‘മലയാള സിനിമയെ തകര്‍ക്കാന്‍ ഗൂഢ സംഘം പ്രവര്‍ത്തിക്കുന്നു, പ്രൈവറ്റ് ടിക്കറ്റിങ് നിരോധിക്കണം’-കെ.ബി. ഗണേഷ് കുമാര്‍

ലയാള സിനിമയെ തകര്‍ക്കാന്‍ ഒരു ഗൂഢ സംഘം പ്രവര്‍ത്തിക്കുന്നതായി കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ. പ്രൈവറ്റ് ടിക്കറ്റിങ് നിരോധിക്കണമെന്നും അദ്ദേഹം ആവ​ശ്യപ്പെട്ടു. ഗോള്‍ഡന്‍ വിസ സ്വീകരിക്കാനായി ദുബൈയില്‍ എത്തിയ ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

‘മലയാള സിനിമയെ നെഗറ്റീവ് റിവ്യൂസ് നല്‍കി തകര്‍ക്കാന്‍ യുട്യൂബേഴ്സിന് പിന്നില്‍ ഒരു ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു സിനിമ കണ്ടാല്‍ അത് കൊള്ളാമോ കൊള്ളില്ലയോ എന്ന് എനിക്കെന്‍റെ കൂട്ടുകാരോട് പറയാം. എന്നാല്‍ അത് നാട്ടുകാരോട് പറയാന്‍ നില്‍ക്കുന്നത് ശരിയല്ല. ഇത്തരം ഗൂഢസംഘം ഉണ്ടെന്ന് സര്‍ക്കാരിനും നിര്‍മ്മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കുമെല്ലാം അറിയാം. ആ യാഥാര്‍ഥ്യത്തില്‍ നിന്ന് ഒളിച്ചോടേണ്ടതില്ല. ഓണ്‍ലൈന്‍ ടിക്കറ്റിങ് സംവിധാനങ്ങള്‍ മുഴുവന്‍ കൈകാര്യം ചെയ്യുന്നത് ഗവണ്‍മെന്‍റ് ആകണം, എത്രയും പെട്ടെന്ന്. അല്ലെങ്കില്‍ ഈ ടിക്കറ്റ് വില്‍ക്കുന്ന കമ്പനിയാണ് നമ്മുടെ പടത്തിന്‍റെ നിലവാരം തീരുമാനിക്കുന്നത്’-ഗണേഷ് കുമാര്‍ പറഞ്ഞു.

യുട്യൂബിലെ നെഗറ്റീവ് റിവ്യൂസിനെക്കുറിച്ചും ഓണ്‍ലൈന്‍ ടിക്കറ്റിങ് മേഖലയിലെ സ്വകാര്യ കമ്പനികളുടെ റേറ്റിങിനെക്കുറിച്ചുമൊക്കെ പറഞ്ഞ ഗണേഷ് കുമാര്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ താന്‍ ഇക്കാര്യം അവതരിപ്പിക്കുമെന്നും അറിയിച്ചു.

‘എന്‍റെ അറിവ് ശരിയാണെങ്കില്‍ ഒരു കോടി രൂപ കൊടുത്താല്‍ പടത്തിനെ ഉപദ്രവിക്കാതിരിക്കും. വിജയിപ്പിക്കും. ഈ ഒരു കോടി രൂപയ്ക്ക് ആദ്യത്തെ ദിവസങ്ങളില്‍ ആളെ കേറ്റും. എന്നിട്ട് ഒരു പോസിറ്റീവ് പ്രൊപ്പഗണ്ട ഉണ്ടാക്കും. ആന്ധ്ര പ്രദേശില്‍ ഈ പ്രൈവറ്റ് ടിക്കറ്റിങ് സംവിധാനത്തെ നിരോധിച്ചിരിക്കുന്നെന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്. നമ്മളുംകൂടി അത് അടിയന്തിരമായി നിരോധിക്കുകയും ഗവണ്‍മെന്റിന്‍റെ തന്നെ ഒരു ടിക്കറ്റിങ് സംവിധാനം അടിയന്തിരമായി കൊണ്ടുവരികയും വേണം. അല്ലെങ്കില്‍ സിനിമാ വ്യവസായം തകരും’-കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

‘ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് സർക്കാരിനും നിർമാതാക്കൾക്കും അഭിനേതാക്കൾക്കും അറിയാമെന്നും ടിക്കറ്റ് വിൽക്കുന്ന കമ്പനിയാണ് ഇപ്പോൾ ചിത്രത്തിന്റെ നിലവാരം തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - A clandestine group is working to destroy Malayalam cinema, private ticketing should be banned' - K.B. Ganesh Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.