്. തീയേറ്ററിൽ നിന്ന് പ്രേക്ഷകർ അകലുമോ?

കോവിഡ് വെറുതെ കൈയും വീശിയല്ല ഇങ്ങോട്ട് വന്നത്. പുതിയ കുറേ ശീലങ്ങൾ നമ്മളെ പഠിപ്പിച്ചിട്ടുണ്ട്. സിനിമ റിലീസ് ചെയ്യാൻ തീയേറ്റർ എന്ന സാധ്യത ആവശ്യമില്ലാതായിരിക്കുന്നു. സിനിമ ഒരു അത്ഭുതമാകുന്നത് അത് കാഴ്ചക്കാർക്ക് കൊടുക്കുന്ന അനുഭവത്തിലൂടെയാണ്​. ആ രസം തീയേറ്ററിലേ സംഭവിക്കൂ. ഒരിടത്തേക്കും പോകാൻ കഴിയാതെ വീടിനുള്ളിലായപ്പോഴാണ് കൂടുതൽ പേരും ഓൺലൈൻ സിനിമ കാണൽ തുടങ്ങിയത്. അതിപ്പോൾ എല്ലാവരുടെയും ജീവിതത്തിന്‍റെ ഭാഗമാണ്. പക്ഷേ ഓൺലൈൻ സിനിമ കാണാൻ അറിയാത്ത ഒരു വിഭാഗവും ഉണ്ട് കേട്ടോ. ഭയന്നിട്ട് ഉണ്ടായ ഓരോ ശീലവും മാറുകയല്ലേ. 10 ഉം 100 ഉം 1000 ഒക്കെ എത്തിയപ്പോ നമ്മൾ ഭയന്നു. ഇപ്പോ കണക്ക് പോലും നോക്കാതായി. എല്ലായിടത്തും തിരക്കായി. ജീവിതം പഴയതു പോലെയാകുന്നു. ശ്രദ്ധയോടെ എല്ലാം പഴയത് പോലെ ആകും. സിനിമ കാണുകയെന്നാൽ ശബ്​ദം, ചിത്രീകരണം ഒക്കെ ചേർന്ന ഫീലാണ്. അതു കൊണ്ട് സിനിമ ലഹരിയാകുന്നത് തീയേറ്ററുകളിൽ തന്നെയാണ്. അല്ലാതെ മൊബൈലിലോ ടിവിയിലോ കണ്ടാൽ അത് കിട്ടില്ല. സിനിമ സ്വയം മറന്നിരുന്നു കാണണം.

2019ലെ മികച്ച നടനാണ്​. വ്യത്യസ്തമായ കുറേ കഥാപാത്രങ്ങൾ, നല്ല സിനിമകൾ എങ്ങനെയാണ് ഈ തിരഞ്ഞെടുപ്പ്?

സംഭവിച്ച് പോകുന്നതാണ്. ചെറിയ സിനിമയുടെ ഭാഗമാകാനും എനിക്ക് ഇഷ്ടമാണ്. ഞാൻ സബ്ക്ടാണ് ശ്രദ്ധിക്കുക. ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന കഥ ആദ്യം ഞാൻ കേൾക്കുമ്പോൾ അത് വേറൊരു ആർട്ടിസ്റ്റിനു വേണ്ടിയായിരുന്നു. കഥ കേട്ടപ്പോൾ തന്നെ എനിക്ക് ഭയങ്കരമായി ഇഷ്​ടപ്പെട്ടു. ആഗ്രഹത്തിന്‍റെ വലിപ്പം കൊണ്ടാകും, ഏഴ്​ മാസം കഴിഞ്ഞാണ് ഈ സിനിമ എനിക്ക് വരുന്നത്. പലപ്പോഴും അങ്ങനെയാണ്. പലരുടെ കൈ മറിഞ്ഞാണ് പല കഥാപാത്രങ്ങളും എനിക്ക് കിട്ടുന്നത്. അപ്പോൾ അത് ഞാൻ എ​േന്‍റതാക്കും. ഭാഗ്യത്തിന് അത് നന്നാവുന്നു. ഒട്ടും പ്രതീക്ഷിക്കാതെയിരുന്നപ്പോഴാണ് 'പേരറിയാത്തവൻ' വരുന്നത്. എന്നെ ആദ്യം അതിലേക്ക് അടുപ്പിച്ചത് അതിൽ എനിക്ക് ഡയലോഗ് ഇല്ല എന്നതാണ്. എനിക്ക് തോന്നുന്നത് നമ്മൾ കരുതിക്കൂട്ടി ഒന്നും ചെയ്യണ്ട. ജോലിയിൽ സത്യസന്ധരായാൽ മതി. ബാക്കി എല്ലാം ഇങ്ങോട്ട് വരും. ഒന്നി​േന്‍റ പിന്നാലെ പോകണ്ട.

ഇഷ്ടപ്പെട്ട കോ സ്റ്റാർ?

എല്ലാവരെയും ഇഷ്ടമാണ്. കംഫർട്ടാകുക എന്നതാണ് പ്രധാനം. തുടക്ക സമയത്ത് ഭയങ്കര ടെൻഷനായിരുന്നു. മുന്നിൽ ആരാധിക്കുന്ന താരങ്ങൾ. ഇപ്പോൾ പുതിയ ആർട്ടിസ്റ്റുകൾക്കൊപ്പം അഭിനയിക്കുമ്പോൾ ഞാൻ അവരെ കംഫർട്ടാക്കാൻ ശ്രമിക്കും. അപ്പോഴാണല്ലോ വർക്ക് എളുപ്പമാകുന്നത്.


ഇപ്പോൾ ആരെങ്കിലും പ്രചോദനം നൽകാറുണ്ടോ?

ഒരുപാട് പേരുണ്ട്. പുതിയ ആൾക്കാര് വരെ അതിൽ വരും. ആർട്ടിസ്റ്റായ എല്ലാവരും എന്നെ കൊതിപ്പിക്കും. മമ്മൂക്കയും ലാലേട്ടനും ഞാൻ ആരാധനയോടെ നോക്കുന്നവരാണ്. പിന്നെ പൃഥ്വിരാജ് ആറ് പേജ് ഡയലോഗ് ഒറ്റ തവണ നോക്കിയിട്ട്​ റെഡി എന്ന് പറഞ്ഞ് അഭിനയിക്കും. ദൂരെ സ്ഥലത്ത് ഒരു ലൈറ്റ് പോയാൽ അവിടെ ലൈറ്റ് പോയേ എന്ന് പറയുകയും ചെയ്യും. ശരിക്കും എന്നെ അത്ഭുതപ്പെടുത്താറുണ്ട്. സിനിമ അവരിൽ അലിഞ്ഞ് ചേർന്നിരിക്കുകയാണ്. സീൻ ബ്രയിനിലേക്ക് നേരിട്ട് സ്വീകരിക്കുകയാണ്. അത്ര ശ്രദ്ധയാണ്. ഞെട്ടി പോകും നമ്മൾ. ഒരിക്കൽ ഞാൻ ഒരാളോട് ചോദിച്ചു, സുകുമാരൻ സാറ് എങ്ങനെയാണ് എന്ന്്​ അദ്ദേഹവും ഇതുപോലെ തന്നെയായിരുന്നു എന്ന് പറഞ്ഞു. ഫുൾ സ്ക്രിപ്റ്റ് അത്ര ആഴത്തിൽ പഠിക്കും.

പല നടന്മാരും ഡയറക്ട് ചെയ്യുന്നുണ്ട്. ഡയറക്ട് ചെയ്യാൻ ആഗ്രഹം ഇല്ലേ?

അവർക്ക് അത്ര ആഗ്രഹം ഉണ്ടായിരുന്നു. എനിക്ക് അത്ര തീവ്രമായ ആഗ്രഹം തോന്നിയിട്ടില്ല. എനിക്കറിയാം ഡയറക്ഷൻ ഒരു എളുപ്പ പണിയല്ല. സിനിമയിലെ എല്ലാ മേഖലയും എനിക്കിഷ്ടമാണ്. ഇപ്പോ അഭിനയിക്കാനാണ് ഇഷ്ടം. ഓരോ കഥകൾ ഒക്കെ ചർച്ച ചെയ്തിട്ടുണ്ട്. പിന്നീട് എപ്പോഴെങ്കിലും സംഭവിച്ചേക്കാം.

ഇപ്പോൾ ചാൻസ് ചോദിക്കുമോ?

ചോദിക്കും. ഇപ്പോഴും ചോദിക്കും. അടുപ്പമുള്ളവരോട്, വിശ്വാസം ഉള്ളവരോട് ഇനിയും ചോദിക്കും. ഇന്നലെയും ചോദിച്ചു ഒരാളോട്. 25 വയസ്സുകാരനാകണോ ഞാൻ റെഡിയാണെന്ന്. എനിക്ക് അഭിനയിക്കാൻ അത്ര കൊതിയാണ്. നല്ല ഡയറക്ടേഴ്സിന്‍റെ കൈയ്യിൽ ഞാൻ എന്നെ അങ്ങ് കൊടുക്കും. കാരണം അവർ വിചാരിച്ചാൽ എനിക്ക് ഇനീം നല്ല കഥാപാത്രം ചെയ്യാൻ കഴിയും.

നായകനാവാൻ ശ്രമിച്ചില്ല?

ഇല്ല. നല്ല നടനാവണം. എനിക്ക് കഥാപാത്രമാണ് പ്രധാനം. ഇപ്പോൾ ചെയ്യുന്നത് 'കാണെ കാണെ' നല്ല കഥാപാത്രമാണ്. ഗംഭീര സിനിമയായിരിക്കും.

കോമഡിയായിരുന്നു ലേബൽ. പക്ഷേ ഇമോഷണൽ കഥാപാത്രങ്ങളാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്?

ഹൈലി സെൻസിറ്റീവാണ്, എക്സ്ട്രീം ആണ്. കോമഡിയാണെങ്കിലും സങ്കടമാമെങ്കിലും ദേഷ്യമാണെങ്കിലും അങ്ങേ അറ്റത്തിലാണ് ഞാനത് ഫീൽ ചെയ്യുക. ഇപ്പോ മറ്റൊരാളുടെ കഥ കേട്ടാൽ ഞാനത് എ​േന്‍റതായിട്ടാ കേൾക്കുക. ആര് സംസാരിക്കാൻ വന്നാലും ഞാൻ കേട്ടിരിക്കും. സങ്കടമാണെങ്കിൽ എന്‍റെ കണ്ണു നിറയും. സിനിമ കണ്ടാലും ഞാൻ കരയും.

ഇടക്ക്​ ടി.വി അവതാരകനുമായി?

ടി.വി എനിക്ക് ഇഷ്​ടമാണ്. ആങ്കറിങ. എനിക്ക് ഇഷ്ടമാണ്. പുതിയ പിള്ളേര് ചെയ്യുന്നത്​ കാണുമ്പോൾ ഞെട്ടിപ്പോകും. എന്ത് രസമായിട്ടാ ചെയ്യുന്നത്​. എനിക്ക് വെറുതെ ഇരിക്കാൻ ഇഷ്ടമല്ല. അങ്ങനെയിരിക്കുമ്പോൾ നല്ല കഥാപാത്രങ്ങൾ ഒന്നും കിട്ടുന്നില്ല. കുറേ സമയം ഉണ്ട്. ടി.വിയിലേക്ക് ഓഫർ വന്നപ്പോൾ സ്വീകരിച്ചു. പെർഫോം ചെയ്യുക എന്നതാണ് എന്‍റെ ലക്ഷ്യം. ഒരുപാട് കലാകാരന്മാരെ പരിചയപ്പെട്ടു. നല്ല അനുഭവമായിരുന്നു. ടി.വിയ്ക്ക് നല്ല ജനസ്വീകാര്യത ഉണ്ടെല്ലോ.

സീരിയൽ കാണുമോ?

കാണും. ഞാൻ വീട്ടിൽ ഉള്ളപ്പോൾ അമ്മ ഉണ്ടാവും. എന്‍റെയോ ഭാര്യയുടേയോ അമ്മ. അവർ സീരിയൽ കാണും. അപ്പോൾ ഞാനും കൂടെ പോയിരിക്കും, കാണും. ശ്രീറാം എന്ന ഒരു നടനുണ്ട് ഒരു സീരിയലിൽ. എനിക്ക് വലിയ ഇഷ്ടമാണ്. അസലായി അയാൾ അത് ചെയ്​തിട്ടുണ്ട്. ഈ ഇടയ്ക്ക് ഗോകുലം പാർക്കിൽ ഒരു പടത്തിന്‍റെ പൂജയ്ക്ക് പോയ സമയത്ത്‌ അവിടെ വെച്ച് ഞങ്ങൾ കണ്ടു. എന്നോട് വന്ന് സംസാരിച്ചു. അപ്പോൾ ഞാൻ പറഞ്ഞു ഞാൻ നിങ്ങളുടെ വലിയ ആരാധകനാണെന്ന്. ശ്രീറാം ആദ്യം വിശ്വസിച്ചില്ല. ഞാൻ പറഞ്ഞു സത്യമാണ്. ഞങ്ങൾ അന്ന് കുറച്ചു നേരം സംസാരിച്ചു.

തിരുവനന്തപുരം ഭാഷയിലെ പ്രത്യേകത നന്നായി പ്രയോജനപ്പെടുത്തിയുണ്ട്. നാട് എത്ര സഹായിച്ചിട്ടുണ്ട്?

നാടാണല്ലോ നമ്മുടെ ബെയ്സ്. ആദ്യം ശ്രദ്ധ പിടിച്ച് പറ്റുന്നത് തിരുവനന്തപുരം ഭാഷ പറഞ്ഞിട്ടാണ്. അത് വെഞ്ഞാറമൂട് ഭാഷയല്ല. പഠിച്ച് എടുത്താതാണ്. നാടാണ് എന്നിലെ കലാകാരനെ ഉണ്ടാക്കി എടുക്കുന്നത്. 56 ഓളം ക്ലബ്ബുകൾ ഉണ്ടായിരുന്നു. ഭയങ്കര സഹകരണമായിരുന്നു. ഇപ്പോ ക്ലബ്ബുകൾ കുറവല്ലേ. പകരം വൃദ്ധസദനങ്ങളുടെ എണ്ണം കൂടി. നമ്മൾ അത് ഗൗരവത്തിൽ കാണണം. നാട്ടുകാർ തമ്മിലുള്ള ബന്ധം കുറഞ്ഞു. സ്വന്തം കാര്യം മാത്രം. സ്നേഹവും സഹകരണവും കുറഞ്ഞു. എല്ലാം സിംഗിളായി. വായനശാലകൾ ഇല്ലാതായി, കൾച്ചർ മാറി. വെഞ്ഞാറമൂട് ഇപ്പോഴും അതൊക്കെയുണ്ട്. കലാകാരന് പ്രോത്സാഹനം സ്വന്തം നാട്ടിൽ നിന്ന് കിട്ടണം. അതെനിക്ക് കിട്ടിയിട്ടുണ്ട്. ഒരു കുട്ടിയിലെ കല ഇല്ലാതാക്കാൻ ഒരു നോട്ടം, കൂവൽ ഒക്കെ മതി. ഇപ്പോൾ കുഞ്ഞുങ്ങളോട് അച്ഛനമ്മമാർ ഏറ്റവും കൂടുതൽ പറയുന്നത് 'നോ' ആണ്. അവിടെ കയറരുത്, മണ്ണിൽ ഇറങ്ങരുത്, മഴ നനയരുത്, കളിക്കരുത് ഒന്നിനും ഇന്ന് അനുവാദമില്ല. 'നമ്മൾ' എന്ന ചിന്ത പോയി 'ഞാൻ' ,'എന്‍റെ' എന്നായി. ഇന്ന് നമ്മുടെ ക്ലബ്ബ് എന്നല്ല; ഞാനൊരു യൂട്യൂബ് ചാനൽ തുടങ്ങി എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. കാലഘട്ടത്തിന്‍റെ മാറ്റമാണ് ഇതൊക്കെ.

പണ്ട് മിമിക്രി അവതരിപ്പിച്ച വേദിയിൽ അവാർഡ് കിട്ടിയ ശേഷം ഗസ്റ്റായി പോയിട്ടില്ലേ?

ഉണ്ട്. വലിയ സന്തോഷമാണ്. പഴയ എന്നെ എനിക്ക് ഫീൽ ചെയ്യും. ഞാനാദ്യമായി ഷോ ചെയ്യാൻ പോകുന്നത് തിരുവനന്തപുരത്ത് കരകുളം ക്ഷേത്രത്തിലാണ്. പത്തിൽ പഠിക്കുകയാണ്​ അന്ന്. അതാണ് ജീവിതത്തിലെ ആദ്യ സ്റ്റേജ്. ഞങ്ങൾ നാലുപേർ. അവാർഡ് കിട്ടി കഴിഞ്ഞ് അവിടെ ഒരു പൂജയ്ക്ക് എന്നെ അവർ വിളിച്ചു. ഞാൻ പോയി. ഒരുപാട് സന്തോഷം തോന്നി. അവിടെ പ്രസംഗിച്ച് കഴിഞ്ഞ് പറഞ്ഞു- 'ഇനി ഞാൻ കുറച്ച് സിനിമാക്കാരുടെ ശബ്ദം എടുക്കാം' എന്ന്. നരേന്ദ്രപ്രസാദ് സാറിന്‍റെ ശബ്ദം എടുത്തു. ഭയങ്കര കൈയടി. ഞാൻ പറഞ്ഞു, ശരിയായില്ല ചെയ്തത്. ഞാൻ കറക്ടായി ഇവിടെ ഈ ശബ്​ദം എടുത്തിട്ടുണ്ട്. അന്ന് നിങ്ങൾ എന്നെ കൂവി. എന്നിട്ട് ഒന്നുകൂടി ഞാനാ ശബ്ദം എടുത്തു. ആ ഊർജ്ജമാണ് എനിക്ക് വേണ്ടത്. സിനിമാ നടനായി കഴിഞ്ഞാൽ എല്ലാർക്കും കൗതുകമാണ്. ഇപ്പോ കുറേ സിനിമകളിലൂടെ അവർ എന്നെ ഇഷ്ടപ്പെടുന്നു. പണ്ട് ഞാൻ കുറേ വെറുപ്പിച്ചിട്ടുണ്ട്. പതുക്കെ പതുക്കെയാണ് അത് സ്നേഹമായത്. എല്ലാമെല്ലാം എനിക്ക് സിനിമ തന്നതാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-27 04:32 GMT