ഐ.എഫ്.എഫ്.കെ: സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ചവർക്കെതിരെ കലാപശ്രമത്തിന് കേസ്

തിരുവനന്തപുരം: റിസർവ് ചെയ്തിട്ടും സിനിമക്ക് സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രതിഷേധിച്ച വിദ്യാർഥികളടക്കമുള്ള 33 ഡെലിഗേറ്റുകൾക്കെതിരെ കലാപശ്രമം ഉൾപ്പെടെ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. ലിജോ ജോസ് പെല്ലിശ്ശേരി-മമ്മൂട്ടി കൂട്ടുകെട്ടിന്‍റെ 'നൻപകൽ നേരത്ത് മയക്കം' ചിത്രം കാണാനായി മേളയുടെ മുഖ്യവേദിയായ ടാഗോറിൽ പ്രതിഷേധിച്ചവർക്കെതിരെയാണ് അന്യായമായി സംഘചേരൽ, കലാപത്തിന് ശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തി മ്യൂസിയം പൊലീസ് കേസെടുത്തത്.

സംഭവത്തിൽ തൃശൂർ ചാവക്കാട് സ്വദേശിയും വിദ്യാർഥിയുമായ നിഹാരിക (21), കൊല്ലം ചന്ദനത്തോപ്പ് സ്വദേശി മുഹമ്മദ് ഹനീൻ (25), തിരുവനന്തപുരം വഴുതക്കാട് സ്വദേശി കിഷോർ (25) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധത്തിൽ പങ്കെടുത്ത കണ്ടാലറിയാവുന്ന 30 ഡെലിഗേറ്റുകൾക്കെതിരെയും കേസെടുത്തത്.

തിങ്കളാഴ്ച ഉച്ചക്ക് 3.30ന് മത്സരവിഭാഗത്തിലുള്ള ചിത്രത്തിന്‍റെ ആദ്യ പ്രദർശന വേളയിലായിരുന്നു ഡെലിഗേറ്റുകളുടെ പ്രതിഷേധം. 900 പേർക്ക് ഇരിക്കാവുന്ന തിയറ്ററിൽ റിസർവ് ചെയ്ത സീറ്റുകളിലേക്ക് ചലച്ചിത്ര അക്കാദമി അവരുടെ ഗെസ്റ്റുകൾക്ക് ഇടംനൽകിയതാണ് വിദ്യാർഥികളടക്കമുള്ളവരെ പ്രകോപിച്ചത്. സീറ്റ് ബുക്ക് ചെയ്ത് രാവിലെ 11 മുതൽ ക്യൂ നിന്നിട്ടും അവസാന നിമിഷം ഒഴിവാക്കിയതോടെ വൻ പ്രതിഷേധം മുഖ്യവേദിയിലുണ്ടായി. ഉന്തും തള്ളുമായതോടെ പൊലീസെത്തി. തുടർന്ന് പ്രതിഷേധത്തിന്‍റെ മുൻനിരയിലുണ്ടായിരുന്ന നിഹാരിക, ഹനീൻ, കിഷോർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കസ്റ്റഡിയിലെടുത്തവരെ കേസെടുക്കാതെ വിട്ടയക്കുമെന്ന അക്കാദമി ചെയർമാൻ രഞ്ജിത്തിന്‍റെ ഉറപ്പിലാണ് സമരം അവസാനിച്ചത്. എന്നാൽ വൈകീട്ട് ആറോടെ മൂവർക്കെതിരെയും സംഘംചേരലിന് കേസെടുത്ത പൊലീസ് പിന്നീട് കൂടുതൽ വകുപ്പുകൾ ചുമത്തുകയായിരുന്നു. എന്നാൽ ഡെലിഗേറ്റ് പാസോ, മതിയായ രേഖകളോ ഇല്ലാത്തതിനാലാണ് കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം പൊലീസിന്‍റെ വാദം അറസ്റ്റിലായ നിഹാരിക തള്ളി. തനിക്ക് സ്റ്റുഡന്‍റ് പാസ് അക്കാദമി നൽകിയിട്ടുണ്ടെന്നും നിഹാരിക മാധ്യമത്തോട് പറഞ്ഞു. ഹനീനും കിഷോറും സിനിമക്കായി പാസെടുക്കാനാണ് മേളയിലെത്തിയത്. എന്നാൽ പ്രതിഷേധം കണ്ട് തിയറ്റിന്‍റെ ഭാഗത്ത് വരികയായിരുന്നു. കസ്റ്റഡിയിലെടുത്ത കിഷോറിനെ പൊലീസ് ജീപ്പിനുള്ളിലിട്ടുതന്നെ മർദിച്ചതായും സ്റ്റേഷനിലെത്തിയ കിഷോർ പിന്നീട് ചോര തുപ്പിയെന്നും നിഹാരിക ആരോപിച്ചു.

പൊലീസ് മാന്യതയില്ലാത്ത പെരുമാറില്ലെന്ന് രഞ്ജിത്ത്; കലാപശ്രമമില്ലെന്ന് പ്രേംകുമാർ

തിരുവനന്തപുരം: സീറ്റ് കിട്ടാത്തതിന് പ്രതിഷേധിച്ച ഡെലിഗേറ്റുകൾക്കെതിരെ ചലച്ചിത്ര അക്കാദമി പൊലീസിന് പരാതി നൽകിയിട്ടില്ലെന്ന് ചെയർമാൻ രഞ്ജിത്ത്. ഇക്കാര്യത്തിൽ ഒരുതരത്തിലുള്ള ഇടപെടലും അക്കാദമിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. പൊലീസ് സ്വമേധായെയാണ് കേസെടുത്തത്.

ചലച്ചിത്രമേളയിൽ ബഹളം നടക്കുമ്പോൾ സ്വാഭാവികമായും പൊലീസ് ഇടപെടും. കേരള പൊലീസ് മാന്യതയില്ലാത്ത പെരുമാറ്റം കാണിക്കില്ല. അവർ ഇവിടെ വന്ന് കുറേപേരെ അറസ്റ്റ് ചെയ്യുകയല്ല ഉണ്ടായത്. ഇവർ ഇവിടെ കുട്ടികളോട് സംസാരിച്ചു. എന്നിട്ടും കേൾക്കാത്തതുകൊണ്ടാകാം നടപടിയുണ്ടായത്. ഇക്കാര്യം പൊലീസുമായി സംസാരിക്കും. കൂടുതൽ പേർ സിനിമ കാണട്ടെയെന്നാണ് അക്കാദമിയുടെ നിലപാട്. 'നൻപകൽ നേരത്ത് മയക്കം' സിനിമക്ക് ആദ്യദിനം റിസർവ് ചെയ്തിട്ടും സീറ്റ് കിട്ടാത്തവർക്ക് അടുത്ത ഷോയിൽ മുൻഗണന നൽകുമെന്ന് അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ 12 പേരാണ് അക്കാദമിക്ക് ഡെലിഗേറ്റ് നമ്പർ നൽകിയത്. ഇവർ തൊട്ടടുത്ത ദിവസം ഏരീസ് പ്ലക്സിൽ നടന്ന ഷോ കണ്ടതായും രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ഡെലിഗേറ്റുകൾ മേളയിൽ കലാപശ്രമമൊന്നും നടത്തിയിട്ടില്ലെന്ന് അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ പറഞ്ഞു. ചലച്ചിത്ര അക്കാദമി ജനാധിപത്യരീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. പ്രതിഷേധങ്ങളെ അടിച്ചമർത്തുക അക്കാദമിയുടെ നയമല്ല. പ്രേക്ഷകരുടെ പങ്കാളിത്തവും സിനിമകളുടെ മികവുമാണ് കേരള രാജ്യാന്തര ചലച്ചിത്രമേളയെ ലോകത്തിലെ പ്രശസ്തമായ മേളകളിലൊന്നാക്കിയത്. സംഘാടനത്തിലെ പിഴവുകളുണ്ടെങ്കിൽ അത് ഭാവിയിൽ പരിഹരിക്കാവുന്നതേയുള്ളൂവെന്നും പ്രേംകുമാർ അറിയിച്ചു.

Tags:    
News Summary - IFFK: case of attempted riot against those who protested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.