നയൻതാരമായുള്ള പ്രണയത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങളും പരിഹാസങ്ങളും കേൾക്കേണ്ടിവന്നിട്ടുണ്ടെന്ന് വിഘ്നേഷ് ശിവൻ. നയൻതാരയുടെ ജീവിതവും പ്രണയവും വിവാഹവുമെല്ലാം ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് തയാറാക്കിയ നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ എന്ന ഡോക്യുമെൻ്ററിയിലാണ് വിഘ്നേഷ് ഇക്കാര്യം പറഞ്ഞത്. സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറുമായുള്ള ബന്ധം എളുപ്പമായിരുന്നില്ലെന്നും പ്രണയം പരസ്യമാക്കിയതിന് ശേഷം ക്രൂരമായ ട്രോളുകൾക്ക് ഇരയായിട്ടുണ്ടെന്നും വിക്കി പറഞ്ഞു.
'ഞങ്ങളുടെ കാര്യം അത്ര എളുപ്പമായിരുന്നില്ല. ഭക്ഷണം കഴിക്കാൻ പോലും ഒന്നിച്ച് പുറത്ത് പോകാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. ഞങ്ങളുടെ ബന്ധം ആദ്യമായി പരസ്യമാക്കിയപ്പോൾ 'ഉളുന്തൂർപേട്ടൈ നായയ്ക്ക് നാഗൂർ ബിരിയാണി' എന്നൊരു മീം പുറത്തിറങ്ങി. ഞങ്ങളുടെ പടവും ചേർത്താണ് അത് പ്രചരിച്ചത്.എന്നെ ഒരു നായയോട് ഉപമിച്ചു.നായ്ക്ക് നാഗൂർ ബിരിയാണി വിളമ്പുകയാണെന്ന് ഇവർ പറഞ്ഞു.
സുന്ദരി പ്രണയിച്ച ഭൂതത്തിന്റെ കഥയുള്ളപ്പോൾ, സിനിമയിൽ ബസ് കണ്ടക്ടർ ആയിരുന്ന ആൾ നായകനായ ചരിത്രമുള്ളപ്പോൾ ഇതൊക്കെ ഒരു വിഷയമാണോ? എനിക്ക് നയനെ പ്രണയിക്കാൻ പാടില്ല?! നയൻ വന്നതിനു ശേഷം എന്റെ ജീവിതം ആകെ മാറി. ഒരുപാട് നല്ല കാര്യങ്ങൾ സംഭവിച്ചു. നയൻ വന്നതിന് ശേഷമാണ് എന്റെ ജീവിതത്തിനു ഒരു അർഥം പോലും വന്നത്'-വിഘ്നേഷ് ശിവൻ പറഞ്ഞു.
2015 ൽ വിഘ്നേഷ് ശിവൻ ആദ്യമായി സംവിധാനം ചെയ്തനാനും റൗഡി ധാൻ എന്ന ചിത്രത്തിന്‍റെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. തുടക്കത്തിൽ തങ്ങളുടെ ബന്ധം രഹസ്യമാക്കി വച്ചു. പിന്നീട് 2022 ജൂണിൽ ഇരുവരും വിവാഹിതരായി. താരദമ്പതികൾക്ക് ഉയിർ, ഉലക് എന്നിങ്ങനെ രണ്ട് മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.