ജെയിംസ് ബോണ്ട് എന്ന് കേൾക്കാത്തവരുണ്ടാകുമോ? 1953ല്‍ ബ്രിട്ടീഷ് സാഹിത്യകാരനായ ഇയാന്‍ ഫ്ലെമിങ് സൃഷ്ടിച്ച ഒരു കുറ്റാന്വേഷണ കഥാപാത്രം. ‘ബോണ്ട് 007’ എന്നു പറയുമ്പോൾ അത് ഹോളിവുഡിലെ ഒരു ജനകീയ നാമമായി മാറും. അതീവ ബുദ്ധിമാൻ, സാഹസികന്‍ എന്നിങ്ങനെയെല്ലാം പ്രേക്ഷകരുടെയും വായനക്കാരുടെയും മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ കഥാപാത്രം.
ബ്രിട്ടീഷ് ചാരസംഘടനക്കുവേണ്ടി ലോകം മുഴുവന്‍ യാത്ര ചെയ്ത് ശത്രുക്കളുടെ പദ്ധതികള്‍ തകര്‍ക്കുന്ന ബോണ്ട്, ലോക സിനിമയിലും സാഹിത്യത്തിലും നായക സങ്കൽപങ്ങൾക്ക് പുത്തൻ പരിവേഷം നൽകി. ആദ്യ നോവൽ പുറത്തുവന്ന് പത്ത് വർഷമായപ്പോഴേക്കും ബോണ്ട് സിനിമകളും വന്നുതുടങ്ങിയിരുന്നു. 1962 ല്‍ പുറത്തിറങ്ങിയ ‘ഡോക്ടര്‍ നോ’ ആയിരുന്നു ആദ്യ ചിത്രം. അന്നുതൊട്ട്, 2021ൽ പുറത്തിറങ്ങിയ ‘നോ ടൈം ടു ഡൈ’ വരെയുള്ള ചിത്രങ്ങൾ ഹോളിവുഡിലെ വേറിട്ട ചരിത്രം തന്നെയാണ്.
ഓരോ കാലത്തും ഓരോരുത്തരായിരുന്നു ജെയിംസ് ബോണ്ടായി വേഷമിട്ടിരുന്നത്. ഷോണ്‍ കോണ്‍റി, ജോര്‍ജ് ലാസെന്‍ബി, റോജര്‍ മൂര്‍, തിമോത്തി ഡാല്‍ട്ടണ്‍, പിയേഴ്സ് ബ്രോസ്നന്‍, ഡാനിയേല്‍ ക്രേഗ് എന്നിവര്‍ ആ വേഷങ്ങളിൽ ശരിക്കും തകർത്താടി. 21ാം നൂറ്റാണ്ടിന്റെ ജെയിംസ് ബോണ്ട് ഡാനിയേല്‍ ക്രേഗ് ആണ്. 2006 മുതല്‍ 2021 വരെ അഞ്ച് സിനിമകളിൽ അദ്ദേഹം ബോണ്ടായി അഭ്രപാളിയിൽ നിറഞ്ഞു.
‘നോ ടൈം ടു ഡൈ’ പുറത്തിറങ്ങിയശേഷം ഇനി ബോണ്ടാവാനില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അന്നുതൊട്ട്, അണിയറ പ്രവർത്തകർ പുതിയ ബോണ്ടിനായുള്ള അന്വേഷണത്തിലായിരുന്നു. ഒടുവിൽ അവർ ക്രേഗിന്റെ പിൻഗാമിയെ കണ്ടെത്തിയിരിക്കുന്നു -ബ്രിട്ടീഷ് താരം ആരോണ്‍ ടൈലര്‍ ജോൺസൺ.
‘ദ അപ്പോകാലിപ്പ്‌സ്’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ടൈലർ, വിഖ്യാത സംഗീതജ്ഞന്‍ ജോണ്‍ ലെനന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘നോവേര്‍ ബോയി’ലൂടെയാണ് ശ്രദ്ധേയനായത്. ടൈലറുമായുള്ള കരാർ അടുത്തയാഴ്ച ഒപ്പിടുമെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ഇത്തവണത്തെ ഓസ്കർ ജേതാവ് കിലിയൻ മർഫിയെയും പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.