ഇത്തവണ തിയറ്ററുകളിലെ എല്ലാ സീറ്റുകളും റിസർവേഷന് നീക്കിവെച്ചതാണ് പ്രതിഷേധത്തിന് കാരണം
തിരുവനന്തപുരം: നാല് മത്സര ചിത്രങ്ങൾ ഉൾപ്പെടെ 64 സിനിമകൾ രാജ്യാന്തരമേളയുടെ മൂന്നാംദിനത്തിൽ പ്രദർശിപ്പിക്കും. ടുണീഷ്യൻ ചിത്രം ആലം, റഷ്യൻ ചിത്രം കൺസേൺഡ് സിറ്റിസൺ, ബൊളീവിയയിലെ മലയോര പ്രദേശത്ത് താമസിക്കുന്ന ദമ്പതികളുടെ കഥ പറയുന്ന ഉത്തമ, കൺവീനിയൻസ് സ്റ്റോർ മത്സരചിത്രങ്ങളാണ് ഞായറാഴ്ച പ്രദർശിപ്പിക്കുക.
ചരിത്രവും ദേശീയതയുമാണ് ഫിറാസ് ഖൗരി സംവിധാനം ചെയ്ത ആലത്തിന്റെ പ്രമേയം. സ്വവർഗാനുരാഗികളുടെ ആത്മബന്ധത്തിന്റെ കഥ പറയുന്ന കൺസേൺഡ് സിറ്റിസൺ റഷ്യയിലെ കുടിയേറ്റക്കാരുടെ യഥാർഥ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രീകരിച്ചിട്ടുള്ളത്.
ലിയോൺ പ്രുഡോവ്സ്കിയുടെ മൈ നെയ്ബർ അഡോൾഫ്, പ്രക്ഷുബ്ധമായ പിതാവ്-മകൾ ബന്ധത്തിന്റെ കഥ പറയുന്ന വാലെന്റിന മൗറേൽ ചിത്രം ഐ ഹാവ് ഇലക്ട്രിക്ക് ഡ്രീംസ്, ഫലസ്തീൻ ചിത്രം ബിറം തുടങ്ങിയ 29 ലോകസിനിമയുടെ പ്രദർശനവും ഞായറാഴ്ച ഉണ്ടാകും.അറ്റ്ലസ് രാമചന്ദ്രനുള്ള ശ്രദ്ധാഞ്ജലിയായി ഭരതൻ ചിത്രം വൈശാലിയുടെ പ്രദർശനവും ഞായറാഴ്ച നടക്കും. പ്രണയത്തിലെ നിയമക്കുരുക്കുകളുടെ കഥ പറയുന്ന ജാഫർ പനാഹിയുടെ നോ ബിയേഴ്സ് ഞായറാഴ്ച പ്രദർശിപ്പിക്കും.
ചിക്കാഗോ മേളയിൽ പുരസ്കാരം നേടിയ സിനിമ ശ്രീ പദ്മനാഭയിൽ ഉച്ചക്ക് 12.30നാണ് പ്രദർശിപ്പിക്കുക. സിനിമ നിർമാണത്തിനും സ്വതന്ത്ര പ്രതികരണത്തിനും ഇറാനിൽ വിലക്ക് നേരിടുന്ന പനാഹി ഒളികാമറ ഉപയോഗപ്പെടുത്തിയാണ് നോ ബിയേഴ്സ് ചിത്രീകരിച്ചിരിക്കുന്നത്. ലോകസിനിമകളോട് സുവർണ ചകോരത്തിനായി പോരാടുന്ന മലയാളി സംവിധായകൻ മഹേഷ് നാരായണന്റെ അറിയിപ്പിന്റെ ആദ്യ പ്രദർശനം നടന്നു. ഡൽഹിയിലെ ഗ്ലൗസ് നിർമാണ ഫാക്ടറിയിൽ ജോലി ചെയ്യുന്ന മലയാളി ദമ്പതികളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. മികച്ച ജീവിതം ലക്ഷ്യമിട്ട് വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന ഇരുവരുടെയും സ്വപ്നങ്ങൾക്ക് വിലങ്ങുതടിയായി പ്രചരിക്കുന്ന വിഡിയോ ക്ലിപ്പിലൂടെയാണ് കഥ വികസിക്കുന്നത്. കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മറ്റൊരു ചിത്രമായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം തിങ്കളാഴ്ചയാണ് പ്രദർശനത്തിനെത്തും. മമ്മൂട്ടിയാണ് നായകൻ.
അതേസമയം തിയറ്ററുകളിൽ നടപ്പിലാക്കിയ റിസർവേഷൻ സമ്പ്രാദയത്തിനെതിരെ വ്യാപക പ്രതിഷേധം ഡെലിഗേറ്റുകളുടെ ഭാഗത്തുനിന്നുയർന്നു. അറിയിപ്പ് അടക്കമുള്ള ചിത്രങ്ങൾക്ക് സീറ്റ് കിട്ടാത്തതിൽ ടാഗോറിൽ ഡെലിഗേറ്റുകൾ ശക്തമായ പ്രതിഷേധമുയർത്തി. മുൻകാലങ്ങളിൽ നിശ്ചിത സീറ്റുകൾ മാത്രമാണ് റിസർവേഷന് ശേഷം നൽകുന്നത്. ഇത്തവണ തിയറ്ററുകളിലെ എല്ലാ സീറ്റുകളും റിസർവേഷന് നീക്കിവെച്ചതാണ് പ്രതിഷേധത്തിന് കാരണം. റിസർവേഷനിലൂടെ മൂന്ന് ചിത്രം മാത്രമാണ് ഒരുദിവസം തെരഞ്ഞെടുത്ത് കാണാൻ സാധിക്കുന്നത്. അതേസമയം മുൻകാലങ്ങളിലെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാ സീറ്റുകളും റിസർവേഷനാക്കിയതെന്ന് ചലച്ചിത്ര അക്കാദമി അറിയിച്ചു. എട്ട് ദിവസത്തെ മേളയിൽ 21ൽപരം സിനിമകളാണ് ഒരു ഡെലിഗേറ്റ് ശരാശരി കാണുന്നത്. എന്നാൽ, ദിവസവും അഞ്ച് സിനിമകൾക്ക് വരെ ഇവർ റിസർവ് ചെയ്യുന്നു. ഇത് മറ്റ് പലരുടെയും അവസരം നഷ്ടമാക്കുന്നു.
ഈ സാഹചര്യത്തിലാണ് മുൻ കണക്കുകളുടെ അടിസ്ഥാനത്തിൽ റിസർവേഷൻ മൂന്നാക്കിയത്. കൂടാതെ നിശാഗന്ധിയിൽ ദിവസവും രണ്ട് സിനിമകൾ പ്രദർശിപ്പിക്കുന്നുണ്ട്. ഈ ഷോകൾക്ക് റിസർവേഷൻ വേണ്ടെന്നും ചലച്ചിത്ര അക്കാദമി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.