സാഹിത്യകാരൻ ബെന്യാമിന് നിരവധി അവാർഡുകളും അംഗീകാരങ്ങളും നേടിക്കൊടുത്ത നോവലാണ് ‘ആടുജീവിതം’. ഇതിനകം നിരവധി എഡിഷനുകൾ പുറത്തിറങ്ങിയ നോവലിനെ ഉപജീവിച്ച് ഒരു സിനിമയൊരുക്കാൻ സംവിധായകൻ ബ്ലെസി ഒരുങ്ങിയിട്ട് ദശകത്തിലധികമായി. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാൻ പലകാരണങ്ങളാൽ വൈകി. ഇപ്പോഴിതാ, ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്ററുകൾ കഴിഞ്ഞദിവസം നടൻ പ്രഭാസ് തന്റെ ഒഫീഷ്യൽ ഫേസ്ബുക് അക്കൗണ്ട് വഴി റിലീസ് ചെയ്തു. പിന്നാലെ പൃഥ്വിരാജ് അടക്കം സിനിമാ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ആടുജീവിതം’. മലയാളികൾക്ക് ഏറെ സുപരിചിതമായ ഈ അതിജീവന കഥ ബിഗ്സ്ക്രീനിൽ പുത്തൻ തരംഗമുണ്ടാക്കുമെന്നാണ് സിനിമാ നിരൂപകരുടെ വിലയിരുത്തൽ. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിൽ പ്രേക്ഷകരിലേക്കെത്തുന്ന ‘ആടുജീവിതം’ ഇതിനോടകംതന്നെ നിരവധി അന്തർദേശീയ ഫിലിം ഫെസ്റ്റിവലുകളിൽ ചർച്ചാവിഷയമായിരുന്നു.
ഏപ്രിൽ പത്തിന് സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തും. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമകൂടിയാണ് ‘ആടുജീവിതം’. ചിത്രത്തിലെ നജീബ് എന്ന കഥാപാത്രമാകാൻ പൃഥ്വിരാജ് നടത്തിയ മാറ്റങ്ങള്‍ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ജോർഡനാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. 2023 ജൂലൈ 14നാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.
ഓസ്കർ അവാർഡ് ജേതാക്കളായ എ.ആർ. റഹ്മാനും റസൂൽ പൂക്കുട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമകൂടിയാണിത്. അമല പോളാണ് ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം ബിഗ്സ്ക്രീനിലെത്തുക.
ഹോളിവുഡ് താരം ജിമ്മി ജീൻ ലൂയിസ്, കെ.ആർ. ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.