തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിൽ കൂടുതൽ പ്രതികരണവുമായി നടന്‍ അലന്‍സിയര്‍. പെണ്‍പ്രതിമ തന്ന് ഞങ്ങളെ പ്രലോഭിപ്പിക്കരുതെന്ന പരാമർശത്തിൽ ഉറച്ചു നിൽക്കുന്നതായി അലന്‍സിയര്‍ വ്യക്തമാക്കി.
സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ല. ഈ വിഷയത്തിൽ ഖേദമില്ല. താനൊരു സ്ത്രീ വിരോധിയല്ല. ആരെയും ആക്ഷേപിച്ചിട്ടില്ല. തന്‍റെ അമ്മയെയും ഭാര്യയെയും സ്നേഹിക്കുന്നുണ്ട്. ഒരു പക്ഷം പിടിക്കരുത്. പുരുഷനും ഒരു പക്ഷമുണ്ട്. ആണില്ലെങ്കിൽ പെണ്ണില്ല. അതുപോലെ പെണ്ണില്ലെങ്കിൽ ആണുമില്ല. ശിവ പാർവതി സങ്കൽപം ദൈവികവും ശ്രേഷ്ടവുമാണ്. അത് മറക്കുന്നു. ഏകപക്ഷീയമെന്ന് പറഞ്ഞ് അമ്മയും അച്ഛനും എന്ന പേരിൽ സംഘടന ഉണ്ടാക്കിയിട്ട് കാര്യമില്ല.
എന്തിനാണ് എല്ലാ വർഷവും ഒരാളുടെ സൃഷ്ടി തന്നെ കൊടുക്കുന്നതെന്നും അതിൽ സ്ത്രീ വിരുദ്ധത കാണാൻ സാധിക്കാത്തത് എന്തു കൊണ്ടാണെന്നും അലന്‍സിയര്‍ ചോദിച്ചു. നമ്പൂതിരി തയാറാക്കിയ ശിൽപത്തിൽ എന്തു കൊണ്ട് സ്ത്രീ വിരുദ്ധത കാണുന്നില്ല. പുരുഷന്‍റെ ശിൽപം എന്തു കൊണ്ട് സൃഷ്ടിക്കുന്നില്ല.
ആണ്‍കരുത്തുള്ള പ്രതിമ എന്ന് വാങ്ങുന്നോ അന്ന് താന്‍ അഭിനയം നിര്‍ത്തുമെന്ന പരാമർശത്തിൽ മാറ്റമില്ല. 25,000 രൂപ തന്ന് അപമാനിക്കരുത് എന്നത് ഒരു പ്രസ്താവന മാത്രമാണ്. ഈ പണം ട്രഷറിയിൽ നിന്ന് ലഭിക്കുമോ എന്ന് നോക്കാമെന്നും അലന്‍സിയര്‍ വ്യക്തമാക്കി.
സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിലാണ് നടന്‍ അലന്‍സിയര്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിൽ പെൺരൂപത്തിലുള്ള പ്രതിമ നൽകി അപമാനിക്കരുതെന്നാണ് അലന്‍സിയര്‍ പറഞ്ഞത്. അപ്പന്‍ എന്ന സിനിമയിലെ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു അലന്‍സിയറുടെ വിവാദ പരാമര്‍ശം. സ്പെഷൽ ജൂറി പരാമർശത്തിന് സ്വർണം പൂശിയ പുരസ്കാരം നൽകണമെന്നും 25,000 രൂപ തന്ന് അപമാനിക്കരുതെന്നും അലന്‍സിയര്‍ സാംസ്കാരിക മന്ത്രി സജി ചെറിയാനോടായി ആവശ്യപ്പെട്ടു.
‘അവാര്‍ഡ് വാങ്ങി വീട്ടില്‍ പോകാനിരുന്നയാളാണ് ഞാന്‍, നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്, മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കില്‍ പറയാമായിരുന്നു. സാംസ്കാരിക മന്ത്രിയുള്ളതു കൊണ്ട് പറയാം. സ്പെഷല്‍ ജൂറി അവാര്‍ഡാണ് ഞങ്ങള്‍ക്ക് തന്നത്. നല്ല നടന്‍ എല്ലാവര്‍ക്കും കിട്ടും. സ്പെഷല്‍ കിട്ടുന്നവര്‍ക്ക് സ്വര്‍ണത്തിലെങ്കിലും ഇതു പൊതിഞ്ഞ് തരണം. എനിക്കും കുഞ്ചാക്കോ ബോബനും 25,000 രൂപ തന്ന് അപമാനിക്കരുത്. ഞങ്ങള്‍ക്ക് പൈസ കൂട്ടണം.
ഈ പെണ്‍പ്രതിമ തന്ന് ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ഇനിയെങ്കിലും ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഭരിക്കുന്നിടത്ത് ആൺകരുത്തുള്ള ശിൽപം വേണം. ആണ്‍കരുത്തുള്ള പ്രതിമ എന്ന് വാങ്ങുന്നോ അന്ന് ഞാന്‍ അഭിനയം നിര്‍ത്തും’ എന്നായിരുന്നു അലന്‍സിയറുടെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.