ഒരിക്കലെങ്കിലും മാജിക്കിന്റെ കൺകെട്ടു മാസ്മരികതയിൽ പരിസരം മറക്കാത്തവരായി ആരാണുള്ളത്. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത് 2006ൽ പുറത്തിറങ്ങിയ ‘ദ പ്രസ്റ്റിജ്’ എന്ന ചലച്ചിത്രം 19ാം നൂറ്റാണ്ടിൽ ലണ്ടൻ നഗരത്തിൽ മാന്ത്രിക പ്രദർശനം നടത്തുന്ന രണ്ടു കലാകാരന്മാർക്കിടയിലെ കിടമത്സരത്തിന്റെ കഥ പറയുന്നു.
ക്രിസ്റ്റഫർ പ്രീസ്റ്റിന്റെ ‘ദ പ്രസ്റ്റിജ്’ എന്ന നോവലിനെ അടിസ്ഥാനമാക്കി നിർമിച്ചതാണ് ഈ ചിത്രം. കുടിപ്പകയുടെയും പ്രതികാരത്തിന്റെയും ഇന്ദ്രജാല വേദികളിൽ ജീവിതംതന്നെ ചോദ്യചിഹ്നമാകുന്ന രണ്ട് ജാലവിദ്യക്കാരുടെ കഥയാണ് ഈ സിനിമ.
ഒരു നിമിഷാർധത്തിന്റെ ചടുലവേഗത്തിൽ മുന്നിലിരിക്കുന്ന പുരുഷാരത്തെ തങ്ങളുടെ വരുതിയിലാക്കുന്ന മജീഷ്യന്മാർ പരസ്പരം വെല്ലുവിളിച്ച് പടക്കിറങ്ങിയാൽ എന്തായിരിക്കും സംഭവിക്കുക? പ്രതിഭയുടെ മിന്നലാട്ടംകൊണ്ടു കാണികളെ വിസ്മയിപ്പിക്കുമ്പോഴും ഉള്ളിൽ കെടാതെ കനലെരിയുന്ന ചതിയുടെ പകർന്നാട്ടത്തിന്റെ ദൃശ്യാവിഷ്കാരം. കണ്ടുതന്നെ അറിയേണ്ട ദൃശ്യവിരുന്നാണ് ഈ സിനിമ.
മാജിക്കിനെപ്പറ്റി കെട്ടുകഥകളും മിത്തുകളും മാത്രം അറിയുന്ന കാണികൾക്കു മുന്നിലുള്ള അപൂർവ മായക്കാഴ്ചകളുടെ പെരുങ്കളിയാട്ടമാണ് സിനിമയിൽ ഉടനീളം. പ്രേക്ഷകരെ പിടിച്ചിരുത്താൻ വേണ്ടുവോളമുണ്ട് സിനിമയിൽ. അപാരമായ ട്വിസ്റ്റ് പ്രേക്ഷകർക്ക് കാത്തുസൂക്ഷിച്ചുവെച്ചാണ് ക്രിസ്റ്റഫർ നോളൻ ചിത്രം പൂർത്തിയാക്കുന്നത്. പ്രേക്ഷകനെ ചിത്രത്തിലുടനീളം പിടിച്ചിരുത്തുന്നതിൽ തിരക്കഥ വിജയമാണ്.
ജീവിതത്തിന്റെ അത്രയും വിലയുള്ള രഹസ്യ കോഡുകളാണ് ഒരു മജീഷ്യന്റെ സമ്പത്ത്. ആയുസ്സിന്റെ ബാക്കിപത്രത്തിൽ അതുമാത്രമാകും അവശേഷിക്കുക. ക്ഷമയും സൂക്ഷ്മതയും പാളിപ്പോകാത്ത അവതരണവും വേഗവുമെല്ലാമാണ് മാജിക് എന്ന കല ആവശ്യപ്പെടുന്നത്. രഹസ്യത്തിന്റെ താക്കോൽ സൂക്ഷിപ്പുകാരാണ് ഓരോ ഇന്ദ്രജാലക്കാരനും. അത് കൈക്കലാക്കാൻ ഏതുവിധേനയും എതിരാളികൾ ശ്രമിച്ചുകൊണ്ടേയിരിക്കും.
അപരന്റെ മാജിക് കോട്ടയുടെ ഉള്ളറകളിലേക്ക് സമർഥമായി കടന്നുകയറുന്ന, അതിനും വേണ്ടി സ്വന്തം സഹപ്രവർത്തകരെയും പ്രണയിനിയെയും വരെ ഉപയോഗിക്കുന്ന മനുഷ്യരുടെ കഥകൂടി നമുക്കീ ചിത്രത്തിൽ കാണാം. ഒരാൾ കാണിക്കുന്ന മാസ്റ്റർപീസ് ആയ ആ ഒരു മാജിക്. അതിന്റെ പിന്നിലെ രഹസ്യം കണ്ടുപിടിക്കാൻ നടക്കുന്ന എതിരാളി.
കൂടുതൽ മികച്ചവരാകാനും കാണികൾക്ക് മുന്നിൽ പേരെടുക്കാനും രണ്ട് മജീഷ്യൻമാർ മത്സരിക്കുന്നതിനിടയിൽ അവർക്ക് വിലപ്പെട്ട പലതും ത്യജിക്കേണ്ടതായി വരുന്നു. പ്രാരബ്ധങ്ങൾ മറികടന്ന് രണ്ടുപേരും മുന്നോട്ടുനീങ്ങുമ്പോൾ അവസാന വിജയം ആർക്ക് എന്നത് കണ്ടുതന്നെ അറിയേണ്ട കാഴ്ചയാണ്. 2006ൽ അമേരിക്കയിലാണ് ചിത്രം റിലീസ് ആകുന്നത്. ഐ.എം.ഡി.ബി റേറ്റിങ്ങിൽ 10ൽ 8.5 നേടിയ ചിത്രമാണിത്.
ക്രിസ്റ്റഫർ നോളനും ജൊനാഥൻ നോളനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്രിസ്ത്യൻ ബെയ്ൽ, ഹ്യൂഗ് ജാക്മാൻ എന്നിവരാണ് ആദ്യം സുഹൃത്തുക്കളും പിന്നെ ബദ്ധവൈരികളുമായ മജീഷ്യന്മാരായി അഭിനയിക്കുന്നത്. മൈക്കൽ കെയ്ൻ, സ്കാർലെറ്റ് ജോഹാൻസൻ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ചിത്രം നിർമിച്ചിരിക്കുന്നത് ആരോൺ റൈഡർ, ക്രിസ്റ്റഫർ നോളന്റെ ഭാര്യയായ എമ്മ തോമസ് എന്നിവരോടൊപ്പം ക്രിസ്റ്റഫർ നോളനും ചേർന്നാണ്. ദുരൂഹതയും ഉത്കണഠയും നിറച്ചുതന്നെയാണ് സിനിമ മുന്നോട്ടുപോകുന്നത്.
താരതമ്യേന ലളിത ആഖ്യാനശൈലിയുള്ള നോളൻ ചിത്രമാണിതെന്നാണ് നിരൂപകരുടെ വാദം. സിനിമാട്ടോഗ്രഫിയിലും ആർട്ട് ഡയറക്ഷനിലും ഓസ്കർ നോമിനേഷൻ ലഭിച്ച സിനിമയാണിത്. ക്രിസ്റ്റഫർ നോളന് മികച്ച സംവിധായകനുള്ള എംപയർ അവാർഡും ഈ സിനിമയിലൂടെ ലഭിച്ചു.
ആപ്പിൾ ടി.വി, ഗൂഗ്ൾ പ്ലേ മൂവീസ് എന്നീ പ്ലാറ്റ്ഫോമുകളിൽ സിനിമ കാണാം. ഡേവിഡ് ജൂലിയന്റെ സംഗീതം ആകാംക്ഷയും പിരിമുറുക്കവും പ്രേക്ഷകരിലേക്കെത്തിക്കുന്നതായി. 19ാം നൂറ്റാണ്ടിലെ പ്രമുഖ ശാസ്ത്രജ്ഞരായ നിക്കോള ടെസ്ലയുടെയും തോമസ് ആൽവ എഡിസന്റെയും വൈദ്യുതിയുടെ പേരിലുള്ള കിടമത്സരത്തിന്റെ സൂചനകളും പരാമർശങ്ങളും സിനിമയിൽ കാണാം.
അടുത്തത്: ഡൺകിർക് 2017
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.