ചെന്നൈ: പ്രശസ്ത മലയാള നടി ചിത്ര അന്തരിച്ചു. 56 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിൽ പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് നാലിന് ചെന്നൈ സാലിഗ്രാമിൽ നടക്കും.
മലയാളം കൂടാതെ തെലുങ്ക്, കന്നഡ തുടങ്ങി തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലും അടക്കം നൂറിലധികം സിനിമകളുടെ ഭാഗമായി. മലയാളത്തിൽ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, തമിഴിൽ ശിവാജി ഗണേശന്‍, കമൽഹാസന്‍, ശരത് കുമാര്‍, പ്രഭു എന്നിവരുടെ കൂടെ മികച്ച കഥാപത്രങ്ങൾ അഭിനയിച്ചിട്ടുണ്ട്.
രാജഗോപാലിന്‍റെയും ദേവിയുടെയും മകളായി 1965 ഫെബ്രുവരി 25ന് കൊച്ചിയിലാണ് ചിത്രയുടെ ജനനം. ആദ്യ മലയാള സിനിമ 'കല്യാണപന്തൽ'. 1983ൽ മോഹൻലാലിന്‍റെ നായികയായി ആട്ടക്കലാശത്തിലൂടെ മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടു. അമരം, ഒരു വടക്കൻ വീരഗാഥ, പഞ്ചാഗ്നി, മിസ്റ്റര്‍ ബ്ട്ടലര്‍, അടിവാരം, പാഥേയം, സാദരം, കളിക്കളം, അദ്വൈതം, ദേവാസുരം, ഏകലവ്യൻ, ആറാം തമ്പുരാൻ, ഉസ്താദ് തുടങ്ങിയ സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്തു. 2001ല്‍ പുറത്തിറങ്ങിയ 'സൂത്രധാരനാ'ണ് അവസനം അഭിനയിച്ച മലയാള സിനിമ.
1990കളില്‍ മലയാള സിനിമയില്‍ സജീവമായിരുന്ന ചിത്ര, വിവാഹത്തെ തുടര്‍ന്ന് ദീര്‍ഘകാലം അഭിനയരംഗത്ത് നിന്ന് വിട്ടുനിന്നു. 18 വര്‍ഷത്തെ ഇടവേളക്ക് ശേഷം 2020ല്‍ തമിഴ് സിനിമ 'ബെല്‍ ബോട്ട'ത്തിലൂടെ വെള്ളിത്തിരയിൽ മടങ്ങിയെത്തി. തമിഴ് സീരിയല്‍ രംഗത്തും സജീവമായിരുന്നു. ബിസിനസുകാരനായ വിജയരാഘവന്‍ ആണ് ഭര്‍ത്താവ്. മകൾ: മഹാലക്ഷ്മി.
നടി ചിത്രയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുശോചിച്ചു. ഒരു വടക്കൻ വീരഗാഥ, ആറാം തമ്പുരാൻ, അദ്വൈതം തുടങ്ങി 130ഓളം ചിത്രങ്ങളിൽ മലയാളികളുടെ പ്രിയങ്കരിയായ നടി ചിത്ര ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ചിത്രയുടെ കുടുംബാംഗങ്ങളുടെയും സിനിമാ ആസ്വാദകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി പ്രതിപക്ഷ നേതാവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.