photo: facebook.com/ActorMohanlal

മോഹൻലാലിന് ശശിയേട്ടൻ നിശ്ചയിച്ചത് പതിനായിരം രൂപ; ഓർമ്മകളുമായി സീമ

മോഹൻ ലാൽ സംവിധായകൻ ഐ.വി ശശിയെ പരിചയപ്പെടാൻ എത്തിയത് ഓർത്തെടുക്കുകയാണ് നടി സീമ 'മാധ്യമം' വാർഷികപ്പതിപ്പിൽ. 'ചാൻസുകൾതേടി പുതിയ നടന്മാർ പലരും ശശിയേട്ടൻെറ അടുത്ത് വരാറുണ്ടായിരുന്നു, അക്കൂട്ടത്തിൽ ഒരു മോഹൻലാലും... അങ്ങനെ കരുതാനേ തോന്നിയുള്ളൂ' -സീമ പറയുന്നു. വിശപ്പകറ്റാനുള്ള വഴികൾ തേടി ഒമ്പതാം വയസ്സിൽ അലയേണ്ടിവന്ന ശാന്ത കുമാരിയിൽ (സീമയുടെ ശരിയായ പേര്) തുടങ്ങി ഡാൻസറായതും നായികയായതും ഐ.വി ശശിയുടെ ഭാര്യയായതും അടക്കം തീക്ഷ്ണമായ ഏടുകളടങ്ങിയ ജീവിതം വിവരിക്കുന്ന ആത്മഭാഷണത്തിലാണ് മോഹൻലാലിനെക്കുറിച്ചും പറയുന്നത്. മോഹൻ ലാലിന് അക്കാലത്ത് ലഭിച്ചിരുന്ന പ്രതിഫലം അടക്കം കൗതുകമുണർത്തുന്ന ഓർമ്മകളാണ് സീമ പങ്കുവെക്കുന്നത്.

സീമ

അവസരം തരണമെന്ന് ഒരിക്കലും ലാൽ പറഞ്ഞില്ല

ഉച്ചയോടെ ലാൽ വീട്ടിലെത്തി. സ്വയം പരിചയപ്പെടുത്തി. ടി. ദാമോദരൻ മാസ്റ്ററും ശശിയേട്ടനൊപ്പം ഉണ്ടായിരുന്നു. പ്രതീക്ഷിച്ചപോലെ ചാൻസ് അന്വേഷിച്ചായിരുന്നില്ല മോഹൻലാലിൻെറ വരവ്. ശശിയേട്ടനെ പരിചയപ്പെടാൻ വേണ്ടി മാത്രം. അവസരം തരണമെന്ന് ഒരിക്കലും ലാൽ പറഞ്ഞില്ല. ലാൽ പോകാൻ നേരം, ശശിയേട്ടൻ പറഞ്ഞു ''അഹിംസയിൽ ഒരു വില്ലൻ കഥാപാത്രമുണ്ട്. അത് ചെയ്യാമോ‍?''. ''ചെയ്യാം സർ'' പെട്ടെന്നാണ് ലാലിൻെറ മറുപടി. ''എത്രയാണ് നിങ്ങളുടെ റേറ്റ്?'' ശശിയേട്ടൻ ചോദിച്ചു. ''കൃത്യമായി ഒരു പ്രതിഫലമൊന്നും ലഭിച്ചിട്ടില്ല സർ.'' അയ്യായിരത്തിന് മുകളിൽ അക്കാലത്ത് മോഹൻലാലിന് പ്രതിഫലം ലഭിച്ചിരുന്നില്ല. ''പതിനായിരം രൂപ തരും. ഇനി അതാണ് നിങ്ങളുടെ റേറ്റ്.'' ശശിയേട്ടനും ദാമോദരൻ മാഷും കൂടി ലാലിന് നശ്ചയിച്ച പ്രതിഫലമായിരുന്നു അത് -സീമ പറ‍യുന്നു.

കോഴിക്കോട് 'അഹിംസ'യുടെ ലൊക്കേഷനിൽ ലാലിനെ വെച്ചെടുത്ത ആദ്യ ഷോട്ടും പ്രതിഭാധനനായ ആക്ടറാണ് മോഹൻലാലെന്ന് ഐ.വി ശശി ഉറപ്പിച്ച് പറഞ്ഞതുമെല്ലാം ലേഖനത്തിൽ സീമ വിവരിക്കുന്നു.


സഹോദര ബന്ധം

ഐ.വി ശശിയും മോഹൻലാലും തമ്മിൽ സഹോദര ബന്ധത്തിലേക്ക് എത്തിച്ചേർന്നത് സീമ പറയുന്നത് ഇങ്ങനെ: 'ഇനിയെങ്കിലും' എത്തിയതോടെ ''ശശിസാർ'' വിളി ''ശശിയേട്ടാ'' എന്നായി. ഒരു അനിയൻെറ സ്നേഹസ്പർശം ആ വിളിയിൽ ശശിയേട്ടൻ അറിഞ്ഞു. ഓരോ വർഷവും ശശി‍യേട്ടനെടുക്കുന്ന സിനിമകളിൽ ഒരു പ്രധാന വേഷം ലാലിനായി കരുതി വെച്ചു. '81 മുതൽ 2000 വരെ 22 സിനിമകൾ ലാലിനൊപ്പം ശശിയേട്ടൻ ചെയ്തു. അത് വലിയൊരു ഭാഗ്യമാണെന്ന് ശശിയേട്ടൻ എപ്പോഴും പറയാറുണ്ടായിരുന്നു. ഭാഗ്യം എന്നത് പ്രത്യേകം എടുത്തുപറയാൻ കാരണം, ഇത്രയും മഹാനായ നടൻെറ വൈവിധ്യമാർന്ന വേഷപ്പകർച്ചകൾക്ക് സംവിധായകനായി മുന്നിൽനിൽക്കാൻ ശശിയേട്ടന് കഴിഞ്ഞതു കൊണ്ടുതന്നെയാണ്...'



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.